Pages

കഥക്കാലം

Saturday, October 16, 2010

എക്കോയും നാര്‍സ്സിസ്സസും

സുന്ദരിയായ ഒരു ദേവതയായിരുന്നു, എക്കോ അവള്‍ തന്റെ സ്വന്തം ശബ്ദം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അത്‌ കൊണ്ട്‌ അവള്‍ ഒരിക്കലും സംസാരം നിര്‍ത്തിയിരുന്നില്ല.ഒരിക്കല്‍ ജൂണോ ദേവത എക്കോയെ ഉപദേശിച്ചു. "നീ ഈ വായടിത്തം നിര്‍ത്തണം. ഇത്‌ നല്ലതല്ല" എക്കോ അനുസരിച്ചില്ല.. ജൂണൊയെ പരിഹസിക്കുകയും ചെയ്തു." ജൂണൊയ്ക്കു കലശലായ കോപം വന്നു.

"നിന്റെ ശബ്ദം നിനക്ക്‌ നഷ്ടപ്പെടും.ജൂണൊ എക്കോയെ ശപിച്ചു.-"മറ്റുള്ളവരുടെ അവസാനത്തെ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ വേണ്ടിയല്ലാതെ ഇനി മേല്‍ നിന്റെ ശബ്ദം പുറത്ത്‌ വരില്ല.കുന്നുകള്‍ക്കിടയില്‍ എവിടെയെങ്കിലും പോയി ഒളിച്ച്‌ കൊള്ളൂ..ആരെങ്കിലും ആവശ്യപ്പെട്ടാല്‍ മാത്രം പുറത്ത്‌ വന്നാല്‍ മതി."

എക്കോ ദുഖിതയായി അടുത്തുള്ള കുന്നിലേക്ക്‌ ഓടിപ്പോയി.

സംസാരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവള്‍ക്ക്‌ മനസ്സിലായി. മറ്റുള്ളവരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രമേ അവള്‍ക്ക്‌ വായ്‌ തുറക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതും അവരുടെ അവസാനത്തെ വാക്ക്‌ ആവര്‍ത്തിക്കാന്‍ വേണ്ടി മാത്രം.

ഒരു ദിവസം ആ കുന്നിന്‍ ചെരിവുകളില്‍ നാര്‍സിസസ്‌ എന്ന ഒരു യുവാവ്‌ എത്തി.വടിവൊത്ത്‌ നീണ്ട്‌ മനോഹരമായ ശരീരം; ഒരു ദേവതയുടേത്‌ പോലുള്ള മുഖകാന്തി! അവന്റെ കറുത്ത ചുരുള്‍ അളകങ്ങള്‍ വീതിയുള്ള നെറ്റിമേല്‍ വീണു കിടന്നു. അവന്റെ കണ്ണുകള്‍ നക്ഷത്രങ്ങളേപ്പോല്‍ തെളിഞ്ഞ്‌ മിന്നി.

എക്കോ ഒരു മരത്തിന്റെ മറവില്‍ നിന്ന് നാര്‍സിസസിനെ കണ്ടു.

എത്ര സുന്ദരനായ യുവാവ്‌! അവള്‍ അദ്ഭുതപ്പെട്ടു. നാര്‍സിസസിന്റെ രൂപം എക്കോയുടെ ഹൃദയത്തില്‍ പതിഞ്ഞു.അവള്‍ക്ക്‌ അവനൊട്‌ അഗാധമായ സ്നേഹം തോന്നി. അവനു തന്നോട്‌ പ്രേമം തോന്നിയെങ്കില്‍..അവള്‍ കൊതിച്ചു...

പക്ഷേ തനിക്ക്‌ ഒളിവില്‍ നിന്ന് പുറത്ത്‌ വരാന്‍ കഴിവില്ല.ജൂണോ നിരോധിച്ചിരിക്കുകയാണ്‌.പിന്നെയെങ്ങനെ നാര്‍സിസ്സസ്‌ തന്നെ കണ്ടെത്തും-എക്കോ ദുഖിതയായി.

