Pages

കഥക്കാലം

Monday, May 30, 2011

ചക്രവർത്തിയുടെ പുത്തൻ കുപ്പായം

വേഷഭ്രമിയായ ഒരു ചക്രവർത്തി പണ്ടൊരിടത്ത് ജീവിച്ചിരുന്നു. വിലപിടിപ്പുള്ള പുത്തൻ വസ്ത്രങ്ങൾക്ക് വേണ്ടി ഖജനാവിലെ പണത്തിലേറിയ പങ്കും അദ്ദേഹം ചിലവഴിച്ച് പോന്നു.മണിക്കൂറുതോറും വേഷം മാറി മാറി ധരിച്ചിരുന്ന അദ്ദേഹത്തിന്‌ ഭരണകാര്യത്തിൽ ശ്രദ്ധിക്കുവാൻ ഒട്ടും സമയം കിട്ടിയിരുന്നില്ല.
“ചമയമുറിയിലെ ചക്രവർത്തി” എന്നാണ്‌ പ്രജകൾ അദ്ദേഹത്തെ പ്രകീർത്തിച്ചത്.
ഒരു ദിവസം വിദഗ്ദരായ നെയ്തുകാരെന്ന നാട്യത്തിൽ രണ്ട് തട്ടിപ്പുകാർ രാജകൊട്ടാരത്തിൽ എത്തി.
“ഞങ്ങൾ നെയ്യുന്ന വസ്ത്രങ്ങൾക്ക് മറ്റുള്ളവർ നെയ്യുന്ന വസ്ത്രങ്ങളെ അപേക്ഷിച്ച് ചില പ്രത്യേകതകളുണ്ട്.”അവർ അവകാശപ്പെട്ടു.
“ഈ വസ്ത്രങ്ങൾ ഹൃദയശുദ്ധിയില്ലാത്ത ദുഷ്ടന്മാർക്ക് കാണാൻ സാദ്ധ്യമല്ല!”
“ഓഹോ! തീർച്ചയായും അതൊരു അദ്ഭുത വസ്ത്രം തന്നെ.അതു വാങ്ങി ധരിച്ചാൽ കൊട്ടാരത്തിലുള്ള ദുഷ്ടന്മാരെയും ശിഷ്ടന്മാരെയും വേർതിരിച്ച് കണ്ടുപിടിക്കുവാൻ എളുപ്പമായിരിക്കും.ഇന്നു തന്നെ എനിക്ക് വേണ്ടി ഒരെണ്ണം നെയ്യാനുള്ള ഏർപ്പാട് ചെയ്യുക.”
ചക്രവർത്തി ഉത്തരവിട്ടു.പ്രാരംഭചെലവിനായി ഒരു ലക്ഷം പവനും അവരെ ഏല്പ്പിച്ചു.

നെയ്ത്തുകാർ അവരുടെ നെയ്തു തറികൾ സ്ഥാപിച്ചത് കൊട്ടാര വളപ്പിൽ തന്നെ ഉള്ള ഒരു കെട്ടിടത്തിലായിരുന്നു.രാത്രിയും പകലും വിശ്രമമില്ലാതെ അവർ തറികളിൽ ജോലി ചെയ്തു തുടങ്ങി.പക്ഷേ കാഴ്ചക്കാരന്‌ അവർ ഇരുന്നു കയ്യും കാലുകളും ചലിപ്പിക്കുന്നതല്ലാതെ മറ്റൊന്നും കാണുവാൻ കഴിഞ്ഞിരുന്നില്ല!

