Pages

കഥക്കാലം

Monday, January 6, 2014

പുലിയും പെണ്‍കുട്ടിയും

.                         




പ്രഭാതം കിഴക്ക് മൈലാഞ്ചി പൂശി. തേന്മാവിൽ ഇരുന്ന് കാക്ക കരഞ്ഞു. അമ്മാളു അപ്പോഴും ഉണർന്നിരുന്നില്ല..കാക്ക അവളെ വിളിച്ചു.
"അമ്മാളൂ , നീയെന്തേ ഉണരാത്തത് ? കണ്ണുകൾ തുറക്കൂ. താമരപ്പൂക്കൾ അല്ലി വിടർത്തി; നിന്റെ കണ്താമരയല്ലികൾ  ഇനിയും വിടരാത്തതെന്താണ് ?" കാക്ക തുടർന്നു : "നിന്റെ ഏഴ് ആങ്ങളമാരും അവരുടെ ഭാര്യാ വീടുകളിൽ നിന്ന് വരാറായി.അവർ വരും മുൻപേ മുറ്റം അടിച്ചു തളിക്കണ്ടേ? പ്രാതൽ ഒരുക്കണ്ടേ ?"
അമ്മാളു ഉണർന്ന് കണ്ണ് തിരുമ്മി. അവൾ ചോറിൻ കലവുമെടുത്ത് മാവിൻ ചുവടിലേക്ക് പോയി. അത്താഴത്തിന്റെ കുറെ വറ്റുകൾ അതിൽ ബാക്കിയുണ്ടാവും .അത്  കാക്കയ്ക്ക് കൊടുക്കുകയാണ് പതിവ്. കലത്തിലെ വറ്റുകൾ വാരിയെടുത്ത് അവൾ കാക്കയെ വിളിച്ചു.കാക്ക വേഗം പറന്നെത്തി. അവൾ നോക്കിയപ്പോൾ കാക്കയുടെ ചുണ്ടിൽ അവൾക്കൊരു സമ്മാനം!മനോഹരമായൊരു ചെമ്പകപ്പൂവ്.ചെമ്പകപ്പൂവ് അവൾക്ക് ജീവനാണ്.
കാക്ക ചുണ്ടിൽ  നിന്ന് പൂവ് ഇട്ടുകൊടുത്തു.അമ്മാളു പൂവെടുത്ത് ചുംബിച്ചു.തന്റെ കവിളിൽ വെച്ച് തടവി. അവൾക്ക് കവിളിലും കരളിലും  രോമാഞ്ചമുണർന്നു.പൂവും ചൂടി അവൾ കുളക്കരയിലേക്ക്‌ പോയി.കുളി കഴിഞ്ഞു വീണ്ടും അടുക്കളയിൽ എത്തി.ആങ്ങളമാർക്കുള്ള  ചോറും കറികളും ഒരുക്കി.
പണി തീർന്നപ്പോൾ അവൾ വീണ്ടും പുറത്ത് വന്നു.അപ്പോഴും തേന്മാവിൻ കൊമ്പിൽ  ഇരിക്കുന്നുണ്ടായിരുന്നു.
"കാക്കേ, ആ ചെമ്പകമരം എവിടെയാണ് ?എനിക്കൊന്നു കാണിച്ചു തരൂ."
എന്റെ പിറകെ പോരൂ " കാക്ക പറഞ്ഞു.
അത് പറക്കുവാൻ തുടങ്ങി.അമ്മാളു പിന്തുടർന്നു. അവർ സമീപത്തുള്ള ഒരു വനത്തിലെത്തി. അവിടെ നിറയെ പൂക്കളുമായി ഒരു .ചെമ്പക മരം നിൽക്കുന്നു. ചെമ്പകപ്പൂവിന്റെ പരിമളം അവിടെയെല്ലാം അലയടിച്ചിരുന്നു.അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
കാക്ക പൂക്കൾ ഓരോന്നായി     കൊത്തിയടർത്തിയിട്ട് തുടങ്ങി. പുളിയിലക്കരയൻ മുണ്ട് കൊണ്ട് അമ്മാളു കുമ്പിൾ ഉണ്ടാക്കി.അത് നിറയെ പൂക്കൾ  സംഭരിച്ചു.

