Pages

കഥക്കാലം

Wednesday, July 27, 2011

കുപ്പയിൽ നിന്ന് ഒരു മാണിക്യം. സെൻ ബുദ്ധിസ്റ്റുകളുടെ കഥ.

ജപ്പാൻ ചക്രവർത്തിയുടെ ഗുരുവായിരുന്നു ഗുഡോ.കൊട്ടാരഗുരുവായിരുന്നെകിലും സാധാരണ ഭിക്ഷുക്കളെപ്പോലെ ഊരു ചുറ്റി നടക്കലും സദുപദേശങ്ങൾ കൊണ്ട് മറ്റുള്ളവരെ സഹായിക്കലിലുമായിരുന്നു അദ്ദേഹം ആനന്ദം കണ്ടെത്തിരുന്നത്.അക്കാലത്ത് ഒരു ദിവസം അദ്ദേഹം രാജ്യത്തെ ഒരു സാംസ്കാരിക നഗരമായ എഡൊയിലേക്ക് കാൽനടയായി യാത്ര പുറപ്പെട്ടു.വഴിമധ്യേയുള്ള ‘ടക്കാനക്ക“ ഗ്രാമത്തിൽ എത്തിയപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങിരുന്നു.അദ്ദേഹം അകെ നനഞ്ഞൊലിച്ചു.

കാലിലിട്ടിരുന്ന വൈക്കോൽ ചെരുപ്പ് നിശ്ശേഷം പിഞ്ഞിപ്പോവുകയും ചെയ്തു.വഴിയരികിൽ ഒരു കർഷകഭവനം കണ്ടു. അവിടെ നാലു ജോടി ചെരുപ്പുകൾ നിരത്തി വെച്ചിട്ടുണ്ട്. അതിലൊന്ന് വാങ്ങാനായി അദ്ദേഹം അവിടെ കയറിച്ചെന്നു.
നനഞ്ഞ വസ്ത്രങ്ങളുമായി കയറിച്ചെന്ന ആ ഭിക്ഷുവിനോട് പുണ്യവതിയായ ആ ഗൃഹനായികയ്ക്ക് അനുകമ്പ തോന്നി.അങ്ങ് ഇന്നിവിടെ വിശ്രമിച്ചിട്ട് പോവുക.”ഗൃഹനായിക പറഞ്ഞു.“
ഗുഡൊ ക്ഷണം സ്വീകരിച്ചു.അദ്ദേഹം പൂജാമുറിയിലേക്ക് കയറി. എല്ലാവരുടേയും നന്മയ്ക്ക് വേണ്ടി ബുദ്ധസൂക്തങ്ങൾ ഉരുവിട്ട് പ്രാർത്ഥിച്ചു.ഗൃഹനായിക തന്റെ അമ്മയെയും കുട്ടികളേയും ആ മുറിയിൽ കൊണ്ട് ചെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തി.
”നിങ്ങളുടെ എല്ലാവരുടെയും മുഖത്ത് വിഷാദം കാണുന്നത് എന്ത് കൊണ്ടാണ്‌? ഗുഡൊ തിരക്കി.
ഗൃഹനായിക-“എന്റെ ഭർത്താവ്‌ ഒരു കുടിയനും ചൂതാട്ടക്കാരനുമാണ്‌.ചൂതുകളിയിൽ ജയിച്ചാൽ കുടിയും വഴക്കും തന്നെയുമായിരിക്കും. തോറ്റാലും വാങ്ങിക്കുടിക്കും.പല ദിവസങ്ങളിലും ബോധമില്ലാതെ ഓടയിൽ വീഴും; അവിടെ കിടക്കും.ഞങ്ങൾ എന്ത് ചെയ്യാനാണ്‌?”
ഗുഡൊയ്ക്ക് സഹതാപം തോന്നി.കുറെ പണം ഗൃഹനായികയുടേ കയ്യിൽ ഏല്പ്പിച്ചിട്ട് അദ്ദേഹം പറഞ്ഞു: ’ഞാൻ ഒരു ശ്രമം നടത്തി നോക്കട്ടെ.ഒരാൾക്ക് കുടിക്കാൻ വേണ്ടത്ര നല്ല വീഞ്ഞും മൽസ്യവും ഇവിടെ വാങ്ങി വെച്ചിട്ട് നിങ്ങൾ കിടന്നുറങ്ങിക്കൊള്ളണം.ഞാൻ ഈ വാതിലിനടുത്ത് തന്നെ ധ്യാനത്തിലിരുന്ന് കൊള്ളാം.“
നേരം പാതിരാവായി. ഗൃഹനാഥൻ കുടിച്ച് വെളിവില്ലാതെ അവിടെ കയറി വന്നു. ”എടീ ,ഞാൻ വിശന്നു വലഞ്ഞു. തിന്നാനോ കുടിയ്ക്കാനോ വല്ലതുമുണ്ടോ?“
ഗുഡൊ വാതില്ക്കൽ നിന്നെണീറ്റ് അയാളുടെ അടുത്ത് ചെന്ന് സാവധാനത്തിൽ പറഞ്ഞു: ”സ്നേഹിതാ, മഴ നനഞ്ഞു മടുത്തപ്പോൾ ഞാൻ ഇവിടെ കയറി വന്നതാണ്‌.നിങ്ങളുടെ ഭാര്യയ്ക്ക് ദയവ് തോന്നി ഇന്നു രാത്രി ഇവിടെ താമസിയ്ക്കുവാൻ അനുവാദം തന്നു.അതിന്റെ പാരിതോഷികമായി ഞൻ ഇവിടെ കുറെ നല്ല വീഞ്ഞും മൽസ്യവും വരുത്തി വെച്ചിട്ടുണ്ട്.അത് വേണ്ടുവോളം കഴിയ്ക്കാം.“
വീട്ടുകാരൻ സന്തോഷം കൊണ്ട് മതി മറന്നു.അയാളുടെ മുഖത്ത് ചിരി വിടർന്നു.അയാൾ മദ്യവും മൽസ്യവും ഇഷ്ടം പോലെ കഴിച്ചു.അവസാനം ബോധം കെട്ട് ഇരുന്നിടത്ത് തന്നെ തറയിൽ വീണു.അവിടെ ധ്യാനത്തിലിരുന്ന ഗുഡോയുടെ ഒരു വശം ചേർന്നു തന്നെ കിടന്നുറക്കമായി.