മേൽത്തരം സില്ക്കു നൂലും,സ്വർണ്ണനൂലും അവർ കൂടെക്കൂടെ ആവശ്യപ്പെട്ടു കൊണ്ടിരുന്നു.രാജസേവകന്മാർ ഉടനടി അവ എത്തിച്ച് കൊടുത്ത് കൊണ്ടുമിരുന്നു.പക്ഷേ അതെല്ലാം ആരുമറിയാതെ അവർ പുറത്തേക്ക് കടത്തുകയായിരുന്നു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ നെയ്ത്തിന്റെ പുരോഗതി നേരിട്ടറിയുവാൻ ചക്രവർത്തിക്ക് ആഗ്രഹമുണ്ടായി.അപ്പോഴാണ്‌ മറ്റൊരു ചിന്ത അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് ഇഴഞ്ഞ് കയറിയത്.
“ദുഷ്ടന്മാർക്ക് ആ വസ്ത്രം കാണുവാൻ സാധിക്കയില്ലെന്നാണ്‌ ആ നെയ്ത്തുകാർ പറഞ്ഞത്;പക്ഷേ എനിക്കും അത് കാണാൻ കഴിഞ്ഞില്ലെങ്കിലോ..? ”
തന്നെക്കുറിച്ച് അങ്ങനെയൊരു സന്ദേഹത്തിന്‌ വകയില്ല;എന്നിരുന്നാലും പരീക്ഷണാർത്ഥം മറ്റൊരാളെ തന്നെ വിട്ടു നോക്കാം.രാജാവു തീരുമാനിച്ചു.
പ്രധാനമന്ത്രി നെയ്തു ശാലയിലേക്ക് പോയി.സത്യസന്ധനും വിശ്വസ്തനുമായ ആ രാജഭക്തൻ തികഞ്ഞ കലാമർമ്മ്ജ്ഞൻ കൂടി ആയിരുന്നു.അത് കൊണ്ട് അദ്ദേഹത്തിന്‌ നെയ്ത്തിലുള്ള പാകപ്പിഴകൾ കണ്ട് പിടിക്കുന്നതിനും പുതിയ നിർദ്ദേശങ്ങൾ നെയ്തുകാർക്കു നല്കുന്നതിനും കഴിയുമെന്ന് ചക്രവർത്തി വിശ്വസിച്ചു.
മന്ത്രി നെയ്തുശാലയിൽ കയറിയിട്ടും നെയ്തുകാർ അത് ശ്രദ്ധിക്കാതെ തിരക്ക് പിടിച്ച് ജോലി തുടർന്നുകൊണ്ടിരുന്നു.
“എന്ത്! തറിയിൽ ഞാനൊന്നും കാണുന്നില്ലല്ലോ”ഉള്ളിലോർത്തുകൊണ്ട് അദ്ദേഹം തറിയിലേക്ക് കൂടൂതൽ ശ്രദ്ധയോടെ നോക്കി.പക്ഷെ!ഫലം പഴയത് തന്നെ! തറി ശൂന്യം!
“എങ്ങനെയിരിക്കുന്നു യജമാനനേ! ഈ വസ്ത്രത്തിലെ പൂവിലെ ചിത്രം?”ജോലിത്തിരക്കിനിടയിൽ അപ്രതീക്ഷിതമായി മന്ത്രിയെ കണ്ട മട്ടിൽ ചാടിയെഴുന്നേറ്റ്‌ കൊണ്ട്, തറിയിലേക്ക് ചൂണ്ടി നെയ്ത്തുകാർ ചോദിച്ചു.
മന്ത്രി വീണ്ടും ശൂന്യമായ തറിയിലേക്ക് സൂക്ഷിച്ച് നോക്കിയിട്ട് ദൃഷ്റ്റികൾ പിൻ വലിച്ചു.“എനിക്കൊന്നും കാണാൻ കഴിയുന്നില്ലല്ലോ!” അദ്ദേഹം വിചാരിച്ചു.
“എന്താ അങ്ങൊന്നും പറയാത്തത്? ഞങ്ങളുടെ ജോലി മോശമാണെന്നുണ്ടോ?”
കൌശലപൂർവ്വം ഒരു നെയ്തുകാരൻ ചോദിച്ചു.