അവള്‍ ആ യുവാവിനെ പിന്തുടര്‍ന്നു! തന്റെ പിറകില്‍ ഒരു മര്‍മ്മര ശബ്ദം.! അവന്‍ തിരിഞ്ഞ്‌ നോക്കി ആരെയും കണ്ടില്ല. വീണ്ടും നടന്നു.പിന്നെയും ശബ്ദം കേട്ടു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് തീര്‍ച്ചയായപ്പോള്‍ നര്‍സിസ്സസ്‌ അവിടെ നിന്നു.

"ആരാണവിടെ?" അവന്‍ ചോദിച്ചു.
"അവിടെ"-എക്കൊ അവന്റെ അവസാന വാക്ക്‌ ആവര്‍ത്തിച്ചു..
"നീ ആരാണ്‌?"
"ആരാണ്‌"..എക്കോ മറുചോദ്യം കൊണ്ട്‌ ഉത്തരം പറഞ്ഞു.
"എന്നെ കളിയക്കുകയാണോ?,-നാര്‍സിസ്സസ്‌ ദേഷ്യത്തോടെ വിളിച്ച്‌ ചോദിച്ചു.
"ആണോ" പാവം എക്കോ ആവര്‍ത്തിച്ചു.
"നീ ഒളിച്ചിരിക്കാതെ പുറത്ത്‌ വരൂ" നാര്‍സിസ്സസ്‌ ആജ്ഞാപിച്ചു.
എക്കോ സന്തോഷത്തോടെ തന്റെ മുഴുവന്‍ സൗന്ദര്യത്തോടും കൂടി പ്രത്യക്ഷപ്പെട്ടു.

നാര്‍സ്സിസ്സസ്‌ ക്രുദ്ധനായി.എക്കോ തന്നെ കളിയാക്കുകയായിരുന്നുവെന്നാണ്‌ അയാള്‍ കരുതിയത്‌.അവളുടെ സൗന്ദര്യം അയാള്‍ ശ്രദ്ധിച്ചതേയില്ല. ഒരു പ്രേമഭിക്ഷുകിയായി എക്കോ നാര്‍സ്സിസ്സസിന്റെ സവിധത്തിലേക്ക്‌ ഓടിയണഞ്ഞു. പക്ഷേ, അയാള്‍ അവളെ തള്ളി മാറ്റുകയാണുണ്ടായത്‌.

നീ എന്നെ കളിയാക്കുന്നത്‌ ഞാന്‍ കേട്ടു.അയാള്‍ ദേഷ്യത്തോടെ പറഞ്ഞു-"നീ സ്നേഹിക്കുന്നു എന്ന് നടിക്കുന്നതും എന്നെ പരിഹസിക്കാന്‍ വേണ്ടിയാണ്‌. നിന്റെ കൂട്ടൂകാര്‍ മരങ്ങളുടെ മറവില്‍ നിന്ന് ഇപ്പോള്‍ ചിരിക്കുന്നുണ്ടാവും"

എക്കോ ഒന്നും ശബ്ദിക്കാതെ കാതരമിഴികളോടെ നിന്നു.

"എന്റെ അടുത്ത്‌ നിന്ന്‌ പോകൂ" നാര്‍സിസസ്‌ ശബ്ദമുയര്‍ത്തി പറഞ്ഞു.
എക്കോ ദുഖത്തോടെ അനുസരിച്ചു. "പോകൂ" മരങ്ങള്‍ക്കിടയിലൂടെ നീങ്ങിമറയുമ്പോള്‍ അവള്‍ മന്ത്രിച്ചു. ആ അഹങ്കാരിയായ യുവാവ്‌ നിഷ്ഫലമായി പ്രേമിച്ച്‌ പ്രേമത്തിന്റെ വില മനസ്സിലാക്കട്ടെയെന്ന് ഹൃദയം നൊന്ത്‌ ശപിച്ചു.