രാവിലെ പിടഞ്ഞെഴുനേറ്റ് നോക്കുമ്പോൾ ഗുഡൊ തന്റെയടുത്ത് ധ്യാനത്തിലിരിയ്ക്കുന്നതാണ്‌ കണ്ടത്. രാത്രിയിൽ നടന്നതൊന്നും അയാൾക്ക് ഓർമ്മയില്ല.രാവിലെ സുബോധത്തിൽ ആയിരുന്നത് കൊണ്ട് ഗുഡൊയെ നമസ്കരിച്ചിട്ട് അദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങളന്വേഷിച്ചു.”ചക്രവർത്തി തിരുമേനിയുടെ ഗുരുവാണ്‌ തന്റെ അതിഥി! ആ മഹാഗുരുവിനോടാണ്‌ താൻ മൽസ്യവും വീഞ്ഞും വാങ്ങിപ്പിച്ചത്.‘
അയാൾക്ക് പരിഭ്രാന്തിയും വെപ്രാളവുമായി.പശ്ചാത്താപം കൊണ്ട് കണ്ണുകൾ നിറഞ്ഞു.ലജ്ജാവിവശനായി തല താഴ്ത്തി.“മഹാഗുരോ! ക്ഷമിക്കണം”.അയാൾ കേണു വീണപേക്ഷിച്ചു.ഗുഡോ ശാന്തഗംഭീരനായി മന്ദസ്മിതം തൂകി.“സ്നേഹിതാ,ദു:ഖിയ്ക്കണ്ട.ഈ ജീവിതം ക്ഷണഭംഗുരമാണ്‌.നമുക്ക് ജീവിക്കാൻ കിട്ടിയിരിക്കുന്ന ഏതാനും നാളുകൾ മദ്യപിച്ചും ചൂതാടിയും വെറുതേ കളയാനുള്ളതാണോ? അങ്ങനെ ചെയ്താൽ നാം ജീവിച്ചില്ലെന്നല്ലേ അതിന്റെ അർത്ഥം?നിങ്ങൾ സ്വന്തം ജീവിതത്തിന്‌ വേണ്ടി ഒന്നും ചെയ്തിട്ടില്ല.പരസ്നേഹത്തെപ്പറ്റി ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.നിങ്ങളുടെ കുടുംബാംഗങ്ങൾ എത്ര ദു:ഖത്തിലും നിരാശയിലുമാണ്‌ കഴിയുന്നത്!”
കെടുന്ന ദീപത്തിന്റെ തിരി വിരൽ കൊണ്ട് കയറ്റുമ്പോൾ കൂടുതൽ പ്രകാശമാനമായി ജ്വലിയ്ക്കുന്നത് പോലെ അവന്റെ വിവേകശക്തി പൊടുന്നനെ ഉണർന്നു!ഒരുറക്കത്തിൽ നിന്നുണരുന്നവനെപ്പോലെ അവനു സ്വയം തോന്നി.ഗുഡൊയെ താണു വണങ്ങിക്കൊണ്ട് അവൻ അപേക്ഷിച്ചു.:“അങ്ങ് എന്നെ ഒരു എളിയ ശിഷ്യനായി സ്വീകരിയ്ക്കണം.”
ഗുഡൊ കർഷകഭവനത്തിൽ നിന്ന് യാത്ര പറഞ്ഞ് പുറപ്പെട്ടു.വീട്ടുകാരൻ ഗുരുവിന്റെ ചെറിയ ഭാണ്ഡം എടുത്ത് കൊണ്ട് അനുയാത്ര ചെയ്തു.അല്പദൂരം നടന്നപ്പോൾ ഗുഡോ പറഞ്ഞു.“ഇനി നിങ്ങൾക്ക് മടങ്ങിപ്പോകാം.”
ഗൃഹനായകൻ :ഗുരോ! അങ്ങ് ഈ എളിയവന്‌ നല്കിയ ഉപദേശം വില തീരാത്തതാണ്‌തിനുള്ള നന്ദി സൂചകമായി ഞാൻ അഞ്ചു മൈൽ കൂടി കൂടെ നടന്നു കൊള്ളട്ടെ?“
ഗുഡൊ സമ്മതിച്ചു. ”അഞ്ചു മൈൽ നടന്നു കഴിഞ്ഞപ്പോൾ “പത്തു മൈൽ കൂടെ അങ്ങയെ അനുഗമിക്കുവാൻ സമ്മതിക്കണമെന്ന്” അയാൾ അഭ്യർത്ഥിച്ചു.പത്ത് മൈൽ കൂടി നടന്നു കഴിഞ്ഞപ്പോൾ ഗുരു പറഞ്ഞു.:‘ഇനി നിങ്ങൾ മടങ്ങിപ്പോയേ തീരൂ“ നിർബന്ധമാണ്‌”
വീട്ടുകാരന്റെ മറുപടി ഇതായിരുന്നു.:“ഗുരോ, ക്ഷമിയ്ക്കണം. ഞാൻ അങ്ങയുടേ ശിഷ്യനായത് മടങ്ങിപ്പോകാനല്ല.മടങ്ങിപ്പോവുകയില്ലെന്ന് മാത്രമല്ല.ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കുക പോലുമില്ല”
ഗുഡൊയുടെ ഈ ശിഷ്യനാണ്‌ ജപ്പാനിൽ “തിരിഞ്ഞു നോക്കാത്ത ഗുരു” എന്ന പേരിൽ പില്ക്കാലത്ത് പ്രശസ്തനായ ’മൂ-നാൻ‘.കടന്നു പോയ ’തിന്മ‘ കളിലേക്കൊന്നും അയാൾ തിരിഞ്ഞു നോക്കിയില്ല.മുന്നിൽ ചെയ്തു തീർക്കാൻ വേണ്ടത്ര നന്മ ബാക്കിയുണ്ടല്ലോ.

Friday, July 15, 2011

കാബൂളിവാല

എന്റെ മകൾ മിനി. അവൾ ഒരു കൊച്ചു വായാടിയായിരുന്നു.അഞ്ചു വയസ്സ് മാത്രം പ്രായമുള്ള അവൾ വാ പൂട്ടുന്ന നേരം ഇല്ലെന്ന് തന്നെ പറയാം. എപ്പോഴും ചിലപ്പ് തന്നെ, ചിലപ്പ്.
അവളുടെ അമ്മയ്ക്ക് ഇത് തീർത്തും അസഹനീയം ആയിരുന്നു.ആ കുരുന്ന് അല്പനേരം എങ്കിലും ഒന്ന്‌ മിണ്ടാതിരുന്നെങ്കിൽ എന്നവൾ ആശിച്ചു.
എന്നാൽ എന്റെ കാര്യം നേരെ മറിച്ചായിരുന്നു.മിനിയുടെ സംസാരം കേൾക്കാത്ത നിമിഷങ്ങളെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
അവളുടെ കൊഞ്ചലുകൾ ഞാനത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു.
അവളുമായി സംസാരിക്കുന്ന നിമിഷങ്ങൾ സ്വർഗ്ഗതുല്യങ്ങളുമായിരുന്നു.