അപ്പോൾ ഭീതി നിറഞ്ഞ മറ്റൊരു ചിന്ത മന്ത്രിയുടെ ശുദ്ധഹൃദയത്തിലേക്ക് കടന്നു വന്നു.
ദുഷ്ടന്മാർക്കും ഹൃദയശുദ്ധിയില്ലാത്തവർക്കും ഈ വസ്ത്രം കാണാൻ കഴിയില്ലെന്നല്ലേ ഇവർ പറഞ്ഞത്.ഒരു പക്ഷേ ഞാനും അക്കൂട്ടത്തിൽ പെടുമോ?
“നിങ്ങളുടെ കരവിരുത് ഒന്നാന്തരമായിരിക്കുന്നു.വളരെ മനോഹരമാണ്‌ ആ പൂവിന്റെ ചിത്രം.”
ആ തട്ടിപ്പുകാർ വീണ്ടും തറിയിലേക്ക് തിരിഞ്ഞു.
ചക്രവർത്തിയുടെ സന്നിധിയിലെത്തിയ മന്ത്രി പൊടിപ്പും തൊങ്ങലും വെച്ചാണ്‌ നെയ്തു കൊണ്ടിരിക്കുന്ന അങ്കിയുടെ മനോഹാരിത വർണ്ണിച്ചത്.
ചക്രവർത്തിക്ക് തൃപ്തിയായി.സൽസ്വഭാവിയും സത്യസന്ധനുമായ മന്ത്രിയുടെ വാക്കുകൾ അദ്ദേഹം അപ്പാടെ വിശ്വസിച്ചു;കൂടുതൽ സില്ക്ക് നൂലും സ്വർണ്ണ നൂലും നെയ്ത്തുകാർക്കെത്തിച്ചു കൊടുക്കാൻ ചക്രവർത്തി ഉത്തരവും നല്കി.
നെയ്ത്തുകാർ സില്ക്കു നൂലും സ്വർണ്ണ നൂലും മുഴുവനായി പുറത്ത് കടത്തി.ഒന്നല്ല രണ്ടല്ല,നൂറു പ്രാവശ്യം.
അപ്പോഴേക്കും മാസങ്ങൾ പലത് കഴിഞ്ഞിരുന്നു.ഇതിനകം വസ്ത്രത്തിന്റെ പണി തീർന്നിരിക്കുമെന്ന് ചക്രവർത്തി കരുതി.തന്റെ ഉപദേശക സമിതിയുടെ തലവനെ തന്നെ അദ്ദേഹം നെയ്തുവേല നോക്കി വരാൻ അയച്ചു.
തലവന്റെ കാല്പ്പെരുമാറ്റം കേട്ടപ്പോൾ തന്നെ നെയ്തുകാർ ചാടി എഴുന്നേറ്റ് തൊഴുതു നിന്നു.
അദ്ദേഹവും തറിയിലേക്ക് സൂക്ഷിച്ച് നോക്കി.പക്ഷേ അതിലൊന്നും കാണുവാനുണ്ടായിരുന്നില്ല.അദ്ദേഹം കണ്ൺ തിരുമ്മിക്കൊണ്ട് വീണ്ടും വീണ്ടും നോക്കി.ഫലം പഴയതു തന്നെ.
“ഞാൻ ദുഷ്ടനും ഹൃദയശുദ്ധിയില്ലാത്തവനും ആണോ?മനസ്സിൽ പിറുപിറുത്ത് കൊണ്ട് അദ്ദേഹം നെയ്ത്തുകാരെ നോക്കി;അവർ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി നില്ക്കുകയായിരുന്നു.
”എങ്ങനെയുണ്ട് യജമാനനെ ഞങ്ങളുടെ കൈവേല?“
”കെങ്കേമമായിരിക്കുന്നു! ഞാൻ ഇന്നു വരെ ഇതു പോലെ അദ്ഭുതകരമായ നെയ്തുവേല കണ്ടിട്ടേയില്ല.“ തലവൻ തലകുലുക്കി സമ്മതിച്ചു.
