Pages

കഥക്കാലം

Sunday, September 26, 2010

സന്തോഷവാനായ രാജകുമാരന്‍. -ഓസ്കാര്‍ വൈല്‍ഡ്‌.

 യൂറോപ്പിലെ ഒരു നഗരത്തിന്റെ മധ്യത്തില്‍ മനോഹരമായ ഒരു ഉദ്യാനത്തിലാണ്‌ ആ പ്രതിമ നിന്നത്‌.കെട്ടിയുയര്‍ത്തിയ ഒരു കല്‍മണ്ഡപത്തില്‍ ഭീമാകാരവും സുന്ദരവുമായ ആ പ്രതിമ നഗരത്തിലെ കാവല്‍ക്കാരനെപ്പോലെ നിന്നു.

സന്തോഷവാനായ രാജകുമാരന്റെ പ്രതിമ ആയിരുന്നു അത്‌;പ്രതിമ ആസകലം സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടു പൊതിഞ്ഞിരുന്നു. കണ്ണുകളുടെ സ്ഥാനത്ത്‌ രണ്ട്‌ വിലയേറിയ ഇന്ദ്രനീലക്കല്ലുകളും, വാളിന്റെ പിടിയിന്മേല്‍ ഒരു വലിയ പത്മ രാഗക്കല്ലും പതിച്ചിരുന്നു.

നഗരത്തിലെ ഏറ്റവും നല്ല കാഴ്ചയായിരുന്നു ആ പ്രതിമ.എല്ലാവരും അത്‌ കണ്ട്‌ അഭിനന്ദിച്ചു. അനാഥാലയത്തിലെ കുട്ടികള്‍ അതിനു ചുറ്റും ഓടി നടന്ന് ആര്‍ത്ത്‌ വിളിച്ചു.

അവര്‍ ചുവന്ന നിക്കറും വെള്ളയുടുപ്പും കൊണ്ടുള്ള യൂണിഫോറം ധരിച്ചിരുന്നു.; അധ്യാപകരോടൊത്ത്‌ ഉദ്യാനത്തില്‍ വന്നതാണ്‌."നോക്കൂ. സന്തോഷവാനയ രാജകുമാരന്‍ ഒരു മാലാഖയെപ്പോലെ നില്‍ക്കുന്നു!"- അവര്‍ വിളിച്ചു പറഞ്ഞു.

"അതെങ്ങനെ അറിയാം.നിങ്ങള്‍ മാലാഖയെ കണ്ടിട്ടുണ്ടോ?"- അധ്യാപകര്‍ ചോദിച്ചു.

"ഉണ്ട്‌.സ്വപ്നത്തില്‍ ഞങ്ങള്‍ മാലാഖയെ കണ്ടിട്ടുണ്ട്‌"- ആ അനാഥക്കുട്ടികള്‍ പ്രതിമയുടെ ചുവട്ടില്‍ കളിച്ച്‌ തിമിര്‍ത്ത്‌ തുള്ളിച്ചാടി..

ഒരു രാത്രിയില്‍ ഒരു മീവല്‍പ്പക്ഷി ആ നഗരമധ്യത്തിലൂടെ പറന്നു വന്നു. തണുപ്പ്‌ കാലത്ത്‌ അത്തരം പക്ഷികള്‍ അവിടെ അപൂര്‍വ്വം ആണ്‌.

തണുപ്പ്‌ തുടങ്ങുന്നതിന്‌ ഒരു മാസം മുന്‍പേ അതിന്റെ കൂട്ടുകാരെല്ലാം പറ്റം പറ്റമായി ഈജിപ്റ്റിലേക്ക്‌ പോയിക്കഴിഞ്ഞിരുന്നു.

ഈ മീവല്‍പ്പക്ഷി മാത്രം അവിടെ തങ്ങി.അതിനു മറ്റൊരു പക്ഷിയോടുണ്ടായിരുന്ന അളവറ്റ സ്ണേഹം ആയിരുന്നു അതിനു കാരണം. തണുപ്പ്‌ കാലം തുടങ്ങിയപ്പോള്‍ മീവല്‍പ്പക്ഷിക്ക്‌ പോകാതെ വയ്യെന്നായി.അത്‌ തന്റെ ഇണയെ ഈജിപ്റ്റിലെക്ക്‌ ക്ഷണിച്ചു. പക്ഷേ ജന്മനാട്‌ വിട്ട്‌ പോക്കാന്‍ ഇണ കൂട്ടാക്കിയില്ല.വേദനയോടെ മീവല്‍പക്ഷി യാത്ര പറഞ്ഞു. ഈജിപ്റ്റിലേക്ക്‌ മടങ്ങുമ്പോളാണ്‌ അത്‌ നഗരമധ്യത്തില്‍ എത്തിയത്‌.

നേരം ഇരുട്ടി.നിലാവുദിച്ചിട്ടില്ല.രാത്രി കഴിഞ്ഞു കൂടാന്‍ ഒരു താവളം വേണം.നഗരമധ്യത്തില്‍ അത്‌ വട്ടമിട്ട്‌ പറന്നു.അപ്പൊഴാണു മീവല്‍ ആ സ്വര്‍ണ്ണപ്രതിമ കണ്ടത്‌. ഇതു തന്നെ പറ്റിയ താവളം. പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ അതിരുന്നു.കാലുകളൊതുക്കി,ചുണ്ട്‌ ചിറകുകള്‍ക്കിടയില്‍ തിരുകി. കണ്ണുകളടച്ചു.മീവല്‍ പക്ഷി ഉറക്കം ആരംഭിച്ചു.

മയക്കം ആരംഭിക്കുമ്പോളാണ്‌ തന്റെ ശരീരത്തില്‍ ഒരു തുള്ളി വെള്ളം വന്ന് വീണത്‌.
മീവല്‍ പക്ഷി ഞെട്ടിയുണര്‍ന്നു.

മഴയോ മഴക്കാറോ ഇല്ല. പിന്നെ ഈ ജലം എവിടെ നിന്ന്?അപ്പൊഴിതാ വീണ്ടും ഒരു തുള്ളി കൂടി വീണു. പറന്ന് പൊയ്ക്കളയാമെന്ന് കരുതി ചിറക്‌ വിരിച്ചപ്പോള്‍ വീണ്ടും ഒരു തുള്ളി കൂടി!.മീവല്‍പക്ഷി നോക്കി.പ്രതിമയുടെ കണ്ണുകളില്‍ നിന്നാണ്‌ കണ്ണുനീര്‍ത്തുള്ളികള്‍ അടര്‍ന്നടര്‍ന്ന് വീഴുന്നത്‌.