ഒരു സുപ്രഭാതം! ഞാൻ എന്റെ പുതിയ പുസ്തകത്തിന്റെ പതിനേഴാം അദ്ധ്യായം എഴുതുകയാണ്‌. എന്റെ പുന്നാരമോൾ ഒച്ചയുണ്ടാക്കാതെ അവിടേക്ക് കടന്നു വന്നു.മെല്ലെ എന്റെ കയ്യിൽ പിടിച്ച് കൊണ്ടവൾ പറഞ്ഞു:
“കേൾക്കൂ,അച്ഛാ!നമ്മുടെ സഹായി രാംദയാലില്ലേ?അയാൾ കാക്ക എന്നതിന്‌ ‘ക്കാക്ക’ എന്നു പറയുന്നു. അയാൾക്കൊന്നും അറിഞ്ഞു കൂടാ. ഇല്ലേ അച്ഛാ.”
ലോകത്തിൽ വിവിധഭാഷകളെപറ്റിയുള്ള ഉച്ചാരണ വ്യത്യാസത്തെപറ്റി എനിക്കെന്തെങ്കിലും പറയാൻ പറ്റുന്നതിന്‌ മുൻപ് അവൾ വിഷയം മാറ്റിക്കളഞ്ഞു.
മേഘങ്ങളിൽ ഒരു ആനയുണ്ടെന്നാണ്‌ ഭോലാ പറയുന്നത്.അത്‌ വെള്ളം കൊണ്ട് ചീറ്റിക്കുന്നതാണത്രേ മഴ.നേരാണോ അച്ഛാ?“
അതിനും ഒരു ഒരുത്തരം കണ്ടെത്താൻ ഞാൻ ശ്രമിക്കവേ അവൾ പെട്ടെന്ന് പുതിയൊരു വിഷയത്തിലേക്ക് കടന്നു. ”അച്ഛാ,അമ്മയ്ക്ക് അച്ഛനോടുള്ള ബന്ധം എന്താ?“
”എന്റെ പൊന്നു മോളല്ലേ; പോയി ഭോലയുമൊത്ത് കളിക്കൂ.അച്ഛൻ അല്പ്പം തിരക്കിലാണ്‌“ എന്ന് അവസാനം എനിക്കവളോട് പറയേണ്ടി വന്നു.
എന്റെ മുറിയുടെ ജനാലവാതിൽ തുറന്നാൽ തുറന്നാൽ പെരുവഴി വ്യക്തമായികാണാം. ഞാൻ കൊണ്ട് പിടിച്ച എഴുത്ത് തന്നെ.പതിനേഴാം അദ്ധ്യായത്തിന്റെ സൃഷ്ടികർമ്മം.നായകൻ പ്രതാപസിങ്ങ് നായികയായ കാഞ്ചനലതയെ കൈകളിൽ കോരിയെടുക്കുന്നു.എന്നിട്ട് മാളികയുടെ ജനാല വഴി അവൻ അവളെയും കൊണ്ട് കടക്കാൻ ശ്രമിക്കുകയാണ്‌. ഉല്ക്കണ്ഠഭരിതമായ നിമിഷങ്ങൾ..
ഈ സമയമത്രയും എന്റെ കാലിൽ കയറിയിരുന്ന് ബാലലീലകളിൽ മുഴുകിയിരുന്ന മിനി പെട്ടെന്ന് ജനാലയ്ക്കരികിലേക്കൊരോട്ടം.
”അതാ ഒരു കാബൂളിവാല..കാബൂളിവാലാ..“അവൾ വിളിച്ച് കൂവി.
ഞാൻ ജാലകവാതിലിലൂടെ നിരത്തിലേക്ക് നോക്കി.നീണ്ട തലപ്പാവും വൃത്തികെട്ട വേഷവും ധരിച്ച ഒരു കാബൂളിവാല നടന്ന് വരുന്നു.പുറത്തൊരു സഞ്ചിയും കയ്യിൽ മുന്തിരിപ്പഴങ്ങൾ നിറച്ച കൂടകളും! അയാൾ ഇരു വശങ്ങളിലുമുള്ള വീടുകൾ നോക്കി മന്ദം മന്ദം നടന്നു നീങ്ങുന്നു.
ആ തെരുവ് വ്യാപാരിയുടെ രൂപം എന്ത് വികാരമാണ്‌ മിനിയുടെ കൊച്ചു ഹൃദയത്തിൽ ഉണ്ടാക്കിയതെന്നറിയില്ല!ശെടാ!.; അവൾ ഉറക്കെ വിളിച്ച് അയാളെ വിളിച്ച് കൊണ്ടിരുന്നു;കാബൂളിവാലാ..ഓ..കാബൂളിവാലാ..”
അത് കേട്ട് അയാൾ കയറി വരും. എന്റെ പതിനേഴാമത്തെ അദ്ധ്യായം തുലഞ്ഞത് തന്നെ.
അതാ, അയാൾ വിളി കേട്ട ഭാഗത്തേക്ക് തീരിയുന്നു.അയാൾ അവളെ സൂക്ഷിച്ച് നോക്കി. അയാളുടെ കണ്ണിൽ പെട്ടപ്പോൾ അവൾക്ക് ഭയമായി.
അയാൾ കുട്ടികളെ പിടിക്കുന്നവനാണെന്നും തന്നെപ്പോലെ രണ്ട് മൂന്നു കുട്ടികൾ അയാളുടെ നീളൻ സഞ്ചിയിൽ കാണുമെന്നുമാണവളുടെ വിശ്വാസം.
പേടിച്ചരണ്ട അവൾ അമ്മയുടെ അടുക്കലേക്കൊടി.അപ്പോഴേക്കും പഴക്കച്ചവടക്കാരനായ ആ കാബൂളിവാല ഗേറ്റിലെത്തിക്കഴിഞ്ഞിരുന്നു.
അയാൾ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അകത്തേക്ക് കടന്നു വന്നു.
മിനി വിളിച്ച് വരുത്തിയതായത് കൊണ്ട് അയാളോടെന്തെങ്കിലും വാങ്ങുവാൻ തന്നെ ഞാൻ തീരുമാനിച്ചു.കച്ചവടത്തിനിടയിൽ ഞങ്ങൾ പലതും സംസാരിച്ചു.
അപ്പോഴും അയാളുടെ കണ്ണുകൾ അവിടൊക്കെ പരതുകയയൈരുന്നു.
“മോളെവിടേ സാർ.”ഇടപാട് തീർത്ത് പോകുമ്പോൾ അയാൾ ചോദിച്ചു:
അയാളുടെ സഞ്ചിയെക്കുറിച്ചുള്ള അവളുടെ ഭയം മാറ്റേണ്ടത് ആവശ്യമാണെന്ന് തോന്നിയ ഞാൻ മിനിയെ വിളിച്ചു.