നാര്‍സിസസ്സ്‌ മലമുകളിലേക്ക്‌ നടന്നു.കുറച്ച്‌ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ വല്ലാത്ത ദാഹം തോന്നി. അധികം തമസിയാതെ അയാള്‍ ഒരു കുളക്കരയില്‍ എത്തി. നല്ല തെളിഞ്ഞ ശുദ്ധജലം! അയാളുടെ ദാഹം ഇരട്ടിച്ചു.

വെള്ളം കുടിക്കാനായി അവന്‍ കുളക്കരയില്‍ കമഴ്‌ന്നു കിടന്നു. പെട്ടെന്ന് വെള്ളത്തില്‍ തന്റെ മുഖത്തിന്റെ പ്രതിഛായ അവന്‍ കണ്ടു.ഒരു ദേവത വെള്ളത്തില്‍ നിന്ന് തന്നെ നോക്കുകയാണെന്ന് അവന്‍ വിചാരിച്ചു. എത്ര സുന്ദരമായ രൂപം! വെള്ളത്തില്‍ കണ്ട ദേവതയെ നാര്‍സ്സിസ്സസ്‌ ആരാധിച്ച്‌ തുടങ്ങി. സ്വന്തം പ്രതിഛായയില്‍ ആണ്‌ താന്‍ പ്രേമം അര്‍പ്പിച്ചിരിക്കുന്നതെന്ന് നാര്‍സ്സിസ്സ്‌ അറിഞ്ഞേ ഇല്ല.

"സുന്ദരിയായ ദേവതേ..ഈ കുളത്തില്‍ നിന്ന് പുറത്ത്‌ വരില്ലേ?"-അവന്‍ യാചിച്ചു.

അവന്‍ എത്ര താണപേക്ഷിച്ചിട്ടും ആ ദേവത വെള്ളത്തില്‍ നിന്ന് പുറത്ത്‌ വന്നേ ഇല്ല..

നാര്‍സിസ്സസ്‌ വെള്ളത്തിലുള്ള ആരോടൊ സംസാരിക്കുന്നത്‌ കണ്ട്‌ എക്കോ അവന്റെ പുറകില്‍ വന്ന് എത്തി നോക്കി.സ്വന്തം രൂപത്തെ തന്നെയാണ്‌ അവന്‍ പ്രേമിക്കുന്നതെന്ന് അവള്‍ മനസ്സിലാക്കി.അത്‌ അവനോട്‌ പറയാന്‍ അവള്‍ വെമ്പല്‍ കൊണ്ടു.പക്ഷേ അവന്റെ അവസാന വാക്കുകള്‍ മാത്രം പറയാന്‍ വിധിക്കപ്പെട്ട അവള്‍ക്ക്‌ അത്‌ സാധിച്ചില്ല.

നാര്‍സിസ്സസ്സിന്റെ പ്രേമം പാഴായിപ്പോവുകയാണ്‌.അവന്റെ പ്രതിഛായക്ക്‌ ഒരിക്കലും സ്നേഹം മടക്കിക്കൊടുക്കാന്‍ ആവില്ല.

നാര്‍സിസ്സസ്‌ ആ കുളക്കര വിട്ട്‌ പോയതെ ഇല്ല.ആ ജലദേവതയോട്‌ പുറത്തേക്ക്‌ വരാന്‍ അവന്‍ ആവശ്യപ്പെട്ടത്‌ വെറുതെയായി.അവളെനോക്കി ചിരിച്ചതും അവളുടെ നേരെ കൈ നീട്ടിയതും വെറുതെയായി.രാവും പകലും അവന്‍ ആ കുളക്കരയില്‍ കിടന്നു.