സന്തോഷവാനായ രാജകുമാരന്‍ കരയുന്നു!പക്ഷിയുടെ ഹൃദയം അലിഞ്ഞു.

"അങ്ങ്‌ ആരാണ്‌?" പക്ഷി ചോദിച്ചു."

"സന്തോഷവാനായ രാജകുമാരന്‍" പ്രതിമ മറുപടി പറഞ്ഞു.

"അങ്ങ്‌ എന്തിനാണ്‌ കരയുന്നത്‌? എന്റെ ദേഹം മുഴുവന്‍ അങ്ങയുടെ കണ്ണുനീരിനാല്‍ കുതിര്‍ന്നു കഴിഞ്ഞല്ലോ!"

"ജീവിച്ചിരുന്നപ്പോള്‍ കണ്ണീരെന്തെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല.ഞാന്‍ ജീവിച്ചിരുന്ന കൊട്ടാരത്തിലേക്ക്‌ സങ്കടം കടന്നു വരുവാന്‍ അനുവദിച്ചിരുന്നില്ല. ജനങ്ങള്‍ എന്നെ "സന്തോഷവാനായ രാജകുമാരന്‍" എന്ന് വിളിച്ചു. ഞാന്‍ മരിച്ചപ്പോള്‍ അവര്‍ എന്നെ ഇവിടെ പ്രതിഷ്ഠിച്ചു.

"ഇപ്പോള്‍ ഈ നഗരം എനിക്ക്‌ കാണാന്‍ കഴിയും. ജനങ്ങളുടെ ദുഖങ്ങളും ദുരിതങ്ങളും ഞാന്‍ കാണുന്നു.എനിക്ക്‌ അത്‌ സഹിക്കാനാവുന്നില്ല."

"നോക്കൂ, ദൂരെ ജീര്‍ണ്ണിച്ച ആ ചെറിയ കുടിലില്‍ ഒരു പാവപ്പെട്ട സ്ത്രീ ഉറക്കമിളച്ചിരുന്നു തുന്നുന്നത്‌ കണ്ടോ?പട്ടിണി കൊണ്ട്‌ വലഞ്ഞ അവളുടെ കൈവിരലുകളില്‍ സൂചിപ്പാടുകള്‍ വീണിട്ടുണ്ട്‌.അവളുടെ കൊച്ചുമകന്‍ പനി പിടിച്ച്‌ തളര്‍ന്ന് കിടക്കുന്നു.അവനു കോരിക്കൊടുക്കാന്‍ പച്ചവെള്ളമല്ലാതെ അവള്‍ക്കൊന്നുമില്ല.

രാജ്ഞിയുടെ നൃത്തസദസ്സില്‍ ചെറുപ്പക്കാരിയായ നര്‍ത്തകിക്ക്‌ ധരിക്കുവാനുള്ള പട്ടുടുപ്പിന്‌ അവള്‍ പൂക്കള്‍ തുന്നിച്ചേര്‍ക്കുന്നു.പനിച്ച്‌ കിടക്കുന്ന അവളുടെ ഓമനമകന്‍ മധുരനാരങ്ങ സ്വപ്നം കണ്ട്‌ മയങ്ങുന്നു...

"എന്റെ മീവല്‍പ്പക്ഷീ,എന്റെ വാളിന്റെ പിടിയിന്മേല്‍ പതിച്ചിട്ടുള്ള ഈ ചുവന്ന രത്നക്കല്ല് നീ കൊത്തിയെടുത്ത്‌ അവള്‍ക്ക്‌ കൊണ്ട്‌ പോയി കൊടുക്കൂ. അവര്‍ എന്നെ ഇവിടെ ഉറപ്പിച്ച്‌ നിര്‍ത്തിയിരിക്കുകയാണ്‌. എനിക്കനങ്ങാന്‍ കഴിവില്ല."

"എനിക്ക്‌ ഈജിപ്റ്റില്‍ എത്തണം."- മീവല്‍പ്പക്ഷി പറഞ്ഞു. "എന്റെ കൂട്ടൂകാര്‍ അവിടെ എത്തിക്കഴിഞ്ഞു. നാളെ അവര്‍ നൈല്‍നദിയുടെ മുകളിലൂടെ ഉയര്‍ന്നു പറക്കും;പിന്നീട്‌ അവ താണിറങ്ങി അവിടെയുള്ള താമരപ്പൂക്കളീല്‍ വിശ്രമിക്കുകയും ചെയ്യും.രാത്രിയില്‍ അവിടത്തെ രാജാക്കന്മാരുടെ കല്ലാറകളില്‍ കയറി സുഖമായി ഉറങ്ങും. ഞാന്‍ പോകട്ടെ..."

"എന്റെ കൊച്ചുപക്ഷിയല്ലേ, എന്നെയൊന്ന് സഹായിക്കൂ...അതാ ആ കുട്ടി മധുരനാരങ്ങയ്ക്ക്‌ വേണ്ടി കരയുന്നു...."

പക്ഷിയുടെ മനസ്സലിഞ്ഞു. അത്‌ വാളിന്റെ പിടിയില്‍ നിന്ന് വിലയേറിയ ആ രത്നം കൊത്തിയെടുത്ത്‌ കൊണ്ട്‌ കുടിലിലേക്ക്‌ പറന്നു.

രാജകൊട്ടാരത്തിന്റെ മുകളിലൂടെ പറക്കുമ്പോള്‍ ഒരു യുവാവും യുവതിയും മട്ടുപ്പാവിലിരുന്നു സല്ലപിക്കുന്നത്‌ കണ്ടു.

അയാള്‍ പറയുന്നു " ഈ നക്ഷത്രങ്ങള്‍ എത്ര മനോഹരം.! നിന്റെ പ്രേമം പോലെ!"

അവള്‍ പറയുന്നു.."എനിക്ക്‌ നാളെ നൃത്തം ഉണ്ട്‌.നൃത്തതിനു ധരിക്കാനുള്ള ഉടുപ്പില്‍ പൂക്കള്‍ തുന്നുന്നതിന്‌ ആ തയ്യല്‍ക്കാരിയെ ഏല്‍പ്പിച്ചിരിക്കുന്നു.നശിച്ചവള്‍ അത്‌ തീര്‍ത്തു തരുമോ ആവോ..?"