വിളി കേട്ട് വന്ന മിനി അയാളെ ഭയത്തോടെ നോക്കിക്കൊണ്ട് എന്നോട് ചേർന്നു നിന്നു.
അയാൾ അവൾക്ക് അണ്ടിപ്പരിപ്പും ഉണങ്ങിയ പഴങ്ങളും വച്ചു നീട്ടി.പക്ഷേ അതവൾ വാങ്ങിയതേയില്ല.മാത്രമല്ല അവൾ കൂടുതൽ ഭയന്ന് എന്നോട് അല്പം കൂടി പറ്റിച്ചേരുകയും ചെയ്തു.
ഇത് അവരുടെ ആദ്യ കൂടിക്കാഴ്ച ആയിരുന്നു.പുഞ്ചിരിക്കുന്ന മുഖമുള്ള കാബൂളിവാല, വാതോരാതെ സംസാരിക്കുന്ന മിനി.
പ്രഭാതങ്ങൾ പലതും വിരിഞ്ഞു കൊഴിഞ്ഞു.തെളിഞ്ഞ മുഖമുള്ള ഒരു പ്രഭാതം. ഞാൻ പുറത്തേക്ക് പോകാൻ ഒരുങ്ങിയിറങ്ങുകയായിരുന്നു.ആ കാഴ്ച എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു.വരാന്തയിൽ ഒരു ബെഞ്ചിൽ മിനി ഇരിക്കുന്നു അവളുടെ പാദങ്ങളുടെ അടുത്തായി കാബൂളിവാലയും അവൾ വാതോരാതെ സംസാരിക്കുകയും ചിരിക്കുകയും ചെയ്ത് കൊണ്ടിരിക്കുൻനു.

മിനിക്കുട്ടിയുടെ അമ്മ ഒരു ഭയങ്കര ഭീരുവാണ്‌.തെരുവിൽ എന്തെങ്കിലും ശബ്ദം കേട്ടാൽ മതി. സർവത്ര പേടി.ഒന്നുകിൽ കള്ളന്മാർ , അലെല്ങ്കിൽ കുടിയന്മാർ അതുമല്ലെങ്കിൽ പിള്ളേരുപിടിത്തക്കാർ, പാമ്പുകൾ,കടുവാകൾ.
ഈ ഭയത്തെ അതിജീവിക്കാൻ ഇതു വരെ മിനിയുടെ അമ്മയ്ക്കു കഴിഞ്ഞിട്ടില്ല.അത് കൊണ്ട് തന്നെ കാബൂളിവാലയെയും അവർക്ക് സംശയമാണ്‌.കാബൂളിവാലയെ ശ്രദ്ധിക്കണേ എന്ന് പല തവണ എന്നോ ട് കേണപേക്ഷിചിട്ടുണ്ട്.

അവളുടെ ഭയപ്പാട് ചിരിച്ച് തള്ളാൻ ഞാൻ ശ്രമിക്കുമ്പോൾ അവൾ ഗൗരവഭാവം പൂണ്ട് ചോദിക്കും: “ഇന്നു വരെ ഒരു കുട്ടിയെയും ആരും വീടുകളിൽ നിന്ന് മോഷ്ടിച്ചിട്ടില്ലെന്നാണോ?കാബൂളിൽ അടിമ സമ്പ്രദായം ഉണ്ടെന്നുള്ളത് ശരിയല്ലെ? ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഈ പൊന്തൻ മനുഷ്യനു കഴിയില്ലെന്നുണ്ടോ?

അരുതാത്തതൊന്നും സംഭവിക്കില്ലെന്നു ഞാൻ പല തവണ പറഞ്ഞിട്ടും അവൾക്ക് വിശ്വാസം ആയില്ല.അതിനാൽ ആ ഭയം ഇപ്പോളും തുടരുകയാണ്‌.
എന്നാൽ വീട്ടിൽ വരുന്ന ഈ കബൂളിവാലയെ സംബന്ധിച്ചിടത്തോളം അത്തരമൊരു ഭയത്തിനു അടിസ്ഥാനം ഇല്ലെന്നാണ്‌ എന്റെ തികഞ്ഞ വിശ്വാസം. അതിനാൽ മിനിക്കുട്ടിയും കാബൂളിവാലയും തമ്മിലുള്ള സൗഹൃദം തുടർന്ന് കൊണ്ടേ ഇരുന്നു.
‘അബ്ദുറഹ്മാൻ’ എന്നു പേരുള്ള കാബൂളിവായ്ക്ക് ഒരു പതിവുണ്ട് .എല്ലാ കൊല്ലവും ജനുവരി മദ്ധ്യത്തിൽ അയാൾ ജന്മ നാടായ കബൂളിലേക്ക് പോകും.പോകാൻ സമയമടുത്താൽ അയാൾക്ക് തിരക്കാണ്‌.വീടായ വീടുകളിൽ എല്ലാം കയറിയിറങ്ങി കിട്ടാനുള്ള പണം പിരിയ്ക്കണം.
ഈ തിരക്കിനിടയിലും മിനിക്കുട്ടിയെ കാണാൻ അയാൾ സമയം കണ്ടെത്തിയിരുന്നു.
ഒന്നുകിൽ രാവിലെ അല്ലെങ്കിൽ വൈകുന്നേരം അയാൾ വീട്ടിൽ എത്തും. മിനിക്കുട്ടിക്ക് കൊടുക്കാനുള്ളത് കൊടുക്കും.ചിരികളി തമാശകളുമായി അവർ സമയം ചെലവഴിയ്ക്കും;അയാൾക്കത് ഒരു അനുഷ്ഠാനം പോലെ ആയിരിക്കുന്നു.
അക്കൊല്ലം റഹ്മാനു കാബൂളിൽ പോകേണ്ട സമയം അടുത്ത് വരികയായിരുന്നു.ഒരു ദിവസം കൂടി കടന്നു പോയി.തണുത്ത പ്രഭാതം.ജനാലയിലൂടെ ഉദയസൂര്യന്റെ നേർത്ത ചൂടൂള്ള ഇളം കിരണങ്ങൾ വായനാ നിരതനായിരുന്ന എന്റെ കാലുകളെ തഴുകുന്നുണ്ടായിരുന്നു.എട്ട് മണിയായിക്കാണും, നിരത്തിൽ ജനത്തിരക്കേറിക്കൊണ്ടിരുന്നു.പെട്ടെന്നൊരു ബഹളം കേട്ടു.ജനാലയിലൂടെ പുറത്ത് നോക്കിയ എനിക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.റഹ്മാനെ രണ്ട് പോലീസുകാർ ചേർന്ന് പിടിച്ച് കൊണ്ട് പോകുന്നുപിറകെ ഓലിയിട്ട് കൊണ്ട് ഒരു പറ്റം തെരുവു പിള്ളാരും.കബൂളിവാലയുടെ വസ്ത്രങ്ങളിൽ ചോര.ഒരു പോലീസുകാരന്റെ കയ്യിൽ ചോര പുരണ്ട കത്തിയും.
