Pages

കഥക്കാലം

Wednesday, July 27, 2011

കുപ്പയിൽ നിന്ന് ഒരു മാണിക്യം. സെൻ ബുദ്ധിസ്റ്റുകളുടെ കഥ.

ജപ്പാൻ ചക്രവർത്തിയുടെ ഗുരുവായിരുന്നു ഗുഡോ.കൊട്ടാരഗുരുവായിരുന്നെകിലും സാധാരണ ഭിക്ഷുക്കളെപ്പോലെ ഊരു ചുറ്റി നടക്കലും സദുപദേശങ്ങൾ കൊണ്ട് മറ്റുള്ളവരെ സഹായിക്കലിലുമായിരുന്നു അദ്ദേഹം ആനന്ദം കണ്ടെത്തിരുന്നത്.അക്കാലത്ത് ഒരു ദിവസം അദ്ദേഹം രാജ്യത്തെ ഒരു സാംസ്കാരിക നഗരമായ എഡൊയിലേക്ക് കാൽനടയായി യാത്ര പുറപ്പെട്ടു.വഴിമധ്യേയുള്ള ‘ടക്കാനക്ക“ ഗ്രാമത്തിൽ എത്തിയപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങിരുന്നു.അദ്ദേഹം അകെ നനഞ്ഞൊലിച്ചു.