താന്‍ അന്വേഷിച്ച്‌ പോകുന്ന തയ്യല്‍ക്കാരിയെപ്പറ്റിയാണ്‌ അവള്‍ ഈര്‍ഷ്യയോടെ സംസാരിക്കുന്നതെന്ന് പക്ഷി മനസ്സിലാക്കി.

പക്ഷി ആ കുടിലില്‍ എത്തി. തയ്യല്‍ക്കാരി തന്റെ തളര്‍ന്ന കൈകളീല്‍ തല താങ്ങിയിരുന്ന് മയങ്ങുകയായിരുന്നു.അവളുടെ മകന്‍ പനിയുടെ ശക്തി കൊണ്ട്‌ കിടന്നു പിടയുന്നു.

പക്ഷി രത്നം അവളുടെ കൈകളില്‍ വെച്ചു. മകന്റെ ചുറ്റും ചിറകുകള്‍ വീശി ഒന്നു വട്ടമിട്ടു പറന്നു. എന്നിട്ട്‌ അത്‌ പറന്നുയര്‍ന്നു പോയി.

തിരിച്ചെത്തിയ ശേഷം സംഭവങ്ങളെല്ലാം പക്ഷി പ്രതിമയോടു പറഞ്ഞു. തനിക്ക്‌ തണുപ്പ്‌ തീരെ തോന്നുന്നില്ലെന്നും അത്‌ പറഞ്ഞു.

"ഒരു നല്ല പ്രവൃത്തി ചെയ്തതിന്റെ ഫലമായിട്ടാണ്‌ നിനക്ക്‌ തണുപ്പ്പ്പ്‌ തോന്നാത്തത്‌"പ്രതിമ പറഞ്ഞു. പ്രതിമയുടെ പാദങ്ങള്‍ക്കിടയില്‍ ഒതുങ്ങിയിരുന്ന് പക്ഷി സുഖമായി ഉറങ്ങി.

പിറ്റേന്ന് പകല്‍ നഗരം മുഴുവന്‍ ചുറ്റി പരരന്നു കണ്ടു. പള്ളിമണിയുടെ സമീപത്തിരുന്നു അത്‌ പകല്‍ക്കിനാവു നെയ്തു. അന്ന് ഈജിപ്റ്റിലേക്കു പോകാമെന്ന ചിന്ത അതിനെ സന്തോഷിപ്പിച്ചു.

നേരം ഇരുണ്ട്‌ തുടങ്ങി. ഇരുളറിയാത്ത വണ്ണം ചന്ദ്രന്‍ പ്രകാശിച്ചു. പൂനിലാവില്‍ കഠിനമായ തണുപ്പില്‍, വിറച്ച്‌ കൊണ്ട്‌ അത്‌ പ്രതിമയുടെ സമീപം പറന്നെത്തി യാത്ര ചോദിച്ചു.

സങ്കടം കലര്‍ന്ന ശബ്ദത്തില്‍ പ്രതിമ പറഞ്ഞു." എന്റെ കുഞ്ഞു പക്ഷിയല്ലേ..ഒരു രാത്രി കൂടെ എന്നോടൊത്ത്‌ കഴിയൂ".
"എന്റെ കൂട്ടൂകാര്‍ ഞാന്‍ ചെല്ലുന്നതും കാത്ത്‌ അവിടെ കഴിയുന്നു. അവര്‍ നൈല്‍ നദിയുടെ തീരങ്ങളില്‍ പറന്നു കളിക്കുകയും , വെള്ളച്ചാട്ടങ്ങളൂം പൂവണിഞ്ഞ കാടുകലൂം കണ്ട്‌ രോമാഞ്ചം അണിയുകയുമാവാം.രാത്രിയില്‍ അവര്‍ അവിടെ ക്ഷേത്രഗോപുരങ്ങളില്‍ തണുപ്പറിയാതെ ഉറങ്ങുകയും ചെയ്യും. ദയവായി എന്നെ പോകാനനുവദിക്കൂ.." മീവല്‍ പക്ഷി കേണു.

"മീവല്‍പ്പക്ഷീ.., അതാ നഗരത്തിലെ ഒരൊഴിഞ്ഞ കോണില്‍ വായു സഞ്ചാരം കുറഞ്ഞ ഇരുണ്ട കൊച്ച്‌ മുറിയില്‍ ഒരു യുവാവ്‌ ഏകനായ്‌ ഇരിക്കുന്നു.പാറിപ്പറക്കുന്ന തലമുടിയും സ്വപ്നം കാണുന്ന വലിയ കണ്ണൂകളും ഉള്ള ആ ചെറുപ്പക്കരന്‍ ഒരു നാടകം എഴുത്തുകാരന്‍ ആണ്‌. അയാള്‍ ആഹാരം കഴിച്ചിട്ട്‌ രണ്ട്‌ ദിവസം ആയി.വിശപ്പും കൊടും തണുപ്പും നിമിത്തം അവനു ഒന്നും എഴുതാന്‍ കഴിയുന്നില്ല.എന്റെ ഒരു കണ്ണിലെ ഇന്ദ്രനീലക്കല്ല് കൊത്തിയെടുത്ത്‌ കൊണ്ട്‌ പോയി നീ അവനു കൊടുക്കൂ"

"കണ്ണ്‍ കൊത്തിയെടുക്കുകയോ? എനിക്കതാവില്ല" പക്ഷി കരയുന്ന ശബ്ദത്തില്‍ പറഞ്ഞു.

പ്രതിമ യാചിച്ചു." എന്റെ ഓമനപ്പക്ഷിയല്ലേ, അങ്ങനെ ചെയ്യൂ"

മനസില്ലാ മനസ്സോടെ മീവല്‍പ്പക്ഷി പ്രതിമയുടെ കണ്ണ്‍ കൊത്തിയെടുത്തു. അതും ചുണ്ടില്‍ പിടിച്ച്‌ കൊണ്ട്‌ പറന്ന് ചെറുപ്പക്കാരന്റെ മേശയില്‍ ചെന്നിരുന്നു;അതവിടെ വെച്ചിട്ട്‌ പക്ഷി തല്‍ക്ഷണം തിരിച്ച്‌ പോയി.

തന്റ്‌ ആരാധകരാരോ തനിക്ക്‌ തന്ന സമ്മാനം ആണതെന്ന് നാടക കൃത്ത്‌ കരുതി.തന്റെ കഴിവില്‍ അയാള്‍ക്കഭിമാനം തോന്നുകയും ചെയ്തു.