ഞാൻ സംഭവസ്ഥലത്ത് പാഞ്ഞെത്തി.പോലീസുകാരെ തടഞ്ഞുകൊണ്ട് കാരണമാരാഞ്ഞു.
അടുത്തൊരു വീട്ടുകാരൻ അയാൾക്കു കുറേ പണം കൊടുക്കാനുണ്ടായിരുന്നു.പക്ഷേ, അയാൾ സമ്മതിച്ചില്ല. കാബൂളിവാല വിട്ടുകൊടുത്തില്ല.തർക്കമായി വാക്കേറ്റമായി.അവസാനം കാബൂളിവാല കത്തിയൂരി കുത്തി അയാളെ നിലത്തിട്ടു. ഇതാണ്‌ സംഭവം.ഞാനെത്തുമ്പോഴും അയാൾ എതിരാളിയെ ചീത്ത വിളിച്ച് കൊണ്ടിരുന്നു.
അപ്പോഴേക്കും ”ഓ, കാബൂളിവാലാ..ഓ കാബൂളിവാല എന്ന് വിളിയുമായി മിനിക്കുട്ടിയും ഓടി വന്നു.അവളേ കണ്ടപ്പോഴേക്കും അയാളുടെ മുഖം ചുവന്നു തുടുത്തു.വികാരത്തിന്റെ വേലിയേറ്റം ആ മുഖത്തുണ്ടായി.അയാൾ ഒരു നിമിഷം മിനിക്കുട്ടിയെ തന്നെ നോക്കി നിന്നു.
“കാബൂളിവാല അമ്മായി അച്ഛന്റെ വീട്ടിലേക്ക് പോവുകയാണോ?”മിനിക്കുട്ടി അയാളുടെ നൊമ്പരം തുടിക്കുന്ന കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
അത്‌ കേട്ട് റഹ്മാൻ ഒന്നു ചിരിച്ചു.വേദന പുരണ്ട ചിരി.എന്നിട്ട് മെല്ലെ അവളോടായി പറഞ്ഞു.“അതിപ്പോൾ ശരിയായിത്തീർന്നിരിക്കുന്നു മോളേ..ഞാൻ അവിടെയ്ക്ക് തന്നെ പോകുന്നു.”
അത് കേട്ടിട്ട് മിനിക്കുട്ടി പതിവ്‌ പോലെ ചിരിച്ചില്ല.അത് കാബൂളിവാലയെ ഏറെ വേദനിപ്പിച്ചു.അവളുടെ മുഖത്തെ ഗൗരവഭാവം മാറ്റാനായി അയാൾ പറഞ്ഞു.“അമ്മായി അച്ഛനെ ഞാൻ ഇടിച്ച് ചമ്മന്തിയാക്കിയേനെ .പക്ഷേ ഇവർ എന്റെ കൈകൾ കെട്ടിക്കളഞ്ഞു.”അവൾ ചിരിച്ചോ എന്തോ!ഏറെ നേരം ആ കുരുന്ന്‌ മുഖത്തേക്ക് നോക്കി നില്ക്കാൻ അയാൾക്ക് കഴിഞ്ഞില്ല.നനവ്‌ പുരണ്ട മിഴികളെ അവളിൽ നിന്ന് അടർത്തിയെടുക്കുമ്പോളേക്കും പോലീസുകാർ അയാളെയും വലിച്ച് കൊണ്ട് നടന്ന് കഴിഞ്ഞു.തോളിൽ സഞ്ചിയില്ലാത്ത ,കൈയിൽ പഴം നിറച്ച കൂടകളില്ലാത്ത ബന്ധനനസ്ഥനായ കാബൂളിവാലയുടെ പോക്കും നോക്കും ,ഞാനും മിനിയും ഒട്ടു നേരം അവിടെ നോക്കി നിന്നു.മിനിക്കുട്ടിയുടെ മുഖം വാടിക്കരിഞ്ഞിരുന്നു.
റഹ്മാനെ വളരെ വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.അയാൾ ജയിലിൽ അടയ്ക്കപ്പെട്ടു.
നിമിഷങ്ങളുടെ ചിറകിൽ തൂങ്ങി ദിവസങ്ങളും, ദിവസങ്ങളെ ഉള്ളിലൊതുക്കി മാസങ്ങളും , മാസങ്ങളെ ചുമലിലേറ്റി വർഷങ്ങളും കഴിഞ്ഞു പോയി. കാലത്തിന്റെ കുത്തൊഴുക്കിൽ പലതും കട പുഴകി വീണു. പഴമകളുടെ സ്ഥാനത്ത് പുതുമകൾ വിരിഞ്ഞു നിന്നു.
മിനിക്കുട്ടി പോലും കാബൂളിവാലയെ മറന്നു.കാബൂളിവാല പിന്മാറിയ ശൂന്യതയിലേക്ക് പുതിയ കൂട്ടുകാർ കടന്നു വന്നു. റഹ്മാൻ വിസ്മൃതിയുടെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് തള്ളപ്പെട്ടുപോയി.
മിനിക്കുട്ടി വളർന്നു.അവളിപ്പോൾ മിക്കപ്പോഴും കൂട്ടുകാരികളുമൊത്തയിരിയ്ക്കും കഴിച്ചു കൂട്ടൂക.എന്റെ മുറിയിപ്പോലും അധികം വരാതായി.എനിക്ക് പോലും അവളോട് സംസാരിയ്ക്കാനുള്ള അവസരങ്ങൾ വളരെ ദുർലഭമായി.വളർച്ചയുടെ ഭാവ രൂപ വ്യത്യാസങ്ങൾ. പൂജാ അവധികാലത്ത് മിനിയുടെ കല്യാണം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ഏർപ്പാടുകളൊക്കെ പൂർത്തിയാക്കിക്കഴിഞ്ഞു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ അവൾ ഈ വീട് വിട്ട് ഭർതൃഗൃഹത്തിലേക്ക് പോകും. അത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.അവളില്ലാത്ത ആ വീട് ദു:ഖത്തിന്റെ നിഴലിൽ ഇരുണ്ട് പോകുന്നതായി തോന്നി.