ആത്മസംതൃപ്തിയടഞ്ഞ മട്ടിൽ നെയ്ത്തുകാർ വീണ്ടും തറിയിലേക്കു തിരിഞ്ഞു.
ഉപദേശക സമിതിയുടെ തലവൻ ചക്രവർത്തിയോടും അതേ പൊള്ളവാക്കുകൾ തന്നെയാണ്‌ പറഞ്ഞത്.അദ്ദേഹത്തിന്റെ പ്രശംസകൾ കേട്ടപ്പോൾ, എത്രയും പെട്ടെന്ന് അതൊന്ന് കണ്ടാൽ മതിയെന്നായി ചക്രവർത്തിക്ക്.
പ്രധാനമന്ത്രിയോടും ഉപദേശക സമിതിയുടെ തലവനോടും മറ്റു പരിവാരങ്ങളുമൊത്ത് ചക്രവർത്തി നെയ്ത്ത്ശാലയിലേക്ക് എഴുന്നേള്ളി.തിരുമനസ്സിനെ കണ്ട നെയ്ത്തുകാർ ഭക്ത്യാദരപൂർവ്വം തറിയുടെ സമീപത്ത് നിന്നെണീറ്റ് അകന്നുമാറി,ഒച്ചാനിച്ചു നിന്നു.ചക്രവർത്തി തറിയിലേക്ക് നോക്കി.പക്ഷേ ഒന്നും കാണാനില്ല.
വീണ്ടും നോക്കി.ഫലം അതു തന്നെ.
അദ്ദേഹത്തിന്റെ നിർമ്മലഹൃദയം അസ്വസ്ഥമായി.
”ഒരുപക്ഷേ, ഞാൻ ദുഷ്ടനും ഹൃദയവിശുദ്ധിയില്ലാത്തവനും ആയിരിക്കും.അതു കൊണ്ടായീർക്കാം എനെ കണ്ണുകൾക്ക് ആ അദ്ഭുതവസ്ത്രം കാണാൻ കഴിയാത്തത്.എങ്കിലും പ്രധാന മന്ത്രിയും ഉപദേശക സമിതിയുടെ മുഖ്യനും ഇതു കണ്ടിട്ടുണ്ടല്ലോ.അവർ തീർച്ചയായും നല്ലവരും ഹൃദയവിശുദ്ധിയുള്ളവരുമാണെന്ന് ഇതിൽ നിന്നും തെളിയുന്നു.“-ചക്രവർത്തി മനസ്സിൽ വിചാരിച്ചു.
”ഹോ!“ അദ്ഭുതകരം!ലോകത്തിലുള്ള മറ്റ് എന്തിനേക്കാളും മനോഹരം!”പ്രധാനമന്ത്രിയും, ഉപദേശകസമിതിയുടെ തലവനും തറിയിലേക്കും ചക്രവർത്തിയുടെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് ഉച്ചത്തിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ ഹൃദയം കൂടുതൽ അസ്വസ്ഥം ആയി.
“വാസ്തവമോ?”എങ്കിൽ എന്ത് കൊണ്ട് ഞാൻ കാണുന്നില്ല.ഒരു പക്ഷേ എനിക്ക് ഹൃദയവിശുദ്ധി ഇല്ലാഞ്ഞിട്ടാവാം.“
:നിരാശ നിറഞ്ഞ ചിന്ത അദ്ദേഹത്തെ വീർപ്പുമുട്ടിച്ചു.
”നോക്കൂ“ തിരുമേനീ.അതിലെ പൂക്കൾ! എത്ര വർണ്ണോജ്ജ്വലം.എന്ത് മനോഹരം!”
ശൂന്യമായ തറിയിലേക്ക് ചക്രവർത്തിയുടെ ശ്രദ്ധയെ ക്ഷണിച്ച് കൊണ്ട് മന്ത്രി തട്ടി വിട്ടു.