ദിവസങ്ങള്‍ കൊഴിഞ്ഞ്‌ വീണു.നാര്‍സ്സിസസ്‌ ഭക്ഷണം പോലും ഉപേക്ഷിച്ചു.തനിക്ക്‌ ജലദേവതയോടുള്ള സ്നേഹം ഒഴിച്ച്‌ മറ്റ്‌ എല്ലാം അവന്‍ മറന്നിരുന്നു. ദു:ഖാര്‍ത്തനായ ആ കാമുകന്റെ കണ്ണു നീര്‍ ജലത്തിലേക്ക്‌ വീണു.

അവന്‍ വളരെ ക്ഷീണിതനായി.വെള്ളത്തിലുള്ള ദേവതയും.നാര്‍സ്സിസ്സസിനു സങ്കടം വര്‍ദ്ധിച്ചു. എക്കോ വിഷമിച്ചു.അവന്‍ ഏറെ താമസിയാതെ മരിച്ച്‌ പോകുമെന്ന് അവള്‍ക്ക്‌ തോന്നി.പക്ഷേ അവനെ താക്കീത്‌ ചെയ്യാന്‍ പോലും അവള്‍ക്ക്‌ നിവര്‍തിയില്ലായിരുന്നു.

ഒരു ദിവസം പ്രഭാതത്തില്‍ സൂര്യന്‍ കിഴക്കുദിച്ചപ്പോള്‍ സുന്ദരനായ ആ യുവാവ്‌ കുളക്കരയില്‍ മരിച്ച്‌ കിടന്നിരുന്നു.അവന്റെ സുന്ദരമായ മൃതദേഹം കണ്ട ദേവതമാര്‍ പോലും ആ നിഷ്ഫലമായ പ്രേമത്തെയോര്‍ത്ത്‌ കരഞ്ഞു.അവനോടുള്ള സഹതാപം കൊണ്ട്‌ അവര്‍ അവനെ വെളുത്ത മനോഹരമായ പുഷ്പം ആക്കി മാറ്റി.അവയാണ്‌ ഇന്നും കുളക്കരകളീല്‍ വിടരുന്ന കൊച്ച്‌ നാര്‍സ്സിസസ്‌ പുഷ്പങ്ങള്‍.!

പണ്ട്‌ തന്റെ സ്വന്തം മുഖം കാണാന്‍ നാര്‍സ്സിസ്സസ്‌ വെള്ളത്തിലേക്ക്‌ ഉറ്റ്‌ നോക്കിയിരുന്നത്‌ പോലെ ഇന്ന് ആ പൂക്കളും വളഞ്ഞ്‌ വെള്ളത്തിലേക്ക്‌ തന്നെ ഉറ്റു നോക്കുന്നു.

പാവം എക്കോ! അവള്‍ ദു:ഖം സഹിച്ച്‌ സഹിച്ച്‌ പരവശയായി. എല്ലാ സൗന്ദര്യവും നശിച്ച്‌ അവള്‍ വെറും ശബ്ദം മാത്രം ആയിത്തീര്‍ന്നു. ഇന്നും കുന്നുകള്‍ക്കിടയില്‍ നിന്ന് അവള്‍ നമ്മുടെ അവസാന വാക്കുകള്‍ ആവര്‍ത്തിക്കുന്നു.പക്ഷേ ഇനിയൊരിക്കലും ആരും അവളെ കണ്ടെത്തുകയില്ല.