ആങ്ങളമാരുടെ ഭാര്യമാർക്ക് ഈ പൂക്കൾ  കൊടുക്കണം " പെട്ടെന്നാണ് അവളുടെ കണ്ണുകൾ ചെമ്പക മരച്ചോട്ടിൽ എത്തിയത് .അവിടെ എന്തോ തിളങ്ങുന്നു.അവൾ സൂക്ഷിച്ചു നോക്കി.ആറു കണ്ണുകളാണ് വെട്ടി തിളങ്ങുന്നത്. ആദ്യമവൾക്ക്  ഭയമുണ്ടായി.,ഒപ്പം അദ്ഭുതവും.
മൂന്ന് പുലിക്കുഞ്ഞുങ്ങൾ ! ആ ചെമ്പക മരച്ചുവട്ടിൽ പുലിമട ഉണ്ടായിരുന്നു. ഭയമുണ്ടായെങ്കിലും അവൾ ആ മടയുടെ അരികിൽ  ചെന്നു .ഉടനെ മൂന്നു കുഞ്ഞുങ്ങളും മുറുമ്മിക്കൊണ്ട് അവളുടെ അരികിലേക്ക് ചെന്നു.
അമ്മാളു അവയെ വാരിയെടുത്ത് വീട്ടിൽ കൊണ്ട് പോയി.അമ്മാളു പുലി കുഞ്ഞുങ്ങളെ ഒരു തൊട്ടിലിൽ കിടത്തി ആട്ടി. ഉണർന്നപ്പോൾ കുളിപ്പിച്ചു.അവയുടെ കണ്ണുകളിൽ അഞ്ജനമെഴുതി .ചോറ് ഉരുട്ടിക്കൊടുത്തു .വീണ്ടും തൊട്ടിലിൽ കിടത്തി ഉറക്കി. ഉണർന്നപ്പോൾ പുലിമടയിൽ തിരിച്ചു കൊണ്ട് ചെന്നാക്കി.
കുറെ കഴിഞ്ഞപ്പോൾ തള്ളപ്പുലി മടങ്ങി വന്നു.അവിടെയെല്ലാം മനുഷ്യമണം ഉള്ളതായി അവൾക്കു തോന്നി. കോപം കൊണ്ട് അവളുടെ കണ്ണുകൾ ജ്വലിച്ചു.  അടിമുടി വിറച്ച് കൊണ്ടവൾ ചോദിച്ചു :
"സത്യം പറയണം , നിങ്ങൾക്ക് മനുഷ്യന്റെ മണം ഉണ്ട് .
ഇതെങ്ങനെയുണ്ടായി.?നിങ്ങളെ കുളിപ്പിച്ചതാരാണ് ഹാ! നിങ്ങളുടെ കണ്ണുകളും എഴുതിയിട്ടുണ്ടല്ലോ.നിങ്ങൾ ചോറും ഉണ്ട് അല്ലെ ?ഇതെല്ലാം ചെയ്തത് ആരാണ് പറയൂ ?"
"ഇല്ല ഞങ്ങൾ പറയില്ല.  കൊല്ലും. ഞങ്ങൾക്ക് ഭയമാണ് " കുഞ്ഞുങ്ങൾ പറഞ്ഞു.നടു
"സത്യം പറഞ്ഞാൽ  ഞാൻ കൊല്ലുകയില്ല. നിങ്ങൾക്ക്  തുണ നൽകിയതല്ലേ .അത് കൊണ്ട് ഞാൻകൊല്ലുകയില്ല." അമ്മയുടെ വാക്കുകൾ  കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ചു.അവർ പറഞ്ഞു.
ചെമ്പകപ്പൂ  പോലൊരു  മനുഷ്യപെണ്‍കുട്ടി ഇവിടെ പൂ പെറുക്കാൻ വന്നു.അവളാണ് ഞങ്ങളെ വീട്ടിലേക്ക് കൊണ്ട് പോയത് "
"അവൾ എവിടെയാണ് കാണിച്ചു തരൂ. "
"ആ തീപുകയുന്ന വലിയ തറവാടില്ലേ അവിടെ തന്നെ."
പെണ്‍ പുലി കുഞ്ഞുങ്ങളെ മുലയൂട്ടി അവയുടെ ശരീരമാകെ നക്കി വെടിപ്പാക്കി. അവളുടെ മിന്നി തിളങ്ങുന്ന ക്രൂരമായ കണ്ണുകൾക്ക്  മുന്നിൽ ആ പുലിക്കുട്ടികൾ ചാടിക്കളിച്ചു .