അവസാനം ആ ദിവസവും സമാഗതമായി. അന്ന് രാത്രിയാണ്‌ മിനിയുടെ വിവാഹം. എന്റെ മനസ്സിൽ വേദനയുടെ കാർമേഘം മൂടിക്കെട്ടിയിരുന്നെങ്കിലും പ്രഭാതം തെളിച്ചമുള്ളതായിരുന്നു. തങ്കം ഉരുക്കിയൊഴിച്ചത് പോലെയുള്ള ഉദയ രശ്മികൾ.കല്ക്കട്ടയിലെ വൃത്തികെട്ട മതിലുകളെപ്പോലും ആ കനക രശ്മികൾ സ്വർണ്ണം പൂശി ചേതോഹരങ്ങളാക്കി.
വൃക്ഷത്തലപ്പുകൾക്ക് തങ്ക ക്കശവ്‌ ചാർത്തിയ ആ പ്രഭാതത്തിലും എന്റെ ഹൃദയം മൂടിക്കെട്ടിയിരുന്നു.മിനിയെ വേർപെടുന്നതിലുള്ള ദു:ഖം.ഇന്നു രാത്രി അവൾ അന്യന്റേതാകും.ആ ഓർമ്മ തന്നെ കണ്ണൂകളിൽ ജലബിന്ദുക്കൾ നിറച്ചു.
വീട്ടിലാകെ ബഹളം തന്നെ കല്യാണത്തിരക്ക്.എങ്ങും തിക്കും തിരക്കും. ഉച്ചത്തിലുള്ള സംസാരം.ഉറ്റവരും ഉടയവരുമെല്ലാം കല്യാണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്‌!
ഞാൻ മാത്രം എന്റെ മുറിയിൽ ഏകനായിരുന്നു.ദു:ഖചിന്തകളകറ്റാൻ വേണ്ടി ഞാൻ കണക്കുകൾ പരിശോധിക്കുകയായിരുന്നു.
ഒരാൾ മുന്നിലെത്തി താണു നമസ്കരിച്ചിട്ട് ഭവ്യതയോടെ ഒതുങ്ങി നിന്നു. മുഖമുയർത്തി നോക്കിയപ്പോൾ പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞില്ല.അത് റഹ്മാൻ എന്ന കാബൂളിവാല ആയിരുന്നു.അയാളുടെ കയ്യിൽ വലിയ സഞ്ചിയോ അയാലൂടെ നീളൻ മുടിയോ ഒന്നുമില്ലായിരുന്നു.ആളെ മനസ്സിലായപ്പോൾ ഞൻ ചോദിച്ചു.“റഹ്മാൻ, നിങ്ങൾ എപ്പോൾ വന്നു?” “കഴിഞ്ഞ രാത്രിയാണ്‌ ഞാൻ ജയിൽ മോചിതനായത് സർ” ആ മറുപടി എന്നിൽ ഒരു നീരസം ഉണ്ടാക്കി. കാരണം ഒരു അക്രമിയോട്‌ ജയില്പ്പുള്ളിയോട് സംസാരിക്കാൻ ഞാനൊരിയ്ക്കലും ഇഷ്ടപ്പെടിരുന്നില്ല.ഈ മംഗള ദിവസത്തിലുള്ള അയാളുടെ വരവ്‌ തികച്ചും അശുഭസൂചകമായി ഞാൻ കരുതി.
“അകത്ത് മംഗള കർമ്മങ്ങൾ നടക്കുകയാണ്‌ എനിക്ക് വല്ലാത്ത തിരക്കുമുണ്ട്. നിങ്ങൾ ഒത്തെങ്കിൽ ഇനി ഒരു ദിവസം വരിക”. അയാളേ എങ്ങെനെയെങ്കിലും പറഞ്ഞു വിടുക എന്നതായിരുന്നു എന്റെ ലക്ഷ്യം.അത് കേൾക്കാതത താമസം കാബൂളിവാല തിരിച്ച് നടന്നു.ഞാനതു നോക്കി താടിയ്ക്ക് കയ്യും കൊടുത്തിരുന്നു. പടിയ്ക്കൽ എത്തിയ അയാൾ പിടിച്ച് നിർത്തിയ പോലെ നിന്നു.എന്നിട്ട് തിരിഞ്ഞ് എന്നെ നോക്കി.അയാളുടെ മുഖത്ത് ഒരു വിളറിയ ചിരി. ആശങ്കകളോറ്റെയെങ്കിലും അയാൽ എന്നോടു ചോദിച്ചു.“മിനിക്കുട്ടിയെ ഒരു നോക്കു ഒന്നു കണ്ടു കൊള്ളട്ടെ സർ?”
ആത്മാർഥത നിറഞ്ഞ ആ ചോദ്യംകേട്ടപ്പോൽ അയാളുടെ മനോവ്യാപാരത്തെക്കുറിച്ചായി എന്റെ ചിന്ത.മിനിക്കുട്ടി ഇപ്പോഴും പഴയ മിനിക്കുട്ടി തന്നെ ആണെന്നായിരിക്കും അയാളുടെ ഓർമ്മ...“ ഓ...കാബൂളിവാല” എന്ന് വിളിച്ച് എന്നു വിളിച്ച് കൂവി അവൾ ഓടിയെത്തുമെന്നും പതിവ് പോലെ കഥകൾ പറഞ്ഞ് പൊട്ടിച്ചിരിയ്ക്കുമെന്നും അയാൾ കരുതിയിരിക്കണം.
ഏതായലും പഴയ ഓർമ്മകളുടെ അടിസ്ഥാനത്തിൽ ഇല്ലാത്ത കാശുണ്ടാക്കി അല്പം അണ്ടിപ്പരിപ്പും മുന്തിരിയുമൊക്കെപൊതിഞ്ഞു കൊണ്ട് വന്നിട്ടുണ്ട്.ഞാൻ വീണ്ടും അയാളോടായി പറഞ്ഞു. “ഇന്ന് നിങ്ങൾക്ക് ആരെയും കാണാൻ സാധിക്കില്ല”.തിരിഞ്ഞു നടന്ന് എന്റെ അരികിലെത്തിയ റഹ്മാൻ ആ പൊതിക്കെട്ട് എന്റെ നേർക്ക് നീട്ടി.
“സർ, ഞാൻ മിനിക്കുട്ടിക്ക് ഒരു എളിയ സമ്മാനം കൊണ്ട് വന്നിട്ടുണ്ട്.ഇത് മോൾക്കൊന്ന് കൊടുക്കണേ..”
അയാളുടെ യാചനാസ്വരം എന്റെ മനസ്സിന്റെ കോണുകളിൽ പോറലുകൾ സൃഷ്ടിച്ചു. ആ പൊതിക്കെട്ടു വാങ്ങിച്ച് കൊണ്ട് സ്നേഹസമ്പന്നനായ ആ പാവത്തിന്‌ പണം കൊടുക്കാനയി ഞാൻ എന്റെ പോക്കറ്റിൽ കൈയിട്ടു.എന്റെ കൈയിൽ കടന്നു പിടിച്ചിട്ട് അയാൾ പറഞ്ഞു.“ വേണ്ട സർ, എനിക്ക് പണം തരല്ലേ..ഇത് കച്ചവടം അല്ല സർ..എന്റെ മനശ്ശാന്തിക്ക് വേണ്ടിയുള്ള ഒരു സമ്മാനം മാത്രമാണ്‌.”