മീവല്‍ പക്ഷി പ്രതിമയുടെ പാദങ്ങളില്‍ ഇരുന്നു അന്നും സുഖമായി ഉറങ്ങി.പിറ്റേന്നും പക്ഷി പല സ്ഥലങ്ങളിലും പറന്നലഞ്ഞു.അന്നു നിലാവുദിച്ചപ്പ്പ്പോള്‍ രാജകുമാരന്റെ തോളില്‍ ചെന്നിരുന്ന് യാത്ര ചോദിച്ചു..

"നീ ഒരു രാത്രി കൂടി എന്നോടൊത്ത്‌ താമസിക്കില്ലേ?" രാജകുമാരന്‍ വീണ്ടും കേണപേക്ഷിച്ചു..ഇവിടെ ഇപ്പോള്‍ തണുപ്പ്‌ കൂടിക്കൂടി വരുന്നു. ഈജിപ്റ്റില്‍ ഇപ്പോള്‍ നല്ല കാലവസ്ഥയാണ്‌.എന്റെ കൂട്ടുകാര്‍ അവിടെ ബാല്‍ബെക്കിന്റെ കുടീരഗോപുരത്തില്‍ കൂടുകെട്ടുകയാവും, എന്റെ പ്രഭോ എനിക്ക്‌ വിട തരൂ"- മീവല്‍പ്പക്ഷി യാചിച്ചു.

"നോക്കൂ,ആ തെരുവില്‍ ഒരു പെണ്‍കുട്ടി കൊടും തണൂപ്പില്‍ ആലില പോലെ വിറയ്ക്കുന്നു. അവള്‍ തീപ്പെട്ടീ വില്‍പനക്കരിയാണ്‌.അവളുടെ തീപ്പെട്ടികള്‍ മുഴുവന്‍ ഓടയില്‍ വീണു പോയി.വെറും കയ്യോടെ അവള്‍ മടങ്ങിയെത്തുമ്പോള്‍ അച്ഛന്‍ ക്രൂരമായി അവളെ അടിക്കും. അവള്‍ ഭയന്നു നിലവിളിക്കുന്നു.എന്റെ മറ്റേ കണ്ണ്‍ കൂടി കൊത്തിയെടുത്ത്‌ ആ പെണ്‍കുട്ടിക്ക്‌ കൊടുക്കൂ..

മീവല്‍ പക്ഷി പൊട്ടിക്കരഞ്ഞു.

"ഈ രാത്രി കൂടി ഞാന്‍ അങ്ങയോടൊത്ത്‌ താമസിക്കാം.പക്ഷേ അങ്ങയുടെ ആ കണ്ണ്‍ കൂടെ കൊത്തിയെടുത്ത്‌ അങ്ങയെ അന്ധനാക്കന്‍ എനിക്കാവില്ല.എനിക്കതിനു കഴിവില്ല: പക്ഷിയുടെ കണ്ണു നീര്‍ അണ പൊട്ടിയൊഴുകി.പ്രതിമ വഴങ്ങിയില്ല." സാരമില്ല നീയിത്‌ കൂടി ചെയ്യണം." രാജകുമാരന്റെ നിര്‍ബന്ധം നിരസിക്കാന്‍ പക്ഷിക്ക്‌ കഴിഞ്ഞില്ല.അവശേഷിച്ച കണ്ണും കൂടി കൊത്തിക്കൊണ്ട്‌ പക്ഷി ആ പെണ്‍കുട്ടിയുടെ അടുത്തേക്ക്‌ പറന്നു.അത്‌ അവള്‍ക്ക്‌ കൊടുത്തു. അവള്‍ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി.

വളരെ മൂകനായി മീവല്‍പക്ഷി തിരിച്ച്‌ വന്നു.അതു രാജകുമാരന്റെ തോളില്‍ ഇരുന്നു സൗമ്യനായി പറഞ്ഞു: അങ്ങ്‌ അന്ധനായിതീര്‍നിരിക്കുന്നു.ഇനി ഞാന്‍ അങ്ങയെ വിട്ട്‌ പിരിയില്ല അങ്ങയോടൊത്ത്‌ ഇവിടെ തന്നെ താമസിക്കും."

"എന്റെ കൊച്ചുപക്ഷീ. നീ ഈജിപ്റ്റിലേക്ക്‌ പറന്ന് പോകൂ..ഇവിടുത്തെ തണുപ്പ്‌ നിനക്ക്‌ സഹിക്കാനാവില്ല."

മീവല്‍പക്ഷി പോയില്ല! അത്‌ പ്രതിമയുടെ കാല്‍ക്കീഴില്‍ കിടന്നുറങ്ങി.

പിറ്റേന്ന് പകല്‍ പക്ഷി രാജകുമാരന്റെ തോളില്‍ ഇരുന്നു.താന്‍ നഗരത്തില്‍ കണ്ട ദുരിതങ്ങളുടെ കഥ കുമാരനെ പറഞ്ഞു കേള്‍പ്പിച്ചു.വിശപ്പും തണുപ്പും കൊണ്ട്‌ വലയുന്ന കുട്ടികളെ ചില ക്രൂരന്മാര്‍ ആട്ടിയോടിച്ച കഥയും പക്ഷി പറഞ്ഞു.

"എന്റെ ദേഹത്ത്‌ പതിച്ചിട്ടുള്ള സ്വര്‍ണ്ണപ്പാളികളെല്ലാം ഓരോന്നയി കൊത്തിക്കൊണ്ട്‌ പോയി അവര്‍ക്കെല്ലാം കൊടുക്കൂ.അവര്‍ സന്തോഷിക്കട്ടെ." പ്രതിമ ആവശ്യപ്പെട്ടു. മീവല്‍പ്പക്ഷി അതു പോലെ ചെയ്തു.

രാത്രി ഇഴഞ്ഞു നീങ്ങി. മഞ്ഞ്‌ ശക്തമായി വീഴാന്‍ തുടങ്ങി.പക്ഷിക്ക്‌ തണുപ്പ്‌ സഹിക്കന്‍ വയ്യാതായി.ഭക്ഷണം പോലും ലഭിചില്ല..ഈ തണുപ്പില്‍ താന്‍ രക്ഷപ്പെടുകയില്ലെന്ന് അതിന്‌ ബോധ്യമായി. വിറച്ച്‌ വിറച്ച്‌ അത്‌ രാജകുമാരന്റെ തോളില്‍ പറന്നു കയറി.വിറയാര്‍ന്ന ശബ്ദത്തില്‍ അതപേക്ഷിച്ചു."പ്രഭോ..അങ്ങയുടെ കൈകളീല്‍ ചുംബിക്കാന്‍ എന്നെ അനുവദിച്ചാലും.."
"നീ എന്റെ കൈകളില്‍ ചുംബിക്കൂ..എന്നിട്ട്‌ ഈജിപ്റ്റിലേക്ക്‌ പറന്ന് പോകൂ.." പ്രതിമ നേരിയ ശബ്ദത്തില്‍ പറഞ്ഞു.