Tuesday, October 5, 2010

ശിക്ഷ

                                       ശംഖമഹര്‍ഷിയും ലിഖിതമഹര്‍ഷിയും ജ്യേഷ്ഠാനുജന്മാരാണ്‌. അല്‍പ്പം അകലെയായി രണ്ടാശ്രമങ്ങളില്‍ അവര്‍ താമസിച്ചിരുന്നു.ഒരു ദിവസം രാവിലെ ലിഖിതന്‍ ജ്യേഷ്ഠനെ കാണുവാനായി ആശ്രമത്തില്‍ ചെന്നു. ശംഖന്‍ അപ്പോള്‍ വെളിയിലെവിടെയോ പോയിരുന്നു. കുറേ നേരം ലിഖിതന്‍ കാത്തിരുന്നു. ലിഖിതന്‍ പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല. നന്നായി വിശക്കുവാന്‍ തുടങ്ങി.
വളരെ നേരം കഴിഞ്ഞിട്ടും ശംഖന്‍ വരുന്ന മട്ട്‌ കണ്ടില്ല.വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ആയി,കുറെ കഴിഞ്ഞപ്പോള്‍ അദ്ദേഹം ആശ്രമത്തിന്റെ ഉള്ളില്‍ കയറി,ശംഖന്‍ വച്ചിരുന്ന ആഹാരം എടുത്ത്‌ കഴിച്ചു.വീണ്ടും കാത്തിരുന്നു.വളരെ കഴിഞ്ഞപ്പോള്‍ ശംഖന്‍ വന്നു.
  അനുജനെ കണ്ടപ്പോള്‍ ശംഖന്‌ സന്തോഷമായി.രണ്ട്‌ പേരും കൂടി ആശ്രമത്തില്‍ കടന്നിരുന്നു.പക്ഷേ ശംഖന്‍ ആഹാരം കഴിക്കാന്‍ നോക്കിയപ്പോള്‍ താന്‍ വച്ചിരുന്ന ആഹാരപദാര്‍ഥങ്ങള്‍ കണ്ടില്ല.
      "വിശപ്പ്‌ ദുസ്സഹമായപ്പോള്‍ ഞാന്‍ ഭക്ഷിച്ചു." അല്‍പ്പം ലജ്ജയോടെ ലിഖിതന്‍ പറഞ്ഞു. ശംഖന്റെ നെറ്റി ചുളിഞ്ഞു. "ഒരാള്‍ വീട്ടില്‍ ഇല്ലാതിരിക്കുമ്പോള്‍ അവിടെ നിന്ന് എന്തെങ്കിലും എടുക്കുന്നത്‌ മോഷണമാണ്‌.അതനുസരിച്ച്‌ നീ ഇപ്പോള്‍ മോഷ്ടാവ്‌ ആണ്‌."
       കുറ്റബോധത്തോടെ ലിഖിതന്‍ ജ്യേഷ്ഠനോട്‌ ചോദിച്ചു."മഹാത്മന്‍, ഞാനിനി എന്ത്‌ ചെയ്യണം?"
ശംഖന്‍ പറഞ്ഞു."ഉടന്‍ തന്നെ രാജാവിന്റെ അടുക്കല്‍ ചെന്ന് മോഷ്ടാവിനുള്ള ശിക്ഷയും വാങ്ങി വരണം.എന്നിട്ട്‌ മതി ബാക്കി കാര്യം"
       ലിഖിതന്‍ ജ്യേഷ്ഠനെ വണങ്ങി പുറപ്പെട്ടു.ലിഖിതമഹര്‍ഷി കൊട്ടാരത്തിലേക്ക്‌ വരുന്ന വിവരം രാജാവ്‌ അറിഞ്ഞു.രാജാവ്‌ പരിവാരസമേതം എഴുന്നള്ളി ആ തപോധനന്റെ കാല്‍ക്കല്‍ വീണു.
ലിഖിതന്‍ പറഞ്ഞു."ഇന്ന് ഞാന്‍ യാതൊരു സ്വീകരണവും അര്‍ഹിക്കുന്നില്ല.ഞാനൊരു മോഷ്ടാവായിട്ടാണ്‌ വന്നിരിക്കുന്നത്‌.അത്‌ കൊണ്ട്‌ കൈയാമം വച്ച്‌ വേണം എന്നെ കൊണ്ട്‌ പോകാന്‍"