അമ്മാളു ധൃതിയിൽ അടുക്കള പണികൾ ചെയ്യുകയായിരുന്നു .ഒരു ശബ്ദം കേട്ട് അവൾ പുറത്ത് വന്നു നോക്കി. ഒരു പെണ്‍ പുലിയുണ്ട് പുറത്ത് വന്നു നിൽക്കുന്നു .അവളാകെ ഞെട്ടി വിറച്ചു."ഈശ്വരാ രക്ഷിക്കണേ " അവൾ നിലവിളിച്ചു .
 പുലി കോപം കൊണ്ടലറി. "എടീ പെണ്ണേ , നീയാണോ എന്റെ കുഞ്ഞുങ്ങളെ തൊട്ടത് ?" അമ്മാളു ആലില പോലെ വിറച്ചു. അവളുടെ കണ്ണിലൂടെ ചുടു കണ്ണീർ ഒഴുകി. അവൾ ഗദ്ഗദത്തോടെ പറഞ്ഞു. "വാത്സല്യം കൊണ്ട് മാത്രമാണ് ഞാൻ അവയെ എടുത്തത് .
പുലി അവഞ്ജയോടെ പറഞ്ഞു.:
മനുഷ്യർക്കെവിടെയാണ് വാത്സല്യം ?  തമ്മിൽ തല്ലി  തല കീറുന്ന നിങ്ങൾക്കാണോ വാത്സല്യം നിങ്ങൾക്കന്യോന്യം സ്നേഹമില്ല .പിന്നെയല്ലേ പുലിയെ സ്നേഹിക്കുക ! ആകട്ടെ നിന്ന്റെ സ്നേഹിക്കുന്നവരായി ആരെങ്കിലുമുണ്ടോ ? ഒന്ന് കാണിച്ചു തരൂ. "
"ഏഴാങ്ങള മാരുടെ കൊച്ചു പെങ്ങളാണ് ഞാൻ. അവരെല്ലാം എന്നെ സ്നേഹിക്കുന്നുണ്ട്."
"അവരെവിടെയാണ് " പുലി ചോദിച്ചു.
"അവരെല്ലാം നാത്തൂന്മാരുടെ വീടുകളിലാണ് " അമ്മാളു പറഞ്ഞു .
"ശരി, നമുക്കങ്ങോട്ടു പോകാം .അവരാരെങ്കിലും നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാം "
നീ എന്റെ കഴുത്തിൽ കയറി ഇരുന്നോളൂ .അവർ നിന്നെ സ്നേഹപൂർവ്വം സ്വീകരിച്ചാൽ എനിക്ക് സന്തോഷമായി .അവർ നിന്നെ സ്വീകരിക്കാതിരുന്നാൽ ഞാൻ നിന്നെ കടിച്ചു കൊന്ന് പകരം വീട്ടും "
അമ്മാളുവിനെ കഴുത്തിൽ കയറ്റി പുലി ആങ്ങളമാരുടെ വീടുകള നോക്കി നടന്നു. ആങ്ങളയുടെ വീട്ടിലേക്കാണ് ചെന്നത്.ആങ്ങളയും നാത്തൂനും കിന്നാരം പറഞ്ഞിരിക്കുകയായിരുന്നു. വാതിൽ അടച്ചിരുന്നതിനാൽ പുലി വന്നത് അവർ കണ്ടില്ല.പടിവാതിലിനു പുറത്ത് നിന്ന് കൊണ്ട് അമ്മാളു വിളിച്ചപേക്ഷിച്ചു .
"എന്റെ പൊന്നാങ്ങളെ , മൂത്തോരാങ്ങളെ ,
എന്നെയിപ്പോൾ വന്നു കൈക്കൊള്ളണേ
അലിവുള്ളോരാങ്ങളയെന്റെ  മൂത്താങ്ങളെ
പുലി തിന്നും മുമ്പെന്നെ രക്ഷിക്കണേ "

