Pages

കഥക്കാലം
Showing posts with label Tribute. Show all posts
Showing posts with label Tribute. Show all posts

Tuesday, September 21, 2010

"കഥക്കാലത്തിലേക്ക്‌" സ്വാഗതം

കഥകള്‍ കുട്ടിക്കാലത്തിന്റെ കവാടങ്ങള്‍ ആണ്‌. എന്റെ കഥക്കൂട്‌ എന്റെ പിതാവായിരുന്നു. കാസിം മാസ്റ്റര്‍ എന്ന അദ്ധ്യാപകനായ എന്റെ പിതാവ്‌.ഭൗതിക ശാസ്ത്രവും രസതന്ത്രവും ആയിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങളെങ്കിലും ഹോം റ്റ്യൂഷനില്‍ ഇംഗ്ലീഷും ഒരു വിഷയം ആയിരുന്നു. മുടപ്പല്ലൂര്‍ എന്ന ഞങ്ങളൂടെ ചെറുഗ്രാമത്തിലെ കുട്ടികളുടെ ഹബ്‌ ആയിരുന്നു ഞങ്ങളുടെ വീട്‌.ഇംഗ്ലീഷ്‌ ക്ലാസ്സുകളില്‍ കഥ കേള്‍ക്കാന്‍ മാത്രമായിട്ട്‌ ഏട്ടന്മാരുടെയും ചേച്ചിമാരുടെയും ഒപ്പം ഞാനും കൂടുമായിരുന്നു.

ഒലിവര്‍ ട്വിസ്റ്റിന്റെ അനാഥത്വത്തിന്റെ വേദനകളില്‍ കണ്ണ്‍ നിറച്ചും ടോം സോയറിന്റെ കുസൃതിത്തരങ്ങളില്‍ കുലുങ്ങിച്ചിരിച്ചും കൃസ്തുമസ്‌ സമ്മാനത്തിലെ ജിമ്മിന്റെയും ഡെല്ലായുടെയും ത്യാഗപൂര്‍ണ്ണമായ സ്നേഹത്തില്‍ അതിശയിച്ചുമൊക്കെ കഥക്കാലത്തിലേക്ക്‌ പതുക്കെ ഞാന്‍ നടന്ന് കയറുകയായിരുന്നു.

ബാലരമയും പൂമ്പാറ്റയും മലര്‍വാടിക്കും യുറീക്ക യ്ക്കും ഒക്കെ ഒപ്പം കുട്ടികളുടെ പ്രിയദര്‍ശിനിയും ചാച്ചാനെഹ്രുവും മുഹമ്മദ്‌ നബി(സ.അ) യും പുരാണകഥകളൂം തന്ന് കാഴ്ച്ചപ്പാട്‌ വിശാലമാക്കുന്നതിന്റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു തന്നു.

എന്റെ മൂന്നാം ക്ലാസ്‌ വേനലവധിക്കാലത്താണ്‌ '101 ബാലകഥകള്‍' എനിക്കും ചേച്ചിക്കുമായി അച്ഛന്‍ തന്നത്‌. അതുകൊണ്ട്‌ തന്നെ എന്റെ കഥക്കാലത്തിന്‌ വേനലിന്റെ സമ്മിശ്ര സന്ധമാണ്‌ കിളിമൂക്കന്‍ മാവിന്റെ താണ കൊമ്പത്തിരുന്ന് ആയതില്‍ കുലുങ്ങി വായനയെ സ്നേഹിച്ച്‌ തുടങ്ങിയ ആ കാലത്തിന്‌ പഴുത്ത മാങ്ങയുടെ, ചേരിന്‍ പഴത്തിന്റെ വേലിപ്പടര്‍പ്പില്‍ വിരിഞ്ഞ്‌ കൊഴിഞ്ഞ്‌ നില്‍ക്കുന്ന മുല്ലപ്പ്പൂവിന്റെ ഇഷ്ടികച്ചൂളയില്‍ നിന്ന് വരുന്ന ചൂട്‌ കാറ്റിന്റെ -പിന്നെ ആകാശം പൊട്ടിപ്പ്പ്പിളര്‍ന്ന് പെയ്യുന്ന പുതു മഴയുടെ ഒക്കെ മണമാണ്‌

കാലങ്ങളായി ഞാന്‍ കാത്ത്‌ വെച്ച ആ പുസ്ത്കം പൊടിഞ്ഞ്‌ പോകുന്നതിന്‌ മുന്‍പ്‌ കഥക്കാലത്തിലൂടെ നന്മന്‍സ്സുകള്‍ക്ക്‌ ആ ലോകം തുറന്നിടുകയാണ്‌..ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന എന്റെ സ്നേഹസമ്പന്നനായ പിതാവിന്‌ ആയിരങ്ങളുടെ പ്രിയ ഗുരുനാഥന്‌ ഞാനീ ശ്രമം സമര്‍പ്പിക്കുന്നു.. എന്റെ ദക്ഷിണയായി..

...........
തസ്മൈ ശ്രീ ഗുരവേ നമ: "...


ബ്ലോഗ്‌ ന്റെ അലങ്കാരപ്പണികള്‍ ചെയ്ത്‌ ഭംഗിയാക്കിത്തന്ന ഫൈസലിനുള്ള നന്ദി ഞാന്‍ കടമായി വയ്ക്കുന്നു...