Pages

കഥക്കാലം

Saturday, October 16, 2010

എക്കോയും നാര്‍സ്സിസ്സസും

സുന്ദരിയായ ഒരു ദേവതയായിരുന്നു, എക്കോ അവള്‍ തന്റെ സ്വന്തം ശബ്ദം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അത്‌ കൊണ്ട്‌ അവള്‍ ഒരിക്കലും സംസാരം നിര്‍ത്തിയിരുന്നില്ല.ഒരിക്കല്‍ ജൂണോ ദേവത എക്കോയെ ഉപദേശിച്ചു. "നീ ഈ വായടിത്തം നിര്‍ത്തണം. ഇത്‌ നല്ലതല്ല" എക്കോ അനുസരിച്ചില്ല.. ജൂണൊയെ പരിഹസിക്കുകയും ചെയ്തു." ജൂണൊയ്ക്കു കലശലായ കോപം വന്നു.

"നിന്റെ ശബ്ദം നിനക്ക്‌ നഷ്ടപ്പെടും.ജൂണൊ എക്കോയെ ശപിച്ചു.-"മറ്റുള്ളവരുടെ അവസാനത്തെ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ വേണ്ടിയല്ലാതെ ഇനി മേല്‍ നിന്റെ ശബ്ദം പുറത്ത്‌ വരില്ല.കുന്നുകള്‍ക്കിടയില്‍ എവിടെയെങ്കിലും പോയി ഒളിച്ച്‌ കൊള്ളൂ..ആരെങ്കിലും ആവശ്യപ്പെട്ടാല്‍ മാത്രം പുറത്ത്‌ വന്നാല്‍ മതി."

എക്കോ ദുഖിതയായി അടുത്തുള്ള കുന്നിലേക്ക്‌ ഓടിപ്പോയി.

സംസാരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവള്‍ക്ക്‌ മനസ്സിലായി. മറ്റുള്ളവരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രമേ അവള്‍ക്ക്‌ വായ്‌ തുറക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതും അവരുടെ അവസാനത്തെ വാക്ക്‌ ആവര്‍ത്തിക്കാന്‍ വേണ്ടി മാത്രം.

ഒരു ദിവസം ആ കുന്നിന്‍ ചെരിവുകളില്‍ നാര്‍സിസസ്‌ എന്ന ഒരു യുവാവ്‌ എത്തി.വടിവൊത്ത്‌ നീണ്ട്‌ മനോഹരമായ ശരീരം; ഒരു ദേവതയുടേത്‌ പോലുള്ള മുഖകാന്തി! അവന്റെ കറുത്ത ചുരുള്‍ അളകങ്ങള്‍ വീതിയുള്ള നെറ്റിമേല്‍ വീണു കിടന്നു. അവന്റെ കണ്ണുകള്‍ നക്ഷത്രങ്ങളേപ്പോല്‍ തെളിഞ്ഞ്‌ മിന്നി.

എക്കോ ഒരു മരത്തിന്റെ മറവില്‍ നിന്ന് നാര്‍സിസസിനെ കണ്ടു.

എത്ര സുന്ദരനായ യുവാവ്‌! അവള്‍ അദ്ഭുതപ്പെട്ടു. നാര്‍സിസസിന്റെ രൂപം എക്കോയുടെ ഹൃദയത്തില്‍ പതിഞ്ഞു.അവള്‍ക്ക്‌ അവനൊട്‌ അഗാധമായ സ്നേഹം തോന്നി. അവനു തന്നോട്‌ പ്രേമം തോന്നിയെങ്കില്‍..അവള്‍ കൊതിച്ചു...

പക്ഷേ തനിക്ക്‌ ഒളിവില്‍ നിന്ന് പുറത്ത്‌ വരാന്‍ കഴിവില്ല.ജൂണോ നിരോധിച്ചിരിക്കുകയാണ്‌.പിന്നെയെങ്ങനെ നാര്‍സിസ്സസ്‌ തന്നെ കണ്ടെത്തും-എക്കോ ദുഖിതയായി.

അവള്‍ ആ യുവാവിനെ പിന്തുടര്‍ന്നു! തന്റെ പിറകില്‍ ഒരു മര്‍മ്മര ശബ്ദം.! അവന്‍ തിരിഞ്ഞ്‌ നോക്കി ആരെയും കണ്ടില്ല. വീണ്ടും നടന്നു.പിന്നെയും ശബ്ദം കേട്ടു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് തീര്‍ച്ചയായപ്പോള്‍ നര്‍സിസ്സസ്‌ അവിടെ നിന്നു.