"ആരോ കരയുന്നു. അമ്മാളുവിന്റെ ശബ്ദം പോലുണ്ടല്ലോ ഞാൻ അന്വേഷിക്കട്ടെ." മൂത്ത ആങ്ങള പറഞ്ഞു
"ഓ ,ഇപ്പോൾ അമ്മാളു വന്നു വിളിക്കില്ല .അയൽപക്കത്ത്‌ ചക്കാട്ടുന്ന ഒച്ചയാണ്‌. "നാത്തൂൻ പറഞ്ഞു .കുറെ നേരം കഴിഞ്ഞിട്ടും കതക് തുറക്കാതെ ആയപ്പോൾ പുലി അമ്മാളുവിനെയും കൊണ്ട് രണ്ടാമത്തെ ആങ്ങളയുടെ വീട്ടിൽ പോയി.

രണ്ടാമത്തെ ആങ്ങളയും നാത്തൂനും വെറ്റില മുറുക്കി രസിക്കയായിരുന്നു. അവിടെയും വാതിൽ അടച്ചിട്ടിരുന്നു.പടി വാതിൽക്കൽ ഒരു ശബ്ദം കേട്ട് ആങ്ങള ചെവിയോർത്തു .
"രണ്ടാമത്തോരാങ്ങളെ , പൊന്നൊരങ്ങളേ
പുലിക്കഴുത്തിൽ വന്നു ഞാൻ എന്നെ രക്ഷിക്കണേ "
അമ്മാളുവിന്റെ വിലാപം അയാൾ കേട്ടു  .'അതാരാണ്? അമ്മാളുവിന്റെ വിളി പോലെ തോന്നുന്നല്ലോ "ആങ്ങള പറഞ്ഞു.
"ഓ ,അമ്മാളു ഇപ്പോൾ വരില്ല ,അത് അയലത്തെ വീട്ടിൽ തയിർ കലക്കുന്ന ഒച്ചയാണ്‌ " വളരെ അലസമായി നാത്തൂൻ  പറഞ്ഞു. അവരും വാതിൽ തുറന്നില്ല.
പുലിക്കഴുത്തിൽ ഇരുന്ന് ആറാങ്ങളമാരുടെയും പടിവാതിൽക്കൽ ചെന്ന് അമ്മാളു വിളിച്ചു .ആരും അവളുടെ നിലവിളി കേട്ടില്ല. ഒടുവിൽ അവൾ ഏഴാമത്തെ കുഞ്ഞാങ്ങളയുടെ വീട്ടിലേക്കു പോയി. പാലപ്പൂവിന്റെ പരിമളം വഴിയിലെങ്ങും വീശിയിരുന്നു .കൊതുമ്പ് നിരന്ന പാടങ്ങളും നെല്ലികൾ പൂത്ത താഴ്വരകളും കടന്ന് അവൾ ഏഴാമത്തെ ആങ്ങളയുടെ മാളികപ്പടിക്കൽ ചെന്നു .അവിടെയും ആരെയും കണ്ടില്ല. അമ്മാളു ഏങ്ങലടിച്ചു വിളിച്ചു പറഞ്ഞു.

"ഏഴാമത്തൊരാങ്ങളേ കുഞ്ഞാങ്ങളെ ,
പുലി തിന്നും മുമ്പെന്നെയേറ്റു വാങ്ങൂ ..."