ഞാന്‍ ഈജിപ്റ്റിലേക്കല്ല തണുപ്പും ദാരിദ്ര്യവും നന്ദികേടും ഇല്ലാത്ത ഒരിടത്തേക്ക്‌ പോകാനുള്ള ഒരുക്കമാണ്‌.

അത്‌ മെല്ലെ രാജാവിന്റെ കൈകളില്‍ ചുംബിച്ചു.അതിന്റെ ചിറകുകള്‍ കുഴഞ്ഞു. ചുണ്ടുകള്‍ ഒരു വശത്തേക്ക്‌ കോടി. പ്രതിമയുടെ പാദങ്ങളിലെക്ക്‌ ഊര്‍ന്നു വീണു.പിന്നീടത്‌ അനങ്ങിയില്ല.

പ്രതിമയുടെ ഉള്ളില്‍ എന്തോ ശക്തമായി പൊട്ടിത്തെറിച്ചു.ഹൃദയം രണ്ടായി പിളര്‍ന്നു പോയതിന്റ ശബ്ദമായിരുന്നു അത്‌ നഗരത്തിലെ ഭരണാധികാരി അതിലേ കടന്നു പോയപ്പോള്‍ ഹൃദയം പൊട്ടിയ ആ പ്രതിമ കണ്ടു..

"ഈ പ്രതിമയ്ക്കെന്തു പറ്റി? നമുക്ക്‌ സന്തോഷവാനായ രാജകുമാരന്റെ പ്രതിമയുടെ സ്ഥാനത്ത്‌ മറ്റൊരു നല്ല പ്രതിമ വെയ്ക്കണം."ഭരണാധികാരി അഭിപ്രായപ്പെട്ടു. മറ്റുദ്യൂഗസ്ഥരും അതംഗീകരിച്ചു. ആരുടെ പ്രതിമ വെയ്ക്കണമെന്നായി ആലോചന. ഓരോരുത്തരും അവരവരുടെ പ്രതിമ വെയ്ക്കാണമെന്ന് വാദിച്ചു.അവര്‍ ബഹളം തുടങ്ങി.

സന്തോഷവാനായ രാജകുമാരന്റെ പ്രതിമ ഉരുക്കാന്‍ ചുമതലപ്പെട്ട്വര്‍ എത്ര ശ്രമിച്ചിട്ടും അതിന്റെ ഹൃദയം ഉരുകിയില്ല.അവര്‍ അതെടുത്ത്‌ ദൂരെയെറിഞ്ഞു. രാജകുമാരന്റെ ഹൃദയം ചെന്നു വീണത്‌ നേരത്തെ അവര്‍ എടുത്ത്‌ കളഞ്ഞ മീവല്‍ പക്ഷിയുടെ ജഡത്തിനു സമീപം ആയിരുന്നു. ചപ്പു ചവറുകലുടെ കൂട്ടത്തില്‍ അവ രണ്ടും അവിടെ കിടന്നു.

അടുത്ത ദിവസം ആ നഗരത്തിലെ ഏറ്റവും വിലപ്പെട്ട സാധങ്ങള്‍ എടുത്ത്‌ കൊണ്ട്‌ വരാന്‍ സ്വര്‍ഗത്തിരുന്ന് ദൈവം ദൂതന്മാരോട്‌ കല്‍പിച്ചു.ദൂതന്മാരില്‍ ഒരാള്‍ മാടപ്രാവിനെ പോലെ വെള്ളച്ചിറകും വിരിച്ച്‌ ഭൂമിയിലെത്തി.ആ ദൂതന്‍ എടുത്ത്‌ കൊണ്ട്‌ പോയത്‌ പ്രതിമയുടെ പൊട്ടിയ ഹൃദയവും മീവല്‍ പക്ഷിയുടെ ജഡവും ആയിരുന്നു.

"നീ തെരഞ്ഞെടുത്തത്‌ ഉചിതമായി" ദൈവം അരുളിച്ചെയ്തു. "ഈ മീവല്‍ പക്ഷി സ്വര്‍ഗീയ ഉദ്യാനതില്‍ ഇരുന്ന് എന്നെന്നും മധുര ഗാനം പൊഴിക്കും. സ്വര്‍ഗത്തിലെ സുവര്‍ണ്ണ നഗരത്തില്‍ ഇരുന്ന് സന്തോഷവാനായ രാജകുമാരന്‍ എന്റെ കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്യും"

Tuesday, September 21, 2010

ഇക്കാറസ്സിന്റെ ചിറകുകള്‍

ദിദാലസ്‌ അതി സമര്‍ഥനായ ഒരു കലാകാരന്‍ ആയിരുന്നു. അതിലുപരി ഒരു നല്ല കല്ലാശാരിയും.ക്രീറ്റിലെ രാജാവായ മിനോസ്‌ അയാളോട്‌ ഒരു വലിയ കോട്ട നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടു."കോട്ടയ്ക്കകത്തെ വഴികള്‍ വളഞ്ഞു തിരിഞ്ഞതും ഒന്നിനെ മറ്റൊന്ന് പലയിടത്തും മുറിച്ച്‌ കടക്കുന്നതും ചുറ്റിത്തിരിഞ്ഞ്‌ പോവുന്നതും ആയിരിക്കണം." രാജാവ്‌ ആജ്ഞാപിച്ചു." അതിനകത്ത്‌ പെടുന്ന ഒരാള്‍ക്ക്‌ ഒരിക്കലും പുറത്ത്‌ കടക്കാന്‍ കഴിയരുത്‌".

ദിദാലസ്‌ കുഴഞ്ഞ്‌ മറിഞ്ഞ കുരുക്ക്‌ വഴികളുള്ള ഒരു ദുര്‍ഗ്ഗം നിര്‍മ്മിച്ചു. രാജാവ്‌ അത്‌ കണ്ടപ്പോള്‍ തികച്ചും സംതൃപ്തനായി. പക്ഷേ വളരെ നാള്‍ ചെല്ലുന്നതിന്‌ മുന്‍പ്‌ അവര്‍ തമ്മില്‍ എന്തിനോ പിണങ്ങി. മിനോസ്‌ രാജവ്‌ ദിദാലസിനെ ആ കോട്ടയ്ക്കുളില്‍ അടച്ചു. അയാളുടെ കൂടെ ബാലനായ മകന്‍ ഇക്കാറസുമുണ്ടായിരുന്നു.