ഗദ്ഗദം പൂണ്ട ആ വാക്കുകൾ കണ്ണീരിൽ ഈറൻ അണിഞ്ഞിരുന്നു. ഒരു നിമിഷം നിശ്ചലനായി നിന്നിട്ട് അയാൾ തുടർന്നു.:“മിനിക്കുട്ടിയെപ്പോലെ ഒരു കൊച്ചു മകൾ എനിയ്ക്കുമുണ്ട് സർ.മിനിക്കുട്ടി എന്നിൽ എന്റെ മകളെക്കുറിച്ചുള്ള ഓർമ്മകളുണർത്തുന്നു.എന്റെ മകൾക്ക് കൊടുക്കുന്നത് പോലെയാണ്‌ സർ ഞാൻ ഈ സമ്മാനം മിനിക്കുട്ടിക്ക് നല്കുന്നത്.
വിറയാർന്ന ശബ്ദം; നനവാർന്ന കണ്ണുകൾ.എന്നിൽ ആത്മ വേദന ഇരച്ച് കയറി.മിനിയോട് അയാൾ ഇഴുകിച്ചേർന്നതിന്റെ രഹസ്യം എനിക്ക് അപ്പോഴെ മനസ്സിലായുള്ളൂ..
സംസാരം നിർത്തിയിട്ട് അയാൾ അയഞ്ഞ കുപ്പായതിന്റെ നീണ്ട കീശയിൽ കൈയിട്ട് മുഷിഞ്ഞ ഒരു കടലാസു തുണ്ട് പുറത്തെടുത്തു.ശ്രദ്ധയോടെ അതു നിവർത്തി എന്റെ മേശപ്പുറത്ത് വെച്ചു.
ഞാൻ അതിലേക്ക് സൂക്ഷിച്ച് നോക്കി.അതിൽ ഒരു കുഞ്ഞു കൈപ്പത്തി പതിഞ്ഞിരിക്കുന്നു.കൈപ്പത്തിയുടെ ഫോട്ടോ അല്ല.കൈപ്പത്തി വരച്ചതുമല്ല. വെറും മഷിയിൽ കൈ മുക്കി ആ കടലാസ്സു തുണ്ടിൽ പതിച്ചിരിക്കുന്നു.
വർഷങ്ങളായി അയാൾ അത് നെഞ്ചോട് ചേർന്നുള്ള പോക്കറ്റിൽ സൂക്ഷിച്ച് കൊണ്ട് നടക്കുന്നു.വർഷം തോറും കാബൂളിൽ നിന്ന് സാധനങ്ങൾ വിറ്റഴിയ്ക്കാൻ കല്ക്കട്ട തെരുവിലെത്തുന്ന അയാൾ ആ കൈപ്പത്തിയുടെ പതിപ്പും കൂടെ കൊണ്ട് വരുന്നു.
പകലത്തെ പണിയെല്ലാം കഴിയുമ്പോൾ എവിടെയെങ്കിലും ചടഞ്ഞു കൂടുന്ന അയാൾ സ്വന്തം നെഞ്ചിന്റെ ചൂടു നല്കി സൂക്ഷിച്ചിരുന്ന ആ കടലാസു കഷണം പുറത്തെടുക്കുന്നു.അതിലെ കുരുന്ന് കൈപ്പത്തിയിലേക്ക് നോക്കിക്കിടക്കുമ്പോൾ മൈലുകൾക്കപ്പുറം അച്ഛന്റെ തിരിചു വരവിനെ കാത്തിരിക്കുന്ന പൊന്നോമനപ്പുത്രിയെ അയാൾ കാണുന്നു.
ആ കൈപ്പത്തിയിലൂടെ സ്വപുത്രിയെക്കണ്ട് സായൂജ്യമടയുന്ന ആ തെരുവു കച്ചവടകാരനെ നോക്കിയിരുന്നപ്പോൾ എന്റെ മിഴികൾ നിറഞ്ഞു പോയി.എന്റെ മുൻപിൽ അപ്പോൽ തെരുവ് കച്ചവടക്കരനെയല്ല, വാൽസല്യ നിധിയായ ഒരു പിതാവിനെയാണ്‌ ഞാൻ കണ്ടത്.
ഹിമാലയ സാനുക്കളിൽ പിതൃ സ്നേഹത്തിനും പരിലാളനയ്ക്കും വേണ്ടി കാത്തു കാത്തിരിക്കുന്ന പെൺകുട്ടിയുടെ അവ്യക്ത ചിത്രം മിഴി നീരിന്റെ മൂടലിൽ തെളിഞ്ഞു.ആ ചിത്രത്തിലൂടെ ഞാൻ എന്റെ മിനിക്കുട്ടിയുടെ മുഖം കാണുകയായിരുന്നു.
കാബൂളിവാലയിൽ നിന്നുതിർന്ന ചൂടുള്ള നെടുവീർപ്പിന്റെ ദു;ഖ രാഗമാണ്‌ എന്നെ ചിന്തയിൽ നിന്നുണർത്തിയത്.ദാഹിക്കുന്ന മിഴികളുമായി നില്ക്കുന്ന ആ മനുഷ്യനെ ഒരിക്കൽ കൂടി നോക്കിയിട്ട് ഞാൻ മിനിയെ വിളിച്ചു. അവളെ ആ സമയം ചമയ മുറിക്ക് പുറത്തിറക്കുന്നതിൽ വലിയ എതിർപ്പുയർന്നു;എന്തോ ഞാനതൊന്നും കൂട്ടാക്കിയില്ല.
അവസാനം മിനിക്കുട്ടി വന്നു.ചുവനൻ സില്കിൽ നെയ്തെടുത്ത വിലയേറിയ കല്യാണ സാരിയിൽ സമലംകൃതയായ കൊച്ചു സുന്ദരി! അവൾ എന്റെ അരികിൽ വന്ന് നിശ്ശബ്ദയായി നിന്നു.
കണ്ണിമയ്കാതെ മിനിയെ നോക്കി നിന്ന കാബൂളിവായുടേ മുഖത്ത് അദ്ഭുതങ്ങൾ വിരിയുന്നതും കൊഴിയുന്നതും കാണാമായിരുന്നു.