“വാസ്തവമാണ്‌. അത് വളരെ മനോഹരമാണ്‌!”.എല്ലാവരും ആ വാക്കുകൾ ഏറ്റു പാറഞ്ഞു.
അതു വരെ ഓച്ഛാനിച്ച് നിന്ന തട്ടിപ്പുകാരുടെ മുഖങ്ങൾ വികസിച്ചു.അവർ ചക്രവർത്തിയുടെ മുഖത്തേക്ക് നോക്കി വിനയപൂർവ്വം ചിരിച്ചു.
“ഇന്നു മുതൽ ഞാൻ നിങ്ങൾക്ക് ”കൊട്ടാരം നെയ്ത്തുകാർ“ എന്ന ബഹുമതി നല്കുന്നു.ചക്രവർത്തി മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞു.തട്ടിപ്പുകാർ കൂടുതൽ ഭയവും ഭക്തിയും പ്രകടിപ്പിച്ചു.
പിറ്റേ ദിവസം തന്നെ ആ അദ്ഭുത വസ്ത്രം കൊണ്ട് തുന്നിയ കുപ്പായവും അണിഞ്ഞ് രാജ വീഥിയിലൊരു എഴുന്നള്ളത്ത് നടത്തുവാൻ ചക്രവർത്തി തീരുമാനിച്ചു.ആ തീരുമാനം അദ്ദേഹം പ്രധാനമന്ത്രിയെ ഉടനെ അറിയിക്കുകയും ചെയ്തു.പ്രധാനമന്ത്രി ഈ വിവരം തെരുവിൽ ചെണ്ടയടിച്ച് പ്രസിദ്ധം ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തു.

അന്നു രാത്രി തട്ടിപ്പുകാർ, ആ” ഇല്ലാത്ത തുണി“ കൊണ്ടുള്ള കുപ്പായം തുന്നുന്ന തിരക്കിലായിരുന്നു.പന്ത്രണ്ട് വിളക്കുകൾ അവരുടെ മുറിയിൽ പ്രകാശം വിതറി. അവരെ കഥകളും ഫലിതങ്ങളും പറഞ്ഞ് സന്തോഷിപ്പിക്കുവാൻ കൊട്ടാരം വിദൂഷകരും
കൂടിയിരുന്നു.
അവർ ആ ഇല്ലാത്ത തുണി ഇല്ലാത്ത കത്രിക കൊണ്ട് മുറിക്കുന്നതായി ആംഗ്യങ്ങൾ കാണിച്ചു.ഇല്ലാത്ത സൂചിയും ഇല്ലാത്ത നൂലുമുപയോഗിച്ച് നേരം പുലർന്നപ്പോഴേക്ക് അവർ അത് തുന്നിക്കഴിഞ്ഞിരുന്നു!
പുതിയ അദ്ഭുത വസ്ത്രവും ധരിച്ച് കൊണ്ടുള്ള എഴുന്നള്ളത്തിന്‌ സമയമായി.ചക്രവർത്തി പരിവാരസമേതം നെയ്ത്ത് ശാലയിലേക്ക് ചെന്നു.
തട്ടിപ്പുകാർ തങ്ങൾ തുന്നിയ ഇല്ലാത്ത കുപ്പായം ചക്രവർത്തിയെ നിവർത്തിക്കാണിക്കുന്നതായി ആംഗ്യങ്ങൾ കാണിച്ചു.
യാതൊന്നും കാണാനില്ലയിരുന്നുവെങ്കിലും ചക്രവർത്തി ”മനോഹരം! അദ്ഭുതകരം!“ എന്നൊക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു.
”മനോഹരം! അദ്ഭുതകരം!“ പരിവാരങ്ങളും അതേറ്റ് പാടി.
ചക്രവർത്തിക്കും നെയ്ത്തുകാർക്കും തൃപ്തിയായി.