തുറുങ്കില്‍ നിന്ന് രക്ഷപ്പെടുവാന്‍ ദിദാലസ്‌ വളരെക്കാലം ശ്രമിച്ച്‌ കൊണ്ടിരുന്നു.അദ്ദേഹം അവസാനം തുരുങ്കില്‍ നിന്ന് പുറത്ത്‌ ചാടി.;പക്ഷേ ക്രീറ്റ്‌ ഒരു ദ്വീപായത്‌ കൊണ്ട്‌ തടവുകാര്‍ക്ക്‌ കടല്‍ കടന്നാലേ പൂര്‍ണ്ണരക്ഷ ലഭിക്കുകയുള്ളൂ.

രാജാവ്‌ കടല്‍ത്തീരത്തിന്‌ ചുറ്റും കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. "തുറമുഖത്ത്‌ നിന്ന് പുറപ്പെടുന്ന ഓരോ കപ്പലും യാത്ര തിരിക്കുന്നതിന്‌ മുന്‍പ്‌ കര്‍ശനമായി പരിശോധിക്കണം."രാജകല്‍പന ഇടിനാദം പോലെ മുഴങ്ങി.ദിദാലസ്‌ ഇത്‌ കേട്ട്‌ നിരാശനായി.എങ്ങനെ ആ ദ്വീപില്‍ നിന്ന് രക്ഷപ്പെടുമെന്ന് അദ്ദേഹം ചുഴിഞ്ഞാലോച്ചിച്ചു.അവസാനം ആകാശത്തിലേക്ക്‌ അദ്ദേഹം തലയുയര്‍ത്തി നോക്കി.

"കരയുടെയും കടലിന്റെയും രാജാവായിരിക്കാം മിനോസ്‌.-ദിദാലസ്‌ ഓര്‍ത്തു. പക്ഷേ അയാള്‍ കടലിന്റെ രാജാവല്ലല്ലോ..ഞാന്‍ വായുവിലൂടെ ചിറകിന്മേല്‍ രക്ഷപ്പെടും."

ദിദാലസ്‌ വെളുത്ത്‌ കനം കുറഞ്ഞ തൂവലുകള്‍ ശേഖരിച്ച്‌ ഒരു കൂമ്പാരം ഉണ്ടാക്കി.അവ ചെറുതും വലുതുമായി തരം തിരിച്ചു.പിന്നീട്‌ ഏറ്റവും ചെറുതില്‍ തുടങ്ങി,അവ ഓരോന്നായി മെഴുക്‌ കൊണ്ട്‌ ബലമായി ഉറപ്പിച്ചു. വലിയ തൂവലുകള്‍ വന്നപ്പ്പ്പോള്‍ ചെരുതിന്റെ ഇടയിലൂടെ അവ തുന്നുപ്പിടിപ്പിച്ചു സുന്ദരമായ ഒരു ജോടി ചിറകുകള്‍ ഉണ്ടാക്കി.

പണി തീര്‍ന്നപ്പോള്‍ ദിദാലസ്‌ തന്റെ ചുമലുകളില്‍ ആ ചിറക്‌ വെച്ച്‌ കെട്ടി പൊക്കമുള്ള ഒരു സ്ഥലത്ത്‌ നിന്ന് താഴോട്ട്‌ ചാടി.തനിക്ക്‌ പറക്കാന്‍ കഴിയുമെന്ന് ബോദ്ധ്യമായപ്പോള്‍ ആഹ്ലാദം കൊണ്ട്‌ അദ്ദേഹം മതി മറന്നു.അദ്ഭുദ സ്തബ്ധനായി നില്‍ക്കുന്ന മകന്‍ ഇക്കാറസിന്റെ അടുത്തേക്ക്‌ ആ പിതാവ്‌ പറന്നിറങ്ങി.

"എനിക്കും ചിറകുകളുണ്ടാക്കിത്തരൂ:-അങ്ങയെ ഞാനും സഹായിക്കാം ഇക്കാറസ്‌ അപേക്ഷിച്ചു.

ഇക്കാറസ്‌ തന്റെ അച്ഛന്‍ കൊണ്ട്‌ വന്ന തൂവലുകള്‍ തരം തിരിക്കാന്‍ തുടങ്ങി. ദിദാലസ്‌ അവ മെഴുക്‌ കൊണ്ട്‌ ഒട്ടിച്ച്‌ മുന്‍പത്തെപ്പ്പ്പോലെ രണ്ട്‌ ചിറകുകള്‍ കൂടി ഉണ്ടാക്കി.വിറക്കുന്ന കൈകള്‍ കൊണ്ട്‌ അദ്ദേഹം അത്‌ മകന്റെ ചുമലില്‍ ബന്ധിച്ചു.

ഇക്കാറസ്‌ തന്റെ വലിയ തൂവല്‍ച്ചിറകുകള്‍ നിയന്ത്രിക്കാന്‍ വളരെ വേഗം പഠിച്ചു.ഒരു വലിയ പക്ഷിയെപ്പോലെ മകന്‍ അവിടെയും ഇവിടെയും പറന്ന് കളിക്കുന്നത്‌ ദിദാലസ്‌ സന്തോഷത്തോടെ നോക്കി നിന്നു.

മകനും കൂടി സമര്‍ഥമായി ചിറകുകള്‍ കൈകാര്യം ചെയ്യാമെന്നായപ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ദിദാലസ്‌ തയ്യാറാക്കി.

"സൂര്യനുദിക്കുമ്പോള്‍ നമുക്ക്‌ പുറപ്പെടണം".ദിദാലസ്‌ മകനോട്‌ പറഞ്ഞു. "കടല്‍ താണ്ടി മറുകരയില്‍ പറന്നെത്താന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടിയിരിക്കുന്നു.ഇക്കാറസ്‌ നീ സുഖമായുറങ്ങി നാളെ നേരത്തേ എഴുനേല്‍ക്കൂ."

സൂര്യനുദിച്ചപ്പോള്‍ ദിദാലസ്‌ ചിറകുകള്‍ സ്വയം വരിഞ്ഞ്‌ കെട്ടി;എന്നിട്ട്‌ മകന്റേത്‌ കെട്ടിക്കൊടുകുക്കയും ചെയ്തു.