കുഞ്ഞാങ്ങളയ്ക്ക് അത് അമ്മാളുവിന്റെ സ്വരം ആണെന്ന് തോന്നി . "നമ്മുടെ അമ്മാളുവിന്റെ സ്വരമാണല്ലോ കേൾക്കുന്നത് " അയാള് ഭാര്യയോട്‌ പറഞ്ഞു  "അതെ, നമ്മുടെ അമ്മാളുവിന്റെ ശബ്ദം പോലുണ്ട്." നാത്തൂനും പറഞ്ഞു. അവർ പെട്ടെന്ന് വാതിൽ തുറന്നു .
പുലിക്കഴുത്തിലിരിക്കുന്ന അമ്മാളുവിനെ കണ്ട് അവരാകെ ഭയപ്പെട്ടു .പുലിയുടെ കണ്ണുകളിൽ നിന്ന് തീ ചിതറുന്നത് പോലെ തോന്നി .ദംഷ്ട്രകൾ പുറത്ത് കാണാമായിരുന്നു. അമ്മാളു പുലിമോതിരം കഴുത്തിലിട്ടിട്ടുണ്ട് .അവളുടെ ചുരുൾ മുടികൾ കഴുത്തിലൂടെ വീണിഴയുന്നുണ്ട് .വിളറിയ കവിളിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടുമിരുന്നു.  അവൾ ഒരു പ്രേതത്തെപ്പോലെ പുലിക്കഴുത്തിൽ മരവിച്ചിരിക്കയാണ് .ആങ്ങളയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു. എന്നാലും ധൈര്യം അവലംബിച്ചു ചോദിച്ചു: "എന്താണിത് ?" "നിങ്ങൾക്ക് ഇവളെ തിരിച്ചു കിട്ടണം എന്നുണ്ടോ ?
പുലി ചോദിച്ചു
"തീർച്ചയായും .എനെ കുഞ്ഞു പെങ്ങളാണിവൾ .അവളെ മടക്കിത്തരിക "
"ശരി തന്നെ. മടക്കിത്തരുവാൻ വിരോധമില്ല .ഇപ്പോൾ ഇവൾ  എന്റെ കൂടി കുട്ടി ആയി തീർന്നിരിക്കുന്നു . നിങ്ങൾ ഇവളെ കാര്യമായി വളർത്തണം .സംരക്ഷിക്കണം.പ്രായമാകുമ്പോൾ ഇണങ്ങിയ പുരുഷന് കല്യാണം കഴിച്ചു വേണം. പുടമുറി കല്യാണത്തിനു എന്നെ കൂടി ക്ഷണിക്കുവാൻ മറക്കരുത് .എന്നെ വിളിക്കാതിരുന്നാൽ ഞാൻ വന്നു ഇവളെ കൊല്ലും; ഓര്ത്ത് കൊള്ളണം മൂത്ത കുഞ്ഞിനെ കൊന്നു തിന്നുക ഞങ്ങളുടെ പതിവാണ് . വാക്ക് തെറ്റിക്കരുത് "പുലി ആങ്ങളയെ ധരിപ്പിച്ചു.
കുഞ്ഞാങ്ങള എല്ലാം സമ്മതിച്ചു. പുലി ഉടനെ അമ്മാളുവിനെ തോളിൽ നിന്ന് ഇറക്കി യാത്ര പറഞ്ഞു മടങ്ങിപ്പോയി.
ചെമ്പകം നാല് വട്ടം പൂത്തു. വയലുകൾ കതിരിട്ടു. പുലിക്കുഞ്ഞുങ്ങൾ വളർന്നു .കാടുകൾ കുലുക്കി  ഇടിമുഴക്കങ്ങൾ സൃഷ്ടിച്ചു. അമ്മാളുവും വളർന്നു .കല്യാണ പ്രായമായപ്പോൾ ആങ്ങളമാർ  പുടമുറി കല്യാണവും നിശ്ചയിച്ചു. ഏഴാങ്ങള മാരും കല്യാണ നിശ്ചയത്തിനു ഒരുമിച്ചു കൂടി.