”തിരുമേനീ! പുതിയ കുപ്പായം ധരിക്കുവാൻ വേണ്ടി അങ്ങ് ഇപ്പോൾ അണിഞ്ഞിട്ടുള്ള വസ്റ്റ്ഹ്രങ്ങളെല്ലാം അഴിച്ച് മാറ്റിയാലും“. നെയ്തുകാർ ചക്രവർത്തിയോട് അഭ്യർഥിച്ചു.
ചക്രവർത്തി അപ്രകാരം ചെയ്തു.തട്ടിപ്പുകാർ ആ ഇല്ലാത്ത കുപ്പായം അദ്ദേഹത്തെ അണിയിക്കുന്നതായി ആംഗ്യങ്ങൾ കാട്ടി.അവർ ചാഞ്ഞും ചരിഞ്ഞും നോക്കി. അദ്ദേഹത്തെ പലപ്രാവശ്യം തിരിച്ചും മറിച്ചും നിർത്തി.ഒടുവിൽ എല്ലാം വേണ്ട വണ്ണം അണിയിച്ചു കഴിഞ്ഞു എന്ന ഭാവത്തിൽ അവർ അദ്ദേഹത്തെ നിലക്കണ്ണാടിയുടെ മുന്നിലേക്കാനയിച്ചു.
കണ്ണാടിയിൽ തന്റെ നഗ്നമായ പ്രതിരൂപം കണ്ടപ്പോൾ ചക്രവർത്തിക്ക് വല്ലാത്ത ലജ്ജ തോന്നി.എങ്കിലും ആഭാവം കാണീക്കാതെ താൻ വിലയേറിയ മേലങ്കി അണിഞ്ഞിട്ടുണ്ടെന്ന മട്ടിൽ അദ്ദേഹം സഗൌരവം നിന്നു.
”ഹൊ!“ എത്ര ഭംഗിയായി അങ്ങേക്ക് ഈ വേഷം യോജിക്കുന്നു-എത്ര മനോഹരമാണ്‌ അതിലെ പൂക്കൾ!” പ്രധാനമന്ത്രി അഭിനന്ദിച്ചു“അതിന്റെ തുന്നലാണ്‌ ശ്രേഷ്ഠം!നിറപ്പകിട്ടും അദ്ഭുതകരം തന്നെ”ഉപദേശകസമിതിയുടെ തലവൻ അഭിപ്രായപ്പെട്ടു.
“വാസ്തവം! വാസ്തവം!”പരിവാരങ്ങൾ പരസ്പരം പറഞ്ഞു.പക്ഷേ എല്ലാവരും ചക്രവർത്തിയെ നഗ്നനായിതന്നെയാണ്‌ കണ്ടതെന്ന് അവരവർക്ക് മാത്രമറിയാം.
“തിരുമേനീ”! എഴുന്നള്ളത്തിനുള്ള രഥം തയ്യാറായി നില്ക്കുന്നു“പെട്ടെന്ന് സൈനികമേധാവി അങ്ങോട്ട് കടന്നു വന്ന് അറിയിച്ചു.
”ശരി! നാം തയ്യാറായിക്കഴിഞ്ഞു.“
ഗൗരവപൂർവ്വം ശിരസ്സുയർത്തിപ്പിടിച്ച് കൊണ്ട് ചക്രവർത്തി മുമ്പോട്ട് നീങ്ങി.പരിവാരങ്ങൾ പിറകെയും.രാജസേവകന്മാർ ചക്രവർത്തി ധരിച്ചിട്ടുള്ള ആ ഇല്ലാത്ത കുപ്പായത്തിന്റെ ഇല്ലാത്ത തൊങ്ങൽ ,നിലത്ത് മുട്ടാതെ ഉയർത്തിപ്പിടിചിട്ടുതായി ആംഗ്യം കാണിച്ച് കൊണ്ട് അദ്ദേഹത്തിന്റെ തൊട്ട് പുറകെ നടന്നു.