"എന്നെ അനുഗമിച്ചാല്‍ മതി.വളരെ താണ്‌ പറക്കരുത്‌.കടല്‍ത്തിരകളില്‍ നിന്ന് തെറിക്കുന്ന ജലകണങ്ങള്‍ വീണ്‌ ചിറകുകള്‍ നനഞ്ഞ്‌ പോകും.തൂവലുകള്‍ കട്ട പിടിക്കാന്‍ അത്‌ കാരണമാകും..വളരെ ഉയരത്തിലും പറക്കരുത്‌. കാരണം സൂര്യന്റെ ചൂടെല്‍ക്കുമ്പോള്‍ ചിറകിലെ മെഴുകുരുകി താഴെ വീഴാനിടയാകും.മധ്യ മാര്‍ഗ്ഗത്തിലൂടെ പറക്കുന്നതാണ്‌ സുരക്ഷിതം."

ഈ ഉപദേശം നല്‍കിയ ശേഷം ദിദാലസ്‌ പറന്നുയര്‍ന്നു.ആവേശഭരിതനായി പുത്രനും അദ്ദേഹത്തെ പിന്തുടര്‍ന്നു. വയലുകള്‍ക്കും മലകള്‍ക്കും മേലെ അവരങ്ങനെ പറന്നുയര്‍ന്നു.ആട്ടിടയന്മാരും ഉഴവുകാരും അദ്ഭുദകരമായ ആ കാഴ്ച അമ്പരപ്പോടെ നോക്കി നിന്നു.

"അതാ രണ്ട്‌ ദേവന്മാര്‍ പറന്ന് പോകുന്നു." കാഴ്ചക്കാര്‍ വിളിച്ച്‌ പറന്നു.ഭക്തിപൂര്‍വ്വം ജനങ്ങള്‍ മുട്ട്‌ കുത്തി.

ദിദാലസും ഇക്കാറസും ആ ദ്വീപ്‌ പിന്നിട്ടു.കടലിന്‌ മീതേ പറക്കാന്‍ തുടങ്ങി.ഇക്കാറസ്‌ സന്തോശവും ആവേശവും കൊണ്ട്‌ മതി മറന്നു. തന്റെ വലിയ ചിറകുകള്‍ തികച്ചും സുരക്ഷിതമാണെന്ന ബോധത്തോടെ ആ യുവാവ്‌ കൂടുതല്‍ ഉയരത്തിലേക്ക്‌ പൊങ്ങി. തണുത്ത്‌ വിറച്ചിരുന്ന അവന്‌ സൂര്യന്റെ ചൂട്‌ വളരെ സൗഖ്യം നല്‍കി; അതോടെ അവന്റെ ആവേശം നിയന്ത്രണാതീറ്റം ആയി. കൂടുതല്‍ ഉയരത്തിലേക്ക്‌ പറക്കാന്‍ അവന്‍ വെമ്പല്‍ കൊണ്ടു.

ഇക്കാറസ്‌ നില വിട്ട്‌ ആകാശത്തിലുയര്‍ന്നു.ചൂട്‌ കൂടിക്കൂടി വന്നു.ചിറകുകള്‍ കൂട്ടിയൊട്ടിച്ചിരുന്ന മെഴുക്‌ സൂര്യന്റെ ചൂടില്‍ ഉരുകിയൊലിച്ചു.;തൂവലുകളുടെ ബന്ധം അയഞ്ഞു. അവ ഓരോന്നായി താഴോട്ട്‌ പൊഴിഞ്ഞ്‌ വീണ്‌ തുടങ്ങി.ഇക്കാറസ്‌ ഭയത്തോടെ മേല്‍പ്പോട്ടും കീഴ്പ്പോട്ടും കയ്യിട്ട്‌ തല്ലി.പക്ഷേ അവനെ താങ്ങാന്‍ ആ ചിറകുകള്‍ക്ക്‌ കഴിയാതെ ആയി.ഇക്കാറസ്‌ നിയന്ത്രണം വിട്ട്‌ താഴോട്ട്‌ പോരുകയാണ്‌ .താഴോട്ട്‌;..വീണ്ടും താഴോട്ട്‌.....അവസാനം ആര്‍ത്തനാദത്തോടെ അയാള്‍ സമുദ്രത്തില്‍ പതിച്ചു.;തിരമാലകള്‍ അവനെ വിഴുങ്ങി.

തന്റെ പുത്രന്‍ പിറകില്‍ തന്നെ ഇല്ലേ എന്നറിയാന്‍ ദിദാലസ്‌ തിരിഞ്ഞ്‌ നോക്കി.മകനെ അവിടെയെങ്ങും കാണാനില്ല.ഭയന്ന് വിറച്ച്‌ ദിദാലസ്‌ നിലവിളിച്ചു. "ഇക്കാറസ്‌,ഇക്കാറസ്‌, എന്റെ പൊന്നുമകനേ നീയെവിടെ?"

ഒരു മറുപട്ടിയും ഇല്ല.! നിരാശയോടെ ദിദാലസ്‌ താഴോട്ട്‌ കുതിച്ചു.ജലനിരപ്പിന്‌ മീതേ വട്ടമിട്ടു പറന്ന് അവിടെയെല്ലാം തിരഞ്ഞു. അങ്ങു ദൂരെ തിരമാലകളില്‍ തന്റെ പുത്രന്റെ ചിറകുകളിലെ തൂവലുകള്‍ ഒഴുകി നടക്കുന്നത്‌ ആ പിതാവ്‌ നിറഞ്ഞ കണ്ണുകളൊടെ കണ്ടു.

പുത്രന്‍ മുങ്ങി മരിച്ചുവെന്ന് ദിദാലസിനു മനസ്സിലായി. ആ വേര്‍പാട്‌ അസഹ്യമായിരുന്നു.പുത്രന്റെ മൃതദേഹം കണ്ട്‌ പിടിച്ച്‌ ദിദാലസ്‌ കരയെക്കെത്തിച്ചു.മകന്റെ ഓര്‍മ്മ നിലനിര്‍ത്തുവാന്‍ വേണ്ടി ആ കടലിന്‌ ഇക്കാറിയന്‍ കടല്‍ എന്ന് അദ്ദേഹം പേരിട്ടു. ആ പേര്‌ ഇന്നും നില നില്‍ക്കുന്നു.