രാജാവ്‌ അമ്പരന്നു. ഋഷിശ്രേഷ്ഠാ,അങ്ങെന്നെ പരീക്ഷിക്കുകയാണോ? അങ്ങയെപ്പോലെയുള്ള ധന്യാത്മാക്കള്‍ ആണല്ലോ ധര്‍മ്മം നിലനിര്‍ത്തുന്നത്‌.അടിയനെ അവിടുന്ന് പരീക്ഷിക്കരുത്‌"
പക്ഷേ, തന്നെ കൈയാമം വെച്ച്‌ തന്നെ കൊണ്ട്‌ പോകണമെന്ന് നിര്‍ബന്ധിച്ചു ആ യതിവര്യന്‍.ദു:ഖഭാരത്തോടെ രാജാവ്‌ അതിന്‌ സമ്മതിച്ചു. ഉണ്ടായ സംഭവം എല്ലാം ലിഖിതന്‍ വിവരിച്ചു.
        "അങ്ങ്‌ ഏറ്റവും വലിയ മോഷ്ടാവിന്‌ എന്ത്‌ ശിക്ഷയാണ്‌ നല്‍കുക?"മഹര്‍ഷി ദൃഢസ്വരത്തില്‍ ചോദിച്ചു."മോഷ്ടാവിന്റെ കൈപ്പത്തികള്‍ വെട്ടിക്കളയും." രാജാവ്‌ അറിയിച്ചു. "ശരി, എന്നാല്‍ ആ ശിക്ഷ ഞാന്‍ ദക്ഷിണയായി ആവശ്യപ്പെടുന്നു.
താമസമുണ്ടായില്ല.രാജകല്‍പന അനുസരിച്ച്‌ ലിഖിതമഹര്‍ഷിയുടെ രണ്ട്‌ കൈപ്പത്തികളും കിങ്കരന്മാര്‍ വെട്ടി താഴെയിട്ടു.
       രക്തമൊലിക്കുന്ന കൈകളൂമായി മഹര്‍ഷി ഇറങ്ങി നടന്നു.ശംഖമഹര്‍ഷിയുടെ അടുത്തെത്തി.അദ്ദേഹം സന്തോഷത്തോടെ ലിഖിതനോട്‌ ആചമനം കഴിച്ച്‌ വരുവാനാജ്ഞാപിച്ചു.
കല്‍പനയനുസരിച്ച്‌ ലിഖിതന്‍ വിധിപ്രകാരം ആചമനത്തിന്‌ വേണ്ടി കൈകള്‍ പൊയ്കയില്‍ മുക്കി.കൈകള്‍ വെള്ളത്തില്‍ നിന്നുയര്‍ത്തിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി!താമരപ്പൂ പോലുള്ള കൈകള്‍ പൂര്‍വാധികം മനോഹരമായി നീണ്ട്‌ വന്നിരിക്കുന്നു.!
ആചമനത്തിന്‌ ശേഷം രണ്ട്‌ പേരും ഒന്നിച്ച്‌ ആഹാരം കഴിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ ലിഖിതന്‍ ജ്യേഷ്ഠനോട്‌ ചോദിച്ചു."അങ്ങയുടെ ആശ്രമത്തില്‍ കയറി മോഷണം നടത്തിയ എന്നെ എന്ത്‌ കൊണ്ടാണ്‌ അങ്ങ്‌ ശിക്ഷിക്കാതിരുന്നത്‌?"
       ശംഖന്‍ പറഞ്ഞു."ഞാന്‍ നിന്റെ ദണ്ഡകന്‍ അല്ല.ഇന്ദ്രിയനിയന്ത്രണം സാധിച്ച യതിയായ എനിക്ക്‌ നിന്നോട്‌ ക്രോധവും പാടില്ല.ധര്‍മം നടക്കണം അതാണ്‌ വലുത്‌.ശിക്ഷിക്കേണ്ടത്‌ രാജാവിന്റെ ജോലിയാണ്‌."
ലിഖിതന്റെ മുഖത്ത്‌ ഒരു പ്രകാശം പരന്നു.