കല്യാണ നിശ്ചയം കഴിഞ്ഞപ്പോൾ ഏഴാമത്തെയാങ്ങള പുലി പറഞ്ഞ കാര്യങ്ങൾ ഓർത്തു .അയാള് ജ്യേഷ്ഠൻ മാരോട് പറഞ്ഞു.
"അമ്മാളുവിന്റെ പുടമുറി കല്യാണമാണല്ലൊ നമുക്ക് ആ പുലിയെ കൂടി കല്യാണത്തിനു ക്ഷണിക്കണ്ടേ?"
കുഞ്ഞാങ്ങള പറഞ്ഞത് കേട്ട് ആങ്ങളമാരെല്ലാം പൊട്ടി ചിരിച്ചു. അവർ പറഞ്ഞു :
"ഇവനൊരു പൊട്ടനാണ്‌ .ഏതോ പേടി സ്വപ്നം കണ്ടതാവാം .എവിടെയാണ് മനുഷ്യന്റെ കല്യാണത്തിനു പുലിയെ വിളിക്കുന്ന പതിവ്. നീ പിച്ചു പറയാതെ.പുലി പോയി തിന്നട്ടെ .നമുക്കിവിടെ പുടമുറി കല്യാണം കേമമായി നടത്താം."

അമ്മാളുവിന്റെ  പുടമുറി കല്യാണം ആഘോഷമായി നടന്നു. വിരുന്ന് സൽക്കാരം  കഴിഞ്ഞ ശേഷം ആങ്ങളമാർ ആറ് പേരും  വീടുകളിലേക്ക് പോയി. ഏഴാമത്തെ ആങ്ങളയുടെ ശങ്ക മാറിയില്ല. പുലി വരുമെന്ന് തന്നെ അയാൾ  ഭയപ്പെട്ടു. അയാൾ  കരുതലും ചെയ്തു.

അമ്മാളുവിനും മണവാളനും തട്ടുമ്പുറത്ത് കിടപ്പുമുറി ഒരുക്കി.ഒരു കാരണവശാലും മുറി തുറക്കരുത് താക്കീത് ചെയ്തു. മുറിയുടെ ചുറ്റും വാല്യക്കാരെ കാവലിരുത്തി. കാളൻ പട്ടിയെ മുറ്റത്ത് കാവലിനാക്കി.ഒരു കൊമ്പനാനയെ പടി വാതിലിൽ തളച്ചു, പടിവാതിൽ ഭദ്രമായി പൂട്ടിയിട്ടു. ഇത്രയും ഒരുക്കങ്ങൾ ശേഷം ആങ്ങള ഭാര്യ വീട്ടിലേക്ക് പോയി .
അമ്മാളുവിന് ഉറക്കം വന്നില്ല.മണവാളൻ കൂര്ക്കം വലിച്ച് ഉറങ്ങി .മുറിയ്ക്കകത്ത് വിളക്ക് മങ്ങുകയും ആളുകയും ചെയ്തു. അവൾ ഉൽകണ്ഠ  ഇരിക്കുകയാണ് .ഇടയ്ക്ക് ചെവിയോർക്കുന്നു മുണ്ട്

പാതിരാത്രിയായി പുലി അലറുന്നത് ദൂരേന്നു കേൾക്കുന്നതായി അമ്മാളുവിനു തോന്നി.അവളാകെ ഞെട്ടി വിറച്ചു. ഏങ്ങലടിച്ചു കരഞ്ഞു. കാടിളക്കി പുലി തുള്ളി വരികയാണ്  .
അടുത്ത് കിടന്ന   ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചു. നാവു പൊങ്ങുന്നില്ല .കൈകൾ മരവിച്ചു പോയി.ശബ്ദം കണ്ഠത്തിൽ തടഞ്ഞു പോവുകയാണ്. അവളുടെ അവയവങ്ങളെല്ലാം നിശ്ചേഷ്ടമായി . പുലി മേൽപ്പുരയിലെക്ക് ചാടിക്കയറി കൊമ്പനാന പുലിയോട് തോറ്റു ,കാളൻ പട്ടിയുടെ അനക്കം ഇല്ല.  ശബ്ദം കേൾക്കാനില്ല പുലി വാതിൽ തകർത്തു കഴിഞ്ഞു. മണിയറയും തകർത്തു അവിടെ ചോര കൊണ്ട് പ്രളയം തന്നെ ഉണ്ടായി .

പിറ്റെ പ്രഭാതം ചോരയിൽ  മുങ്ങി ആണ് കാണപ്പെട്ടത് .തേന്മാവിൽ ഇരുന്ന് കാക്ക കരഞ്ഞു .ചെമ്പകപ്പൂവിന്റെ    ഗന്ധം കാറ്റിൽ തേങ്ങി നിന്നു .