"കഥക്കാലത്തിലേക്ക്‌" സ്വാഗതം

കഥകള്‍ കുട്ടിക്കാലത്തിന്റെ കവാടങ്ങള്‍ ആണ്‌. എന്റെ കഥക്കൂട്‌ എന്റെ പിതാവായിരുന്നു. കാസിം മാസ്റ്റര്‍ എന്ന അദ്ധ്യാപകനായ എന്റെ പിതാവ്‌.ഭൗതിക ശാസ്ത്രവും രസതന്ത്രവും ആയിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങളെങ്കിലും ഹോം റ്റ്യൂഷനില്‍ ഇംഗ്ലീഷും ഒരു വിഷയം ആയിരുന്നു. മുടപ്പല്ലൂര്‍ എന്ന ഞങ്ങളൂടെ ചെറുഗ്രാമത്തിലെ കുട്ടികളുടെ ഹബ്‌ ആയിരുന്നു ഞങ്ങളുടെ വീട്‌.ഇംഗ്ലീഷ്‌ ക്ലാസ്സുകളില്‍ കഥ കേള്‍ക്കാന്‍ മാത്രമായിട്ട്‌ ഏട്ടന്മാരുടെയും ചേച്ചിമാരുടെയും ഒപ്പം ഞാനും കൂടുമായിരുന്നു.

ഒലിവര്‍ ട്വിസ്റ്റിന്റെ അനാഥത്വത്തിന്റെ വേദനകളില്‍ കണ്ണ്‍ നിറച്ചും ടോം സോയറിന്റെ കുസൃതിത്തരങ്ങളില്‍ കുലുങ്ങിച്ചിരിച്ചും കൃസ്തുമസ്‌ സമ്മാനത്തിലെ ജിമ്മിന്റെയും ഡെല്ലായുടെയും ത്യാഗപൂര്‍ണ്ണമായ സ്നേഹത്തില്‍ അതിശയിച്ചുമൊക്കെ കഥക്കാലത്തിലേക്ക്‌ പതുക്കെ ഞാന്‍ നടന്ന് കയറുകയായിരുന്നു.

ബാലരമയും പൂമ്പാറ്റയും മലര്‍വാടിക്കും യുറീക്ക യ്ക്കും ഒക്കെ ഒപ്പം കുട്ടികളുടെ പ്രിയദര്‍ശിനിയും ചാച്ചാനെഹ്രുവും മുഹമ്മദ്‌ നബി(സ.അ) യും പുരാണകഥകളൂം തന്ന് കാഴ്ച്ചപ്പാട്‌ വിശാലമാക്കുന്നതിന്റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു തന്നു.

എന്റെ മൂന്നാം ക്ലാസ്‌ വേനലവധിക്കാലത്താണ്‌ '101 ബാലകഥകള്‍' എനിക്കും ചേച്ചിക്കുമായി അച്ഛന്‍ തന്നത്‌. അതുകൊണ്ട്‌ തന്നെ എന്റെ കഥക്കാലത്തിന്‌ വേനലിന്റെ സമ്മിശ്ര സന്ധമാണ്‌ കിളിമൂക്കന്‍ മാവിന്റെ താണ കൊമ്പത്തിരുന്ന് ആയതില്‍ കുലുങ്ങി വായനയെ സ്നേഹിച്ച്‌ തുടങ്ങിയ ആ കാലത്തിന്‌ പഴുത്ത മാങ്ങയുടെ, ചേരിന്‍ പഴത്തിന്റെ വേലിപ്പടര്‍പ്പില്‍ വിരിഞ്ഞ്‌ കൊഴിഞ്ഞ്‌ നില്‍ക്കുന്ന മുല്ലപ്പ്പൂവിന്റെ ഇഷ്ടികച്ചൂളയില്‍ നിന്ന് വരുന്ന ചൂട്‌ കാറ്റിന്റെ -പിന്നെ ആകാശം പൊട്ടിപ്പ്പ്പിളര്‍ന്ന് പെയ്യുന്ന പുതു മഴയുടെ ഒക്കെ മണമാണ്‌

കാലങ്ങളായി ഞാന്‍ കാത്ത്‌ വെച്ച ആ പുസ്ത്കം പൊടിഞ്ഞ്‌ പോകുന്നതിന്‌ മുന്‍പ്‌ കഥക്കാലത്തിലൂടെ നന്മന്‍സ്സുകള്‍ക്ക്‌ ആ ലോകം തുറന്നിടുകയാണ്‌..ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന എന്റെ സ്നേഹസമ്പന്നനായ പിതാവിന്‌ ആയിരങ്ങളുടെ പ്രിയ ഗുരുനാഥന്‌ ഞാനീ ശ്രമം സമര്‍പ്പിക്കുന്നു.. എന്റെ ദക്ഷിണയായി..

...........
തസ്മൈ ശ്രീ ഗുരവേ നമ: "...


ബ്ലോഗ്‌ ന്റെ അലങ്കാരപ്പണികള്‍ ചെയ്ത്‌ ഭംഗിയാക്കിത്തന്ന ഫൈസലിനുള്ള നന്ദി ഞാന്‍ കടമായി വയ്ക്കുന്നു...

Monday, September 20, 2010

പെയ്തൊഴിയാത്ത ഒരു കഥക്കാലം..!

ഇത്‌ ഒരു തീര്‍ത്ഥാടനമാണ്‌, കഥകളുടെ കാലത്തിലേക്ക്.
പുസ്തകങ്ങളുടെ ലോകത്തേക്ക്‌ എന്നെ തുറന്നുവിട്ട ആദ്യ ഗുരുനാഥന്‍ ,
എന്റെ പിതാവിനുള്ള സ്നേഹസമര്‍പ്പണവും.

പിതാവില്‍ നിന്ന് എനിക്ക്‌ കിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനമാണ്‌ "101 ബാലകഥകള്‍" എന്ന പുസ്തകം. എനിക്കൊപ്പം വളര്‍ന്ന അതിന്റെ താളുകള്‍ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു. അവയെ കാലത്തിനുകൊടുക്കാതെ കാത്തുവക്കാനാണീ "കഥക്കാലം".

കഥ കേട്ട്‌ വളരാന്‍ ആഗ്രഹിക്കുന്ന എല്ലാകുട്ടികള്‍ക്കും..
പിന്നെ കഥയില്ലാതെ വളര്‍ന്ന് പോയ "വലിയ" കുട്ടികള്‍ക്കും..
പെയ്തൊഴിയാത്ത ഒരു കഥക്കാലം..!