കാലിലിട്ടിരുന്ന വൈക്കോൽ ചെരുപ്പ് നിശ്ശേഷം പിഞ്ഞിപ്പോവുകയും ചെയ്തു.വഴിയരികിൽ ഒരു കർഷകഭവനം കണ്ടു. അവിടെ നാലു ജോടി ചെരുപ്പുകൾ നിരത്തി വെച്ചിട്ടുണ്ട്. അതിലൊന്ന് വാങ്ങാനായി അദ്ദേഹം അവിടെ കയറിച്ചെന്നു.
നനഞ്ഞ വസ്ത്രങ്ങളുമായി കയറിച്ചെന്ന ആ ഭിക്ഷുവിനോട് പുണ്യവതിയായ ആ ഗൃഹനായികയ്ക്ക് അനുകമ്പ തോന്നി.അങ്ങ് ഇന്നിവിടെ വിശ്രമിച്ചിട്ട് പോവുക.”ഗൃഹനായിക പറഞ്ഞു.“
ഗുഡൊ ക്ഷണം സ്വീകരിച്ചു.അദ്ദേഹം പൂജാമുറിയിലേക്ക് കയറി. എല്ലാവരുടേയും നന്മയ്ക്ക് വേണ്ടി ബുദ്ധസൂക്തങ്ങൾ ഉരുവിട്ട് പ്രാർത്ഥിച്ചു.ഗൃഹനായിക തന്റെ അമ്മയെയും കുട്ടികളേയും ആ മുറിയിൽ കൊണ്ട് ചെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തി.
”നിങ്ങളുടെ എല്ലാവരുടെയും മുഖത്ത് വിഷാദം കാണുന്നത് എന്ത് കൊണ്ടാണ്‌? ഗുഡൊ തിരക്കി.
ഗൃഹനായിക-“എന്റെ ഭർത്താവ്‌ ഒരു കുടിയനും ചൂതാട്ടക്കാരനുമാണ്‌.ചൂതുകളിയിൽ ജയിച്ചാൽ കുടിയും വഴക്കും തന്നെയുമായിരിക്കും. തോറ്റാലും വാങ്ങിക്കുടിക്കും.പല ദിവസങ്ങളിലും ബോധമില്ലാതെ ഓടയിൽ വീഴും; അവിടെ കിടക്കും.ഞങ്ങൾ എന്ത് ചെയ്യാനാണ്‌?”
ഗുഡൊയ്ക്ക് സഹതാപം തോന്നി.കുറെ പണം ഗൃഹനായികയുടേ കയ്യിൽ ഏല്പ്പിച്ചിട്ട് അദ്ദേഹം പറഞ്ഞു: ’ഞാൻ ഒരു ശ്രമം നടത്തി നോക്കട്ടെ.ഒരാൾക്ക് കുടിക്കാൻ വേണ്ടത്ര നല്ല വീഞ്ഞും മൽസ്യവും ഇവിടെ വാങ്ങി വെച്ചിട്ട് നിങ്ങൾ കിടന്നുറങ്ങിക്കൊള്ളണം.ഞാൻ ഈ വാതിലിനടുത്ത് തന്നെ ധ്യാനത്തിലിരുന്ന് കൊള്ളാം.“
നേരം പാതിരാവായി. ഗൃഹനാഥൻ കുടിച്ച് വെളിവില്ലാതെ അവിടെ കയറി വന്നു. ”എടീ ,ഞാൻ വിശന്നു വലഞ്ഞു. തിന്നാനോ കുടിയ്ക്കാനോ വല്ലതുമുണ്ടോ?“
ഗുഡൊ വാതില്ക്കൽ നിന്നെണീറ്റ് അയാളുടെ അടുത്ത് ചെന്ന് സാവധാനത്തിൽ പറഞ്ഞു: ”സ്നേഹിതാ, മഴ നനഞ്ഞു മടുത്തപ്പോൾ ഞാൻ ഇവിടെ കയറി വന്നതാണ്‌.നിങ്ങളുടെ ഭാര്യയ്ക്ക് ദയവ് തോന്നി ഇന്നു രാത്രി ഇവിടെ താമസിയ്ക്കുവാൻ അനുവാദം തന്നു.അതിന്റെ പാരിതോഷികമായി ഞൻ ഇവിടെ കുറെ നല്ല വീഞ്ഞും മൽസ്യവും വരുത്തി വെച്ചിട്ടുണ്ട്.അത് വേണ്ടുവോളം കഴിയ്ക്കാം.“
വീട്ടുകാരൻ സന്തോഷം കൊണ്ട് മതി മറന്നു.അയാളുടെ മുഖത്ത് ചിരി വിടർന്നു.അയാൾ മദ്യവും മൽസ്യവും ഇഷ്ടം പോലെ കഴിച്ചു.അവസാനം ബോധം കെട്ട് ഇരുന്നിടത്ത് തന്നെ തറയിൽ വീണു.അവിടെ ധ്യാനത്തിലിരുന്ന ഗുഡോയുടെ ഒരു വശം ചേർന്നു തന്നെ കിടന്നുറക്കമായി.
രാവിലെ പിടഞ്ഞെഴുനേറ്റ് നോക്കുമ്പോൾ ഗുഡൊ തന്റെയടുത്ത് ധ്യാനത്തിലിരിയ്ക്കുന്നതാണ്‌ കണ്ടത്. രാത്രിയിൽ നടന്നതൊന്നും അയാൾക്ക് ഓർമ്മയില്ല.രാവിലെ സുബോധത്തിൽ ആയിരുന്നത് കൊണ്ട് ഗുഡൊയെ നമസ്കരിച്ചിട്ട് അദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങളന്വേഷിച്ചു.”ചക്രവർത്തി തിരുമേനിയുടെ ഗുരുവാണ്‌ തന്റെ അതിഥി! ആ മഹാഗുരുവിനോടാണ്‌ താൻ മൽസ്യവും വീഞ്ഞും വാങ്ങിപ്പിച്ചത്.‘