"ആരാണവിടെ?" അവന്‍ ചോദിച്ചു.
"അവിടെ"-എക്കൊ അവന്റെ അവസാന വാക്ക്‌ ആവര്‍ത്തിച്ചു..
"നീ ആരാണ്‌?"
"ആരാണ്‌"..എക്കോ മറുചോദ്യം കൊണ്ട്‌ ഉത്തരം പറഞ്ഞു.
"എന്നെ കളിയക്കുകയാണോ?,-നാര്‍സിസ്സസ്‌ ദേഷ്യത്തോടെ വിളിച്ച്‌ ചോദിച്ചു.
"ആണോ" പാവം എക്കോ ആവര്‍ത്തിച്ചു.
"നീ ഒളിച്ചിരിക്കാതെ പുറത്ത്‌ വരൂ" നാര്‍സിസ്സസ്‌ ആജ്ഞാപിച്ചു.
എക്കോ സന്തോഷത്തോടെ തന്റെ മുഴുവന്‍ സൗന്ദര്യത്തോടും കൂടി പ്രത്യക്ഷപ്പെട്ടു.

നാര്‍സ്സിസ്സസ്‌ ക്രുദ്ധനായി.എക്കോ തന്നെ കളിയാക്കുകയായിരുന്നുവെന്നാണ്‌ അയാള്‍ കരുതിയത്‌.അവളുടെ സൗന്ദര്യം അയാള്‍ ശ്രദ്ധിച്ചതേയില്ല. ഒരു പ്രേമഭിക്ഷുകിയായി എക്കോ നാര്‍സ്സിസ്സസിന്റെ സവിധത്തിലേക്ക്‌ ഓടിയണഞ്ഞു. പക്ഷേ, അയാള്‍ അവളെ തള്ളി മാറ്റുകയാണുണ്ടായത്‌.

നീ എന്നെ കളിയാക്കുന്നത്‌ ഞാന്‍ കേട്ടു.അയാള്‍ ദേഷ്യത്തോടെ പറഞ്ഞു-"നീ സ്നേഹിക്കുന്നു എന്ന് നടിക്കുന്നതും എന്നെ പരിഹസിക്കാന്‍ വേണ്ടിയാണ്‌. നിന്റെ കൂട്ടൂകാര്‍ മരങ്ങളുടെ മറവില്‍ നിന്ന് ഇപ്പോള്‍ ചിരിക്കുന്നുണ്ടാവും"

എക്കോ ഒന്നും ശബ്ദിക്കാതെ കാതരമിഴികളോടെ നിന്നു.

"എന്റെ അടുത്ത്‌ നിന്ന്‌ പോകൂ" നാര്‍സിസസ്‌ ശബ്ദമുയര്‍ത്തി പറഞ്ഞു.
എക്കോ ദുഖത്തോടെ അനുസരിച്ചു. "പോകൂ" മരങ്ങള്‍ക്കിടയിലൂടെ നീങ്ങിമറയുമ്പോള്‍ അവള്‍ മന്ത്രിച്ചു. ആ അഹങ്കാരിയായ യുവാവ്‌ നിഷ്ഫലമായി പ്രേമിച്ച്‌ പ്രേമത്തിന്റെ വില മനസ്സിലാക്കട്ടെയെന്ന് ഹൃദയം നൊന്ത്‌ ശപിച്ചു.

നാര്‍സിസസ്സ്‌ മലമുകളിലേക്ക്‌ നടന്നു.കുറച്ച്‌ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ വല്ലാത്ത ദാഹം തോന്നി. അധികം തമസിയാതെ അയാള്‍ ഒരു കുളക്കരയില്‍ എത്തി. നല്ല തെളിഞ്ഞ ശുദ്ധജലം! അയാളുടെ ദാഹം ഇരട്ടിച്ചു.

വെള്ളം കുടിക്കാനായി അവന്‍ കുളക്കരയില്‍ കമഴ്‌ന്നു കിടന്നു. പെട്ടെന്ന് വെള്ളത്തില്‍ തന്റെ മുഖത്തിന്റെ പ്രതിഛായ അവന്‍ കണ്ടു.ഒരു ദേവത വെള്ളത്തില്‍ നിന്ന് തന്നെ നോക്കുകയാണെന്ന് അവന്‍ വിചാരിച്ചു. എത്ര സുന്ദരമായ രൂപം! വെള്ളത്തില്‍ കണ്ട ദേവതയെ നാര്‍സ്സിസ്സസ്‌ ആരാധിച്ച്‌ തുടങ്ങി. സ്വന്തം പ്രതിഛായയില്‍ ആണ്‌ താന്‍ പ്രേമം അര്‍പ്പിച്ചിരിക്കുന്നതെന്ന് നാര്‍സ്സിസ്സ്‌ അറിഞ്ഞേ ഇല്ല.