അവളും ആ പഴയ മനുഷ്യനെ ഉറ്റു നോക്കുകയായിരുന്നു.അയാളുടെ ചുണ്ടിൽ വിരിഞ്ഞ കരയിപ്പിക്കുന്ന ചിരി അവളെ വർഷങ്ങൾക്കപ്പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.അയാളൊട് അണ്ടിപ്പരിപ്പും പഴം നുറുക്കും വാങ്ങിത്തിന്നു കൊണ്ട് ,തമാശ പറഞ്ഞു ചിരിക്കുന്ന കുസൃതിക്കുടുക്കയായ മിനി ഇന്നെവിടെ?
മണിയറയിലേക്ക് കാലുകുത്താൻ അണിഞ്ഞൊരുങ്ങി നില്ക്കുന്ന ലജ്ജാവിവശയായ മിനി എവിടെ?

പഴയ ഓജസ്സും പ്രസരിപ്പും നഷ്ടപ്പെട്ട ആ പഴയ മനുഷയന്റെ മുമ്പിൽ അപോൾ രണ്ട് ചിത്രങ്ങളായിരുന്നു.വർഷങ്ങൾക്കു മുൻപ് തന്റെ മുമ്പിൽ കൂസലില്ലതെ വന്നിരുന്നു വാതോറാതെ സംസാരിക്കുന്ന കുട്ടിയുടുപ്പുകാരി മിനിക്കുട്ടിയുടെയും തന്നെയും നോക്കി ഹിമാലയസാനുവിലെ ഒരു കുടിലിൽ തപസ്സിരിക്കുന്ന തന്റെ ഓമനപ്പുത്രിയുടെയും ചിത്രങ്ങൾ.!
അയാൾ അവളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.:“മിനിക്കുട്ടി, അമ്മായി അച്ഛന്റെ വീട്ടീൽ പോവുകയാണ്‌ അല്ലേ?”
പണ്ട് ആ ചോദ്യം കേട്ടു പൊരുളറിയാതെ പൊട്ടിച്ചിരിച്ചിരിച്ചിരുന്ന മിനിക്കുട്ടിക്ക് ഇന്നതിന്റെ അർഥം മുഴുവനും മനസ്സിലായിരിക്കുന്നു.!
പക്ഷേ പഴയത് പോലെ മറുപടി പറയാൻ അവൾക്കാവുന്നില്ല.ഒരു നിമിഷം കുനിഞ്ഞ മുഖവുമായി നിന്നിട്ട് മെല്ലെ അവൾ അകത്തേക്ക് കയറിപ്പോയി.അപ്പോൾ കല്യാണത്തിനുള്ള വെള്ളത്തൂവാല കൊണ്ട് കണ്ണുകളൊപ്പുന്നത് ആരും കണ്ടില്ല.
അടി വെച്ചടിവെച്ചടിവെച്ച് നടന്നു നീങ്ങുന്ന അവളെയും നോക്കി നിന്ന്ന കാബൂളിവാലയുടെ നനഞ്ഞ കണ്ണുകൾക്ക് മുൻപിൽ വളർച്ചയെത്തിയ സ്വന്തം മകലുടെ ചിത്രം തെളിഞ്ഞു.
അപ്പുറത്ത് മംഗല്യമേളം ഉയരാൻ തുടങ്ങി. റഹ്മാൻ എന്നകാബൂളിവാല അപ്പോഴും അങ്ങകലെ മലയടിവാരത്തിൽ തന്റെ യൌവനയുക്തയായ പുത്രിയെത്തേടി അലയുകയായിരുന്നു.;ഒരു പക്ഷേ മറ്റൊരു കല്യാണമേളം അയാളുടെ മനോമുകുരത്തിൽ തെളിഞ്ഞിരിയ്ക്കാം.സ്വന്തം പുത്രി കല്യാണച്ചെറുക്കനോട്‌ ചേർന്നിരിയ്ക്കുന്ന രംഗവും അയാൾ മനസ്സിൽ കണ്ടിരിക്കാം. പരിസരം മറന്നുള്ള അ നില്പ് എന്നിലെ പിതാവിനെ വിളിച്ചുണർത്തി.എന്റെ ഹൃദയം പിടഞ്ഞു.
ഞന​‍ൂരു നൂറു രൂപാ നോട്ടെടുത്തു.
“ഹേ,കാബൂളിവാല” മെല്ലെ അയാളെ കുലുക്കി വിളിച്ചു.സ്വപ്ന ലോകത്തിൽ നിന്ന് ഞെട്ടി ഉണർന്ന അയാൾക്ക് ആ പണം നല്കിക്കൊണ്ട് ഞാൻ പറഞ്ഞു.:
നിങ്ങൾ നിങ്ങളുടെ രാജ്യത്തേക്ക് പോവുക.അവിടെ നിങ്ങളെ കാത്തിരിക്കുന്ന നിങ്ങളുടെ മകളെ ആശ്വസിപ്പിക്കുക.സ്വന്തം പിതാവിനെ കാണുമ്പ്പോൾ അവൾക്കുണ്ടാകുന്ന ആനന്ദം മിനിക്കുട്ടിക്ക് നന്മ വരുത്തും.“
”വിറയാർന്ന കൈകളിൽ ആ നോട്ടും വാങ്ങി ആടിയാടി നടന്നു പോകുന്ന ആ പിതാവിനെ നോക്കി നിന്നപ്പോൾ എന്റെ കണ്ണുകൾ ഒരിക്കല്കൂടെ നിറഞ്ഞു പോയി.
മിനിയുടെ കല്യാണച്ചിലവ് കുറെയൊക്കെ ഞാൻ വെട്ടിക്കുറച്ചു.ദീപാലംങ്കരവും സംഗീതവും ഒന്നും വേണ്ടെന്ന് വെച്ചു.പെണ്ണുങ്ങൾക്കതിൽ വലിയ പരാതിയുണ്ടായിരുന്നു.
പക്ഷേ ലളിതമായ ആ ചടങ്ങുകൾ എന്നെ സംബന്ധിച്ചിടത്തോളം നിർവൃതിദായകമായിരുന്നു.അങ്ങകലെ മലയടിവാരത്തിൽ ദീർഘനാളുകളായി വേർപെട്ടിരുന്ന ഒരു അച്ഛനും മകളും വീണ്ടും ഒന്നിക്കും;മകളെ ആലിംഗനം ചെയ്ത് ആ പിതാവു വാൽസല്യപൂർവം നിറുകയിൽ തുരുതുരെ ചുംബിക്കും
ഹൃദയാവർജകമായ ആ രംഗം എന്റെ മുമ്പിൽ തെളിഞ്ഞപ്പോൾ മിനിക്കുട്ടിയുടെ ലളിതമായ കല്യാണച്ചടങ്ങും സദ്യയും കൂടുതൽ കൂടുതൽ ഹൃദ്യമായി തോന്നുകയും ചെയ്തു.