അയാൾക്ക് പരിഭ്രാന്തിയും വെപ്രാളവുമായി.പശ്ചാത്താപം കൊണ്ട് കണ്ണുകൾ നിറഞ്ഞു.ലജ്ജാവിവശനായി തല താഴ്ത്തി.“മഹാഗുരോ! ക്ഷമിക്കണം”.അയാൾ കേണു വീണപേക്ഷിച്ചു.ഗുഡോ ശാന്തഗംഭീരനായി മന്ദസ്മിതം തൂകി.“സ്നേഹിതാ,ദു:ഖിയ്ക്കണ്ട.ഈ ജീവിതം ക്ഷണഭംഗുരമാണ്‌.നമുക്ക് ജീവിക്കാൻ കിട്ടിയിരിക്കുന്ന ഏതാനും നാളുകൾ മദ്യപിച്ചും ചൂതാടിയും വെറുതേ കളയാനുള്ളതാണോ? അങ്ങനെ ചെയ്താൽ നാം ജീവിച്ചില്ലെന്നല്ലേ അതിന്റെ അർത്ഥം?നിങ്ങൾ സ്വന്തം ജീവിതത്തിന്‌ വേണ്ടി ഒന്നും ചെയ്തിട്ടില്ല.പരസ്നേഹത്തെപ്പറ്റി ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.നിങ്ങളുടെ കുടുംബാംഗങ്ങൾ എത്ര ദു:ഖത്തിലും നിരാശയിലുമാണ്‌ കഴിയുന്നത്!”
കെടുന്ന ദീപത്തിന്റെ തിരി വിരൽ കൊണ്ട് കയറ്റുമ്പോൾ കൂടുതൽ പ്രകാശമാനമായി ജ്വലിയ്ക്കുന്നത് പോലെ അവന്റെ വിവേകശക്തി പൊടുന്നനെ ഉണർന്നു!ഒരുറക്കത്തിൽ നിന്നുണരുന്നവനെപ്പോലെ അവനു സ്വയം തോന്നി.ഗുഡൊയെ താണു വണങ്ങിക്കൊണ്ട് അവൻ അപേക്ഷിച്ചു.:“അങ്ങ് എന്നെ ഒരു എളിയ ശിഷ്യനായി സ്വീകരിയ്ക്കണം.”
ഗുഡൊ കർഷകഭവനത്തിൽ നിന്ന് യാത്ര പറഞ്ഞ് പുറപ്പെട്ടു.വീട്ടുകാരൻ ഗുരുവിന്റെ ചെറിയ ഭാണ്ഡം എടുത്ത് കൊണ്ട് അനുയാത്ര ചെയ്തു.അല്പദൂരം നടന്നപ്പോൾ ഗുഡോ പറഞ്ഞു.“ഇനി നിങ്ങൾക്ക് മടങ്ങിപ്പോകാം.”
ഗൃഹനായകൻ :ഗുരോ! അങ്ങ് ഈ എളിയവന്‌ നല്കിയ ഉപദേശം വില തീരാത്തതാണ്‌തിനുള്ള നന്ദി സൂചകമായി ഞാൻ അഞ്ചു മൈൽ കൂടി കൂടെ നടന്നു കൊള്ളട്ടെ?“
ഗുഡൊ സമ്മതിച്ചു. ”അഞ്ചു മൈൽ നടന്നു കഴിഞ്ഞപ്പോൾ “പത്തു മൈൽ കൂടെ അങ്ങയെ അനുഗമിക്കുവാൻ സമ്മതിക്കണമെന്ന്” അയാൾ അഭ്യർത്ഥിച്ചു.പത്ത് മൈൽ കൂടി നടന്നു കഴിഞ്ഞപ്പോൾ ഗുരു പറഞ്ഞു.:‘ഇനി നിങ്ങൾ മടങ്ങിപ്പോയേ തീരൂ“ നിർബന്ധമാണ്‌”
വീട്ടുകാരന്റെ മറുപടി ഇതായിരുന്നു.:“ഗുരോ, ക്ഷമിയ്ക്കണം. ഞാൻ അങ്ങയുടേ ശിഷ്യനായത് മടങ്ങിപ്പോകാനല്ല.മടങ്ങിപ്പോവുകയില്ലെന്ന് മാത്രമല്ല.ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കുക പോലുമില്ല”
ഗുഡൊയുടെ ഈ ശിഷ്യനാണ്‌ ജപ്പാനിൽ “തിരിഞ്ഞു നോക്കാത്ത ഗുരു” എന്ന പേരിൽ പില്ക്കാലത്ത് പ്രശസ്തനായ ’മൂ-നാൻ‘.കടന്നു പോയ ’തിന്മ‘ കളിലേക്കൊന്നും അയാൾ തിരിഞ്ഞു നോക്കിയില്ല.മുന്നിൽ ചെയ്തു തീർക്കാൻ വേണ്ടത്ര നന്മ ബാക്കിയുണ്ടല്ലോ.

3 comments:

kaattu kurinji said...

oru kadha kooodi....

കൊമ്പന്‍ said...

ഒരു ജപ്പാനീസ് കഥയിലൂടെ മാനവന് വലിയ ഒരു ഗുണ പാഠം സമ്മാനിച്ച്‌ നന്ദി

സുലേഖ said...

appo aa kudumbam?