അദ്ദേഹം നടന്ന് മേല്ക്കൂരയില്ലാത്ത രഥത്തിൽ കയറി നിന്നു.വെള്ളക്കുതിരകളെ പൂട്ടിയ ആ രാജരഥം മെല്ലെ തെരുവിലൂടെ ഇഴഞ്ഞു നീങ്ങി.രഥത്തിനു മുന്നിൽ കാലാൾപ്പടയും നാവികരും.രഥത്തിനു പിറകിൽ മന്ത്രിമാരും പ്രഭുക്കന്മാരും ഉയർന്ന ഉദ്യൊഗസ്ഥന്മാരും സഞ്ചരിച്ചിരുന്ന രഥങ്ങൾ;അതിനു പിന്നിൽ കുതിരപ്പട്ടാളം.
തെരു വീഥികളിലും ഉയർന്ന കെട്ടിടങ്ങളുടെ ഉച്ചിയിലും വൃക്ഷക്കൊമ്പുകളിലുംകാഴ്ചക്കാർ കൊക്കിനെപ്പോലെ കഴുത്ത് നീട്ടീ നിന്നിരുന്നു.
എല്ലാവരും ചക്രവർത്തിയുടെ ഇല്ലാത്ത കുപ്പായത്തെ പുകഴ്ത്തിപ്പറഞ്ഞു.
എല്ലാവരും ചക്രവർത്തിയുടെ ആ ഇല്ലാത്ത കുപ്പായത്തെ പുകഴ്ത്തിപ്പറഞ്ഞു:”ഹോ! തിരുമനസ്സിന്റെ കുപ്പായം എത്ര മനോഹരം!“
”അതിന്റെ തൊങ്ങൽ കണ്ടോ?“
ഇത്ര സുന്ദരമായ പൂക്കൾ ഞാൻ ഇതു വരെ കണ്ടിട്ടില്ല.ജനങ്ങൾ പരസ്പരം പറഞ്ഞു.എല്ലാവരും അറിയാതെ ആത്മവഞ്ചന നടത്തിക്കൊണ്ടിരുന്നു.
പെട്ടെന്നാണ്‌ സകലരുടെയും ശ്രദ്ധ ഒരു കോണിലേക്ക് തിരിഞ്ഞത്.അവിടെ നിന്ന് ഒരു കുട്ടി വിളിച്ചു പറഞ്ഞു:
”അയ്യേ!ചക്രവർത്തി തുണി ഉടുത്തിട്ടില്ലേ!“
”നിഷ്കളങ്കനായ ആ കുട്ടി പറഞ്ഞതാണൂ ശരി.“ മുതിർന്നവർ പരസ്പരം പിറുപിറുത്തു. ഒടുവിൽ അവരും വിളിച്ചു പറഞ്ഞു.ചക്രവർത്തി നഗ്നനാണേ!”
തെരുവിലുടനീളം ജനം അതേറ്റു പാടി.അപ്പോഴാണ്‌ തനിക്ക് അമളി പിണഞ്ഞ കാര്യം ചക്രവർത്തിക്ക് ബോദ്ധ്യപ്പെട്ടത്.മുഖ്യമന്ത്രിയും ഉപദേശകസമിതി തലവനും തലതാഴ്ത്തി നിന്നു.തട്ടിപ്പുകാർ എവിടെയൊളിച്ചെന്നു കണ്ടില്ല.
ഇത്രയൊക്കെയായിട്ടും എഴുന്നള്ളത്ത് മതിയാക്കുവാൻ ചക്രവർത്തി കൂട്ടാക്കിയില്ല.ഉദ്ദിഷ്ട സ്ഥാനം വരെ ചെന്ന ശേഷമേ അദ്ദേഹം കൊട്ടാരത്തിലേക്ക് മടങ്ങിയുള്ളൂ.

 - ആൻഡേഴ്സൺ

Hans Christian Anderson(April 2, 1805 – August 4, 1875) : This Danish writer was a product of two towns,
The two towns which had such a decisive influence on him were his native town of Odense, and Copenhagen, where he lived and worked for the greater part of his adult life.