"സുന്ദരിയായ ദേവതേ..ഈ കുളത്തില്‍ നിന്ന് പുറത്ത്‌ വരില്ലേ?"-അവന്‍ യാചിച്ചു.

അവന്‍ എത്ര താണപേക്ഷിച്ചിട്ടും ആ ദേവത വെള്ളത്തില്‍ നിന്ന് പുറത്ത്‌ വന്നേ ഇല്ല..

നാര്‍സിസ്സസ്‌ വെള്ളത്തിലുള്ള ആരോടൊ സംസാരിക്കുന്നത്‌ കണ്ട്‌ എക്കോ അവന്റെ പുറകില്‍ വന്ന് എത്തി നോക്കി.സ്വന്തം രൂപത്തെ തന്നെയാണ്‌ അവന്‍ പ്രേമിക്കുന്നതെന്ന് അവള്‍ മനസ്സിലാക്കി.അത്‌ അവനോട്‌ പറയാന്‍ അവള്‍ വെമ്പല്‍ കൊണ്ടു.പക്ഷേ അവന്റെ അവസാന വാക്കുകള്‍ മാത്രം പറയാന്‍ വിധിക്കപ്പെട്ട അവള്‍ക്ക്‌ അത്‌ സാധിച്ചില്ല.

നാര്‍സിസ്സസ്സിന്റെ പ്രേമം പാഴായിപ്പോവുകയാണ്‌.അവന്റെ പ്രതിഛായക്ക്‌ ഒരിക്കലും സ്നേഹം മടക്കിക്കൊടുക്കാന്‍ ആവില്ല.

നാര്‍സിസ്സസ്‌ ആ കുളക്കര വിട്ട്‌ പോയതെ ഇല്ല.ആ ജലദേവതയോട്‌ പുറത്തേക്ക്‌ വരാന്‍ അവന്‍ ആവശ്യപ്പെട്ടത്‌ വെറുതെയായി.അവളെനോക്കി ചിരിച്ചതും അവളുടെ നേരെ കൈ നീട്ടിയതും വെറുതെയായി.രാവും പകലും അവന്‍ ആ കുളക്കരയില്‍ കിടന്നു.

ദിവസങ്ങള്‍ കൊഴിഞ്ഞ്‌ വീണു.നാര്‍സ്സിസസ്‌ ഭക്ഷണം പോലും ഉപേക്ഷിച്ചു.തനിക്ക്‌ ജലദേവതയോടുള്ള സ്നേഹം ഒഴിച്ച്‌ മറ്റ്‌ എല്ലാം അവന്‍ മറന്നിരുന്നു. ദു:ഖാര്‍ത്തനായ ആ കാമുകന്റെ കണ്ണു നീര്‍ ജലത്തിലേക്ക്‌ വീണു.

അവന്‍ വളരെ ക്ഷീണിതനായി.വെള്ളത്തിലുള്ള ദേവതയും.നാര്‍സ്സിസ്സസിനു സങ്കടം വര്‍ദ്ധിച്ചു. എക്കോ വിഷമിച്ചു.അവന്‍ ഏറെ താമസിയാതെ മരിച്ച്‌ പോകുമെന്ന് അവള്‍ക്ക്‌ തോന്നി.പക്ഷേ അവനെ താക്കീത്‌ ചെയ്യാന്‍ പോലും അവള്‍ക്ക്‌ നിവര്‍തിയില്ലായിരുന്നു.

ഒരു ദിവസം പ്രഭാതത്തില്‍ സൂര്യന്‍ കിഴക്കുദിച്ചപ്പോള്‍ സുന്ദരനായ ആ യുവാവ്‌ കുളക്കരയില്‍ മരിച്ച്‌ കിടന്നിരുന്നു.അവന്റെ സുന്ദരമായ മൃതദേഹം കണ്ട ദേവതമാര്‍ പോലും ആ നിഷ്ഫലമായ പ്രേമത്തെയോര്‍ത്ത്‌ കരഞ്ഞു.അവനോടുള്ള സഹതാപം കൊണ്ട്‌ അവര്‍ അവനെ വെളുത്ത മനോഹരമായ പുഷ്പം ആക്കി മാറ്റി.അവയാണ്‌ ഇന്നും കുളക്കരകളീല്‍ വിടരുന്ന കൊച്ച്‌ നാര്‍സ്സിസസ്‌ പുഷ്പങ്ങള്‍.!

പണ്ട്‌ തന്റെ സ്വന്തം മുഖം കാണാന്‍ നാര്‍സ്സിസ്സസ്‌ വെള്ളത്തിലേക്ക്‌ ഉറ്റ്‌ നോക്കിയിരുന്നത്‌ പോലെ ഇന്ന് ആ പൂക്കളും വളഞ്ഞ്‌ വെള്ളത്തിലേക്ക്‌ തന്നെ ഉറ്റു നോക്കുന്നു.

പാവം എക്കോ! അവള്‍ ദു:ഖം സഹിച്ച്‌ സഹിച്ച്‌ പരവശയായി. എല്ലാ സൗന്ദര്യവും നശിച്ച്‌ അവള്‍ വെറും ശബ്ദം മാത്രം ആയിത്തീര്‍ന്നു. ഇന്നും കുന്നുകള്‍ക്കിടയില്‍ നിന്ന് അവള്‍ നമ്മുടെ അവസാന വാക്കുകള്‍ ആവര്‍ത്തിക്കുന്നു.പക്ഷേ ഇനിയൊരിക്കലും ആരും അവളെ കണ്ടെത്തുകയില്ല.

13 comments:

sulekha said...

അങ്ങനെയാണല്ലേ എക്കോ ഉണ്ടായത്.നാര്സിസ് complex എന്നൊരു അവസ്ഥയുണ്ട് .സ്വന്തം രൂപത്തോട് തോന്നുന്ന പ്രണയം .കഥയില്‍ നിന്നാണ് ഈ പേര് വന്നതെന്നു കരുതുന്നു .നല്ല കഥ കുറിഞ്ഞി .എക്കോ ഇങ്ങനെ ഒരു ലൈന്‍ വലിച്ച കാര്യം അറിഞ്ഞിരുന്നില്ല.ചില കുഞ്ഞു അക്ഷര പിശക്‌ കാണുന്നു .അവനോടു എന്ന വാക്ക് നോക്കൂ .

വി.എ || V.A said...

‘ പ്രതിദ്ധ്വനി’യായ ‘എക്കോ’യേയും, വെള്ളത്തിലേയ്ക്ക് നോക്കി വിടരുന്ന ‘നാർസ്സിസ്സസ്’ പൂക്കളേയും പറ്റി കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ ഉത്തമമായ ഉപമക്കഥയാണിത്. അവതരിപ്പിച്ചതിന് ആശംസകൾ..........

$.....jAfAr.....$ said...

നല്ല കഥ ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു,
ആശംസകള്‍...

Unknown said...

valare manoharmayirikkunu
nannayi avatharipichirikkunu

Unknown said...

m appreciating the patience to type those lines...nice effort keep it up...

ശ്രീ said...

നല്ല കഥ

Unknown said...

nan veendum kuttiayathu polae.kadha vayikkumbol akkandae sabdam cheviyil muzhangunnu chenguppayakariyum,babayaga enna rakshaziyudaum,cinderllaum,snowwhite um okkae citram manassil odivarunnu endae swatham balyam tirichu kittiyathu polae.vaykumbol i miss u lot my dear neelakurungi

sulekha said...

പെരുന്നാള്‍ ആശംസകള്‍

UMER CP said...

പ്രിയാ ഞാന്‍ താങ്കളുടെ നാര്‍സിസം ഫേസ് ബുക്കുമായി ഷെയര്‍ ചെയ്തിരിക്കുന്നു . ഫേസ് ബുക്ക് സുഹ്ര്‍ത്തുക്കളിലേക്ക് എത്തുന്നതില്‍ വിരോധമുണ്ടാകാന്‍ ഇടയില്ലല്ലോ .മുന്‍‌കൂര്‍ അനുവാദം മറന്നതിന് ക്ഷമാ പണത്തോടെ ഗുരു

Ismail Chemmad said...
This comment has been removed by the author.
സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഈ ഗ്രീക്ക് കഥ നാര്‍സിസ്റ്റ് എന്ന് സ്വയം പ്രേമിക്കുന്ന പദത്തിന്റെ ഉല്‍ഭവത്തിനു ഇടയാക്കി .ഇത് ഒരു വളരെ പ്രസിദ്ധമായ കഥയാണെന്ന് ഒരു കുറിപ്പ് കൂടി നല്‍കാമായിരുന്നു .ആശംസകള്‍

kaattu kurinji said...

നന്ദി സിയാഫ്, ആ കുറിപ്പ് കൊടുക്കേണ്ടതായിരുന്നു ..വിട്ടു പോയി.. മറ്റു കഥകളില്‍ അങ്ങനെയുള്ള കുറിപ്പുകള്‍ കൊടുത്തിട്ടുണ്ട്..

Jefu Jailaf said...

നന്നായി പറഞ